ന്യൂഡൽഹി: എക്കാലത്തേയും ഉയര്‍ന്ന വിലയിലേയ്ക്ക് പെട്രോള്‍ ഡീസല്‍ വില കുതിക്കുകയും പ്രതിപക്ഷം രാജ്യത്തുടനീളം പ്രതിഷേധം ഉയർത്തുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഇന്ധനവില നികുതി കുറയ്ക്കുന്നതിനുള്ള ഏതെങ്കിലും അടിയന്തര നടപടികള്‍ക്ക് പകരമായി അതാത് സംസ്ഥാനങ്ങളോട് നടപടികള്‍ സ്വീകരിക്കാനാണ് കേന്ദ്രം ആവശ്യപ്പെട്ടിരിക്കുന്നത്. ആന്ധ്രാ പ്രദേശ് വാറ്റില്‍ ലിറ്ററിന് രണ്ടു രൂപ കുറച്ചപ്പോള്‍ രാജസ്ഥാന്‍ നാല് ശതമാനം കുറവാണ് പ്രഖ്യാപിച്ചത്.

എന്തുകൊണ്ട് ഇന്ധന നികുതി കുറയ്ക്കില്ല?

കേന്ദ്രസര്‍ക്കാരിന്റേയും സംസ്ഥാന സര്‍ക്കാരിന്റേയും പ്രധാന വരുമാന മാര്‍ഗങ്ങളാണ് പെട്രോള്‍, ഡീസല്‍ നികുതി. അതിനാല്‍ ഇതു കുറയ്ക്കുക എന്നത് ഇരു സര്‍ക്കാരുകളെ സംബന്ധിച്ചും പ്രയാസകരമാണ്.

2017-18 കാലയളവില്‍ 2.29 ലക്ഷം കോടി രൂപയാണ് പെട്രോളിയം ഉല്‍പ്പന്നങ്ങളില്‍ നിന്നും കേന്ദ്രസര്‍ക്കാരിന് ലഭിച്ച എക്സൈസ് തീരുവ. 2016-17 കാലയളവില്‍ 2.42 ലക്ഷം കോടി രൂപയായിരുന്നു ഇത്. നിലവില്‍ 19.48 രൂപയാണ് ഒരു ലിറ്റര്‍ പെട്രോളിനു മേല്‍ സര്‍ക്കാര്‍ ചുമത്തിയിരിക്കുന്ന എക്സൈസ് നികുതി. ഡീസല്‍ ലിറ്ററിന് 15.33 രൂപയാണിത്. 2014 നവംബര്‍ മുതല്‍ 2016 ജനുവരി വരെയുള്ള കാലയളവില്‍ ഒമ്പതു തവണയാണ് കേന്ദ്രം എക്സൈസ്  നികുതി വര്‍ദ്ധിപ്പിച്ചത്. കഴിഞ്ഞ ഒക്ടോബറില്‍ മാത്രമാണ് രണ്ടു രൂപ കുറച്ചത്.

വിൽപ്പന നികുതി അല്ലെങ്കില്‍ വാറ്റ് എന്നിവയുടെ നിരക്ക് ഓരോ സംസ്ഥാനങ്ങളിലും വ്യത്യസ്തമാണ്. ആദായ നികുതിയില്‍ നിന്നും വ്യത്യസ്തമായി വാറ്റ് സംസ്ഥാനങ്ങളുടെ നികുതിയെ വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു.

2017-18 കാലയളവില്‍ പെട്രോളിയം ഉല്‍പന്നങ്ങളുടെ വിൽപ്പന നികുതി അല്ലെങ്കില്‍ വാറ്റിലൂടെ 1.84 ലക്ഷം കോടി രൂപയാണ് സംസ്ഥാനങ്ങളുടെ വരുമാനം. 2016-17 കാലയളവില്‍ ഇത് 1.66 ലക്ഷം കൂടി രൂപയായിരുന്നു. 2017-18 കാലയളവില്‍ ഇതുവഴി ഏറ്റവുമധികം വരുമാനം നേടിയ സംസ്ഥാനം മഹാരാഷ്ട്രയായിരുന്നു. 25,611 കോടിരൂപയായിരുന്നു മഹാരാഷ്ട്രയുടെ വരുമാനം. ഉത്തര്‍പ്രദേശ് (1,420 കോടി), തമിഴ്‌നാട് (15,507 കോടി), ഗുജറാത്ത് (14,852 കോടി), കര്‍ണാടക (13,307 കോടി) എന്നിങ്ങനെയാണ് നേടിയത്.

പെട്രോള്‍, ഡീസല്‍ നികുതി നിരക്ക് കൂട്ടുന്ന സംസ്ഥാനങ്ങളിലെല്ലാം തന്നെ ധനക്കമ്മിയും കൂടുതലാണ്. അസം ഉദാഹരണമായെടുത്താല്‍ അവിടുത്തെ ധനക്കമ്മി 12.7 ശതമാനമാണ്. പെട്രോള്‍ നികുതി ലിറ്ററിന് 32.66 ശതമാനം (14 രൂപ).

രാജസ്ഥാനില്‍ 2017-18 കാലയളവില്‍ 3.5 ശതമാനമായിരുന്നു ധനക്കമ്മി. എന്നാല്‍ 2018-19 കാലയളവില്‍ ഇത് മൂന്ന്  ശതമാനമാക്കാനായിരുന്നു സംസ്ഥാനത്തിന്റെ പദ്ധതി. ഞായറാഴ്ച പ്രഖ്യാപിച്ച വാറ്റ് പെട്രോള്‍ ഡീസല്‍ വിലയില്‍ ലിറ്ററിന് 2.50 രൂപയുടെ കുറവുണ്ടാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ ഇത് സംസ്ഥാനത്തിന്റെ ആസ്തിയെ ബാധിക്കുകയും വരുമാനം ഏകദേശം 2,000 കോടിയാകുകയും ചെയ്യും.

നികുതി കൂടാതെ കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും പെട്രോളിയം മേഖലയിൽ നിന്നും മറ്റു വരുമാനങ്ങളുമുണ്ട്. വിവിധ നികുതികളില്‍ നിന്നും 2017-18 കാലയളവില്‍ ക്രൂഡ്, പെട്രോളിയം ഉൽപ്പന്നങ്ങളിൽ  നിന്നും കേന്ദ്രസര്‍ക്കാരിന്റെ ആകെ വരുമാനം 3.43 ലക്ഷം കോടി രൂപയാണ്. 2016-17 കാലയളവില്‍ ഇത് 3.34 ലക്ഷം കോടി രൂപയായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook