അന്തരിച്ച വിഖ്യാത ഭൗതികശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിംഗിന് ഇതുവരെയും ഒരു നൊബേല്‍ സമ്മാനം ലഭിച്ചിട്ടില്ല എന്നത് ശ്രദ്ധേയമാണ്. അദ്ദേഹത്തിന്റെ പ്രശസ്തമായ പ്രബന്ധങ്ങള്‍ക്കോ തമോഗര്‍ത്തങ്ങള്‍ നശ്വരമാണെന്ന കണ്ടുപിടിത്തത്തിനോ പോലും നൊബേലിന് പരിഗണിക്കപ്പെട്ടില്ല.

തമോഗർത്തങ്ങളെക്കുറിച്ച് ഇന്നു ലഭ്യമായ വിവരങ്ങളിൽ പലതും സ്റ്റീഫന്‍ ഹോക്കിംഗിന്‍റെ ഗവേഷണങ്ങളിലൂടെ ഉരുത്തിരിഞ്ഞതാണ്‌. ഭീമമായ ഗുരുത്വാകർഷണബലമുള്ള തമോഗർത്തങ്ങൾ ചില വികിരണങ്ങൾ പുറത്തുവിടുന്നുണ്ടെന്ന് അദ്ദേഹം തെളിയിച്ചു. ആൽബർട്ട് ഐൻസ്റ്റീൻറെ ആപേഷികതാസിദ്ധാന്തത്തിന്‌ പുതിയ വിശദീകരണം നൽകി. പ്രപഞ്ചോല്പത്തിയെക്കുറിച്ചും സിദ്ധാന്തങ്ങൾ ആവിഷ്കരിച്ചു.

എന്നാല്‍ തമോഗര്‍ത്തങ്ങള്‍ മരിച്ചു പോകുന്നെന്ന കണ്ടുപിടിത്തം തെളിയിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല. തമോഗര്‍ത്തങ്ങള്‍ ഇല്ലാതാകുന്നെന്ന സിദ്ധാന്തം സൈദ്ധാന്തിക രസതന്ത്രത്തില്‍ സ്വീകരിക്കപ്പെടുന്നുണ്ടെങ്കിലും ഇത് സ്ഥിരീകരിക്കാന്‍ വഴികളൊന്നുമില്ല. തമോഗര്‍ത്തങ്ങള്‍ ഒരുപാട് കാലം ജീവിച്ചിരിക്കുന്നു എന്നതാണ് ഇവയെ നിരീക്ഷിച്ച് തെളിയിക്കുന്നതിന് തടസ്സമാകുന്ന ഒരു കാര്യം. ദശലക്ഷക്കണക്കിന് വര്‍ഷങ്ങള്‍ അനശ്വരതയോടെ തമോഗര്‍ത്തങ്ങള്‍ നിലനില്‍ക്കും. നക്ഷത്ര രൂപത്തിലുളള ആദ്യ തമോഗര്‍ത്തം പൊട്ടിത്തെറിച്ച് ഇല്ലാതാകും വരെ ഈ നിരീക്ഷണം തെളിയിക്കാനുമാകില്ല. ഇത്കൊണ്ടാണ് തന്റെ കണ്ടുപിടിത്തത്തിന് അദ്ദേഹത്തിന് നൊബേല്‍ നല്‍കാതിരുന്നത്.

പ്രപഞ്ചത്തിന് മഹത്തായ ഒരു രൂപകല്‍പ്പനയുണ്ടെന്നും എന്നാല്‍ ഇതിന് പിന്നില്‍ ദൈവം എന്നൊരു ശക്തിയില്ലെന്നും സ്റ്റീഫന്‍ ഹോക്കിംഗ് ആവര്‍ത്തിച്ച് പറഞ്ഞിരുന്നു. താനൊരു നിരീശ്വരവാദിയാണെന്നും 2017ല്‍ സ്റ്റീഫന്‍ ഹോക്കിംഗ് പറഞ്ഞു. “പ്രപഞ്ചത്തെ ആരും നിര്‍മ്മിച്ചിട്ടില്ല. ആരും നമ്മുടെ വിധി മുന്നോട്ട് പോകുന്നതിനായി നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നില്ല” – സ്റ്റീഫന്‍ ഹോക്കിംഗ് പറഞ്ഞിരുന്നു. പ്രപഞ്ചത്തിന്റെ തുടക്കം കണ്ടെത്താന്‍ സയന്‍സിന് കഴിയും. പ്രപഞ്ചം എങ്ങനെയുണ്ടായി എന്ന് നമ്മള്‍ ദൈവത്തോട് ചോദിക്കേണ്ട കാര്യമില്ല. ദൈവമില്ല എന്ന് തെളിയിയ്ക്കുകയല്ല ഇത് ചെയ്യുന്നത്. ദൈവത്തിന്റെ ആവശ്യമില്ല എന്ന് മാത്രമാണ് ഇത് വ്യക്തമാക്കുന്നത് – ഹോക്കിംഗ് പറഞ്ഞു.

1942 ജനുവരി 8ന്‌ ബ്രിട്ടനിലെ ഓക്സ്ഫോർഡിലാണ്‌ സ്റ്റീഫൻ ഹോക്കിംഗിന്‍റെ ജനനം. ജീവശാസ്ത്ര ഗവേഷകനായിരുന്ന ഫ്രാങ്ക് ഹോക്കിൻസും ഇസബെൽ ഹോക്കിൻസുമായിരുന്നു മാതാപിതാക്കൾ. പതിനൊന്നാം വയസിൽ ‍ഇംഗ്ലണ്ടിലെ ഹെർട്ട്ഫോർഡ്ഷെയറിലെ സെന്റ് ആൽബൻസ് സ്കൂളിൽ ചേർന്നു. മകനെ ഡോക്ടറാക്കാനായിരുന്നു മാതാപിതാക്കൾ ആഗ്രഹിച്ചിരുന്നതെങ്കിലും ഗണിതത്തിലും ഭൗതികശാസ്ത്രത്തിലുമായിരുന്നു സ്റ്റീഫൻ ഹോക്കിങിന്‌ താത്പര്യം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook