മുംബൈ :ഫിബ്രവരി 21 മുതല്‍ ക്ലാസുകള്‍ ബഹിഷ്കരിച്ചുകൊണ്ട് സമരം ചെയ്യുകയാണ് ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സസിലെ(ടിസ്സ്) വിദ്യാര്‍ഥികള്‍. ഈ സമരവുമായ് രാജ്യത്തിന്‍റെ അങ്ങോളം ഇങ്ങോളമുള്ള വിദ്യാര്‍ഥികളും സാമൂഹ്യ രാഷ്ട്രീയ സംഘടനകളും ഐക്യപ്പെട്ടിട്ടുണ്ട്. ടിസ്സിലേക്കുള്ള പ്രധാനകവാടം തടഞ്ഞുകൊണ്ടുള്ള വിദ്യാര്‍ഥി പ്രതിഷേധത്തിനെതിരെ കടുത്ത നടപടി സ്വീകരിക്കും എന്നാണ് ടിസ്സ് മാനേജ്മെന്റ് തിങ്കളാഴ്ച അറിയിച്ചത്. ഇതിന് തൊട്ടുപിന്നാലെ ടിസ്സിലെ വിദ്യാര്‍ഥി സമരത്തിനോട് ഐക്യദാര്‍ഢ്യം അറിയിച്ചുകൊണ്ട് ജെഎന്‍യുവിലെയും ഡല്‍ഹി സര്‍വ്വകലാശാലയിലെയും വിദ്യാര്‍ത്ഥികള്‍ കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിന് മുന്നില്‍ പ്രകടനം നടത്തുകയുണ്ടായി.

എന്താണ് ടിസ്സില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത് ?

കേന്ദ്രസര്‍ക്കാരിന്‍റെ പോസ്റ്റ്‌ മെട്രിക് സ്കോളര്‍ഷിപ്പിന് അര്‍ഹരായ പട്ടിക ജാതി, പട്ടിക വര്‍ഗം, മറ്റ് പിന്നോക്ക വിഭാഗം എന്നിവയില്‍ പെട്ട വിദ്യാര്‍ഥികള്‍ക്ക് നല്‍കിയിരുന്ന ഫീസിളവ് ടിസ്സ് എടുത്തുകളഞ്ഞതാണ് പ്രതിഷേധത്തിലെക്ക് വഴിവെച്ചത്. ക്ലാസുകളും ഫീല്‍ഡ് വര്‍ക്കും പ്രോജക്റ്റുകളും ബഹിഷ്കരിച്ച വിദ്യാര്‍ഥികള്‍ കഴിഞ്ഞ ബുധനാഴ്ച മുതല്‍ ക്യാമ്പസ് ബന്ദ്‌ ആഹ്വാനം ചെയ്തിരിക്കുകയാണ്. ടിസ്സ് മാനേജ്മെന്റിന്‍റെ തീരുമാനങ്ങള്‍ പുനപരിശോധിക്കണമെന്നാണ് അവരുടെ ആവശ്യം.

വിദ്യാഭ്യാസത്തിന്‍റെ സ്വകാര്യവത്കരണം ആണ് നടക്കുന്നത് എന്ന് ആരോപിച്ചുകൊണ്ട് പ്രതിഷേധത്തിലാണ് മുംബൈ, തുള്‍ജാപൂര്‍, ഗുവഹാത്തി, ഹൈദരാബാദ് എന്നീ ക്യാമ്പസുകളിലെ വിദ്യാര്‍ഥികള്‍.

ഫിബ്രവരി 21 മുതല്‍ ഡിയോനറിലുള്ള മുംബൈ ക്യാമ്പസിലെ പ്രധാന പ്രവേശന കവാടം വിദ്യാര്‍ഥികള്‍ തടസ്സപ്പെടുത്തിയിരിക്കുകയാണ്. ക്യാമ്പസിന് പുറത്തുനിന്നുള്ളവര്‍ക്ക് പ്രവേശിക്കാനായി ഒരു പിന്‍ ഗേറ്റ് തുറന്ന് കൊടുത്തിട്ടുണ്ട്. വിദ്യാര്‍ഥികളുമായി ടിസ്സ് മാനേജ്മെന്റുമായ് രണ്ടുവട്ടം ചര്‍ച്ച നടത്തിയെങ്കിലും ഇതുവരേക്കും സമരം ഒത്തുതീര്‍പ്പില്‍ എത്തിയില്ല. പ്രതിഷേധിക്കുന്ന വിദ്യാര്‍ഥികള്‍ പാട്ടും മുദ്രാവാക്യവുമൊക്കെയായ് ദിവസേന പ്രധാന കവാടത്തില്‍ ഒത്തുകൂടുന്നുണ്ട്. അമ്പത് മുതല്‍ എഴുപത് വരെ വിദ്യാര്‍ഥികളാണ് എല്ലാ രാത്രിയും ഗേറ്റിനരികില്‍ ഉറങ്ങുന്നത്. ഇതില്‍ മിക്കവരും മെസ്സും ബഹിഷ്കരിക്കുന്നു. ഗേറ്റിനടുത്ത് വച്ച് തന്നെ ബ്രെഡും കറിയും തിന്നുകൊണ്ടാണ്‌ അവര്‍ കഴിഞ്ഞുപോകുന്നത്.

പ്രധാന കവാടത്തില്‍ നിന്നും ഒഴിഞ്ഞില്ല എങ്കില്‍ കടുത്ത നടപടി എടുക്കും എന്നാണ് തിങ്കളാഴ്ച വിദ്യാര്‍ത്ഥികളെ ടിസ്സ് മാനേജ്മെന്‍റ് അറിയിച്ചത്. നടപടിയറിയിച്ചുള്ള നോടീസ് കത്തിച്ചുകൊണ്ടാണ് വിദ്യാര്‍ഥികള്‍ പ്രതികരിച്ചത്. അതേസമയം അദ്ധ്യാപകരും വിദ്യാര്‍ത്ഥി പ്രതിഷേധത്തിനോട് ഐക്യപ്പെട്ടുകൊണ്ട് മുന്നോട്ടുവരികയുണ്ടായി.

എന്തിനാണ് വിദ്യാര്‍ഥികള്‍ പ്രതിഷേധിക്കുന്നത് ?

ഈ അദ്ധ്യാനവര്‍ഷത്തിന്‍റെ തുടക്കത്തിലാണ്‌ സര്‍ക്കാരിന്‍റെ പോസ്റ്റ്‌ മെട്രിക് സ്കോളര്‍ഷിപ്പിന് അര്‍ഹരായിട്ടുള്ള വിദ്യാര്‍ഥികള്‍ക്ക് നല്‍കിപോരുന്ന സാമ്പത്തിക സഹായം പിന്‍വലിക്കും എന്നറിയിച്ചുകൊണ്ട് ടിസ്സ് മാനെജ്മെന്റ് സര്‍ക്കുലര്‍ ഇറക്കുന്നത്. ആ തീരുമാനത്തിന്‍റെ ഭാഗമായ് ആനുകൂല്യങ്ങള്‍ അര്‍ഹിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് തുടക്കത്തിലേ മെസ്സ് ഫീസും ഹോസ്റ്റല്‍ ഫീസും നല്‍കേണ്ടിവരും. സ്കോളര്‍ഷിപ്പ്‌ ലഭ്യമാകുന്നതിനായ് വിദ്യാര്‍ത്ഥികള്‍ കേന്ദ്ര സര്‍ക്കാരിന് അപേക്ഷ നല്‍കണം. തുടര്‍ന്ന്‍ പണം അവരവരുടെ അക്കൗണ്ടില്‍ വീഴും. നിലവിലുള്ള വിദ്യാര്‍ഥികള്‍ക്കും ഇത് ബാധകമാണ്.

2016-18, 2017-19 ബാച്ചുകളെ ഇതില്‍ നിന്നും ഒഴിവാക്കണം എന്നാണു വിദ്യാര്‍ഥി യൂണിയന്‍ ആവശ്യപ്പെട്ടത്. ” പ്രവേശനത്തിന്‍റെ സമയത്ത് പ്രോസ്പെക്ടസില്‍ പറഞ്ഞ പ്രകാരം സാമ്പത്തിക സഹായം ലഭ്യമാക്കണം. കോഴ്സിന്റെ പകുതിക്ക് വച്ച് വിദ്യാര്‍ഥികളോട് ഫീസ്‌ ആവശ്യപ്പെടുന്നത് നീതികേടാണ്‌. ” ടിസ്സ് വിദ്യാര്‍ഥി യൂണിയന്‍ ജനറല്‍സെക്രട്ടറി ഫഹദ് അഹമദ് പറഞ്ഞു.

എങ്ങനെയാണ് ഈ തീരുമാനം വിദ്യാര്‍ഥികളെ ബാധിക്കുക?
പട്ടിക ജാതി-പട്ടിക വര്‍ഗത്തില്‍ പെടുന്ന വിദ്യാര്‍ഥികളെയാണ് ഈ തീരുമാനം പ്രതികൂലമായി ബാധിക്കുന്നത്. സര്‍ക്കാര്‍ നല്‍കുന്നത് വരെ മറ്റ് മാര്‍ഗങ്ങളില്‍ ഫീസിനായുള്ള പണം സ്വരൂപിക്കാന്‍ സാധിക്കാത്തവരാണ് മിക്കവരും.

2016-18 ബാച്ചിലെ പട്ടിക ജാതി പട്ടിക വര്‍ഗത്തില്‍ പെട്ട വിദ്യാര്‍ഥികള്‍ക്ക് ഹോസ്റ്റല്‍ ഫീസിനത്തില്‍ ഇളവ് നല്‍കിയിട്ടുണ്ട്.പക്ഷെ അവര്‍ക്ക് മെസ്സ് ഫീസ്‌ നല്‍കേണ്ടിവരും. 62,000 രൂപയാണ് പ്രതിവര്‍ഷം മെസ്സ് ഫീസ്‌. അത് കോഴ്സ് പൂര്‍ത്തിയാക്കിയ ശേഷം നല്‍കിയാല്‍ മതി എന്ന് ഈ ബാച്ചിലെ വിദ്യാര്‍ഥികള്‍ക്ക് മാനേജ്മെന്റ് ഇളവ് നല്‍കിയിട്ടുണ്ട്. പക്ഷെ പണം ലഭിക്കുന്നത് വരെ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ തടഞ്ഞുവെക്കും എന്നാണ് കരാര്‍.

2017-19 ബാച്ചിലെ വിദ്യാര്‍ഥികളും ഇതേ ഇളവാണ് ആവശ്യപ്പെടുന്നത്. പക്ഷെ മാനേജ്മെന്റ് അതിനെ തയ്യാറായിട്ടില്ല. മറിച്ച് മെസ്സ് ഫീസ്‌ നല്‍കാന്‍ പറ്റാത്ത വിദ്യാര്‍ഥികള്‍ക്കായി ഫണ്ട് കണ്ടെത്താന്‍ ശ്രമിക്കും എന്നാണ് മാനേജ്മെന്റ് പറഞ്ഞത്. 2015 മുതല്‍ ഒബിസി വിഭാഗത്തില്‍ പെട്ട വിദ്യാര്‍ഥികളുടെ ഈ ആനുകൂല്യങ്ങള്‍ കുറച്ചുവരുന്നുണ്ട്. വിവരാവകാശപ്രകാരം വിദ്യാര്‍ഥികള്‍ മനസ്സിലാക്കുന്നത് 2013ല്‍ ഉണ്ടായിരുന്ന 18ശതമാനത്തില്‍ നിന്നും 2016-17വര്‍ഷം ആവുമ്പോഴേക്കും അത് 13 ശതമാനമായി കുറഞ്ഞു എന്നാണ്.

എന്താണ് വിദ്യാര്‍ഥികള്‍ ആവശ്യപ്പെടുന്നത് ?

പ്രധാനമായും മൂന്ന് ആവശ്യങ്ങളാണ് വിദ്യാര്‍ഥികള്‍ മുന്നോട്ടുവെക്കുന്നത് :
* 2016-18, 2017-19 ബാച്ചിലെ വിദ്യാര്‍ഥികള്‍ക്ക് ഹോസ്റ്റല്‍ ഫീസിലും മെസ്സ് ഫീസിലും ഇളവ് നല്‍കണം.

*2018-20 വര്‍ഷം വരുന്ന വിദ്യാര്‍ഥികള്‍ക്കായി പുറപ്പെടുവിച്ചിരിക്കുന്ന വിജ്ഞാപനം പിന്‍വലിക്കണം.

* ഭിന്നശേഷിയുള്ള വിദ്യാര്‍ഥികള്‍ക്കും ഫീസിളവ് നടപ്പിലാക്കുക.

മാനേജ്മെന്റ് പറയുന്നത്

സാമ്പത്തിക സഹായം പിന്വലിച്ച മാനെജ്മെന്റ് ഇരുപത് കോടി രൂപയുടെ ധനക്കമ്മി ചൂണ്ടിക്കാട്ടിയിരുന്നു. 2014വരെ സര്‍ക്കാരിന്‍റെ പോസ്റ്റ് മെട്രിക് സ്കോളര്‍ഷിപ്പുകള്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന് നേരിട്ട് നല്‍കിപോന്നതാണ്. നേരിട്ട് ആനുകൂല്യം എത്തിക്കുക എന്ന പദ്ധതിയുടെ ഭാഗമായി ഇന്ന് അത് വിദ്യാര്‍ത്തികളുടെ ബാങ്ക് അക്കൗണ്ടിലേക്ക് സര്‍ക്കാര്‍ തന്നെ നിക്ഷേപിക്കുകയാണ്. ആദ്യ വര്‍ഷ വിദ്യാര്‍ഥികള്‍ക്ക് രണ്ടാം സെമസ്റ്ററിന്‍റെ അവസാനമാണ് ഇത് ലഭിക്കുന്നത്. പിന്നീടത് കൊഴ്സ് കഴിഞ്ഞുള്ള അവസാന രണ്ട് സെമസ്റ്ററിന് ശേഷവും.

ഈ ധനക്കമ്മി നികത്താന്‍ വഴി നോകുന്നുണ്ട് എന്നാണ് മാനേജ്മെന്റ് അറിയിക്കുന്നത്. “നടപ്പ് വര്‍ഷത്തില്‍ വിവിധ സ്ഥലങ്ങളില്‍ നിന്നും സംഭരിച്ച ഫണ്ടുകള്‍ ഉപയോഗിച്ച് ഏതാണ്ട് ഒരു കോടി രൂപ ചെലവിട്ടിട്ടുണ്ട്. പോസ്റ്റ്‌ മെട്രിക് സ്കോളര്‍ഷിപ്പിനു അര്‍ഹരായ വിദ്യാര്‍ഥികളുടെ ഹോസ്റ്റല്‍ ഫീസ്‌ ഇനത്തില്‍ 25 ലക്ഷത്തോളം രൂപയാണ് ഇങ്ങനെ സംഭരിച്ചത്. ഇതിന് പുറമേ പിന്നോക്ക പശ്ചാത്തലമുള്ള ഈ വിദ്യാര്‍ഥികളെ സഹായിക്കുന്നതിനായ് 80 ലക്ഷം രൂപ മറ്റ് മാര്‍ഗത്തിലും സ്വരൂപിച്ചിട്ടുണ്ട്. ” ഇന്‍സ്റ്റിറ്റ്യൂട്ട് ഇറക്കിയ ഒരു പത്രകുറിപ്പില്‍ പറയുന്നു.

അതേസമയം വിദ്യാര്‍ഥികളുമായി സമവായത്തിന് ശ്രമിച്ചുവരികയാണ് എന്നാണ് വിദ്യാര്‍ഥികളുടെ ഡീനായ പികെ ഷാജഹാന്‍ അറിയിക്കുന്നത്. “ഈ പ്രശ്നം ജനാധിപത്യപരമായി പരിഹരിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്,” ഷാജഹാൻ പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook