അഹമ്മദാബാദ്: ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ ഹാക്ക് ചെയ്യാൻ ശ്രമം നടക്കുന്നുവെന്ന ഗുരുതര ആരോപണങ്ങൾ ഉയർന്ന സാഹചര്യത്തിൽ സൂറത്തിൽ വൈഫൈ സേവനങ്ങൾ നിരോധിച്ചു. നാളെ ഗുജറാത്ത് നിയമസഭയിലേക്ക് വോട്ടെണ്ണൽ നടക്കാനിരിക്കെയാണ് വോട്ടിംഗ് മെഷീനുകളുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ വൈഫൈ സേവനങ്ങൾ നിരോധിച്ചിരിക്കുന്നത്.

കാംറെജ് അസംബ്ലി മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥിയാണ് പരാതിയുമായി തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചത്. ഇതിന്റെയടിസ്ഥാനത്തിലാണ് നടപടി. “വോട്ടിംഗ് മെഷീനുകൾ സൂക്ഷിച്ച സ്ട്രോഗ് റൂമിന് സമീപത്ത് വൈഫൈ സേവനങ്ങൾ ലഭ്യമാണെന്ന് ഞങ്ങൾ കണ്ടെത്തി. ഇതിന്റെയടിസ്ഥാനത്തിൽ വൈഫൈ നിരോധിക്കാൻ ആവശ്യപ്പെട്ടു”, സ്ഥാനാർത്ഥി ജാരിവാല പറഞ്ഞു.

പരാതിക്ക് പിന്നാലെ സൂറത്ത് കളക്ടർ മഹേന്ദ്ര പട്ടേലാണ് വൈഫൈ വിലക്കി ഉത്തരവിട്ടത്. ആറ് മണ്ഡലങ്ങളിൽ നിന്നുള്ള വോട്ടിംഗ് മെഷീനുകളാണ് ഇവിടെ സൂക്ഷിച്ചിരിക്കുന്നത്. ഇന്ന് പട്ടിദാർ സമുദായ നേതാവ് ഹർദ്ദിക് പട്ടേലും വോട്ടിംഗ് മെഷീനെതിരെ ആരോപണവുമായി രംഗത്ത് വന്നിരുന്നു. 4000 വോട്ടിംഗ് മെഷീനുകൾ ബിജെപി വാടകയ്ക്ക് എടുത്ത 140 ഓളം വരുന്ന സോഫ്റ്റുവെയർ എഞ്ചിനീയർമാർ ഹാക്ക് ചെയ്തെന്നായിരുന്നു ഇദ്ദേഹത്തിന്റെ ആരോപണം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook