മുംബൈ: അന്തരിച്ച നടി ശ്രീദേവിക്ക് മരണാനന്തരം രാജ്യം നല്‍കിയ ആദരത്തെ ചോദ്യം ചെയ്ത് മഹാരാഷ്ട്ര നവനിര്‍മാണ്‍ സേനാ തലവന്‍ രാജ് താക്കറെ. മുംബൈയില്‍ നടന്ന റാലിയ്ക്കു ശേഷം ശിവാജി പാര്‍ക്കില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴായിരുന്നു രാജ് താക്കറെയുടെ വിമര്‍ശനം.

”ശ്രീദേവി വലിയ നടി ആയിരുന്നു. എന്നാല്‍ മരണാനന്തരം മൃതശരീരം ത്രിവര്‍ണ പതാകയില്‍ പൊതിയാന്‍ മാത്രം എന്തു സേവനമാണ് അവര്‍ രാജ്യത്തിനു നല്‍കിയിട്ടുള്ളത്? മാധ്യമങ്ങള്‍ അത് വലിയ കാര്യത്തില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടാകും. എന്നാല്‍ നീരവ് മോദി വിഷയത്തില്‍ നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിച്ചുവിടുക എന്നതായിരുന്നു ഇതിലൂടെ സര്‍ക്കാര്‍ ലക്ഷ്യം വച്ചത്,” മാധ്യമങ്ങള്‍ ബിജെപി സര്‍ക്കാരിന്റെ സമ്മര്‍ദ്ദത്തിനു കീഴെ ആയിരുന്നുവെന്നും താക്കറെ വിമര്‍ശിച്ചു.

നീരവ് മോദി വിഷയം രാജ്യം ചര്‍ച്ച ചെയ്യുന്നതിനിടെയായിരുന്നു ശ്രീദേവിയുടെ അപ്രതീക്ഷിത മരണം. ശ്രീദേവിയുടെ ഭൗതിക ശരീരം ത്രിവര്‍ണ പതാകയില്‍ പൊതിഞ്ഞ് വിലാപയാത്രയും നടത്തി. പദ്മശ്രീ കിട്ടിയ നടി ആയതുകൊണ്ടാണ് അവരെ ഇത്തരത്തില്‍ ആദരിച്ചതെന്ന് നിങ്ങള്‍ക്ക് ന്യായീകരിക്കാം. പക്ഷേ അത് മഹാരാഷ്ട്ര സര്‍ക്കാരിന്റെ ഭാഗത്തുനിന്നു സംഭവിച്ച വീഴ്ചയായിരുന്നുവെന്നും താക്കറെ കൂട്ടിച്ചേര്‍ത്തു.

ഫെബ്രുവരി 24 ന് ദുബായില്‍വച്ചാണ് ശ്രീദേവി മരിച്ചത്. കുടുംബ സുഹൃത്തിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയതായിരുന്നു ശ്രീദേവി. ബാത്ത് ടബ്ബിലെ വെള്ളത്തില്‍ മുങ്ങിയിട്ടായിരുന്നു മരണമെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook