scorecardresearch
Latest News

ദയവായി പാസ്‌പോര്‍ട്ട് അനുവദിക്കണം; വിദേശത്ത് പഠിക്കണമെന്ന് അഫ്‌സല്‍ ഗുരുവിന്റെ മകന്‍

തുര്‍ക്കിയില്‍ ഒരു മെഡിക്കല്‍ സ്‌കോളര്‍ഷിപ്പ് ലഭിച്ചിട്ടുണ്ടെന്നും പോകണമെങ്കില്‍ പാസ്‌പോര്‍ട്ട് ആവശ്യമാണെന്നും ഗലിബ് വ്യക്തമാക്കുന്നു

galib guru

ന്യൂഡല്‍ഹി: തനിക്ക് പാസ്‌പോര്‍ട്ട് അനുവദിക്കണം എന്ന ആവശ്യവുമായി അഫ്‌സല്‍ ഗുരുവിന്റെ മകന്‍ ഗലിബ് ഗുരു. ഉന്നത വിദ്യാഭ്യാസത്തിനായി വിദേശത്തേക്ക് പോകാനാണ് പാസ്‌പോര്‍ട്ടിനായി അപേക്ഷിച്ചിരിക്കുന്നത്. തുര്‍ക്കിയില്‍ ഒരു മെഡിക്കല്‍ സ്‌കോളര്‍ഷിപ്പ് ലഭിച്ചിട്ടുണ്ടെന്നും പോകണമെങ്കില്‍ പാസ്‌പോര്‍ട്ട് ആവശ്യമാണെന്നും എഎന്‍ഐക്ക് അനുവദിച്ച അഭിമുഖത്തില്‍ ഗലിബ് വ്യക്തമാക്കുന്നു.

‘എനിക്ക് പാസ്‌പോര്‍ട്ട് അനുവദിക്കണമെന്ന് ഞാന്‍ അപേക്ഷിക്കുന്നു. എനിക്ക് ആധാര്‍ കാര്‍ഡ് ഉണ്ട്. പാസ്‌പോര്‍ട്ട് ലഭിക്കുകയാണെങ്കില്‍ തുര്‍ക്കിയില്‍ പോയി അന്താരാഷ്ട്ര സ്‌കോളര്‍ഷിപ്പില്‍ വിദ്യാഭ്യാസം തുടരാം,’ ഗലിബ് പറയുന്നു.

കഴിഞ്ഞ വര്‍ഷം പ്ലസ്ടു പരീക്ഷയില്‍ 88 ശതമാനം മാര്‍ക്ക് വാങ്ങിയാണ് ഗലിബ് വാര്‍ത്തകളില്‍ ഇടം പിടിച്ചത്. അത് തന്റെ കരിയറിലെ ഒരു ചുവട് വയ്പായിരുന്നുവെന്നും തന്റെ പിതാവിന്റെ ആഗ്രഹം പോലെ ഒരിക്കല്‍ ഒരു കാര്‍ഡിയോളജിസ്റ്റ് ആകുമെന്നും ഗലിബ് പറഞ്ഞിരുന്നു.

ഡല്‍ഹിയിലെ തിഹാര്‍ ജയിലില്‍ പിതാവിനെ സന്ദര്‍ശിച്ചപ്പോള്‍ വൈദ്യശാസ്ത്രത്തില്‍ പഠനം തുടരാന്‍ അദ്ദേഹം തന്നെ പ്രോത്സാഹിപ്പിച്ചുവെന്നും ഗലിബ് പറഞ്ഞിരുന്നു.

അഫ്‌സല്‍ ഗുരുവിനെ 2001ലെ പാര്‍ലിമെന്റ് ആക്രമണത്തിലെ പങ്കിനെ തുടര്‍ന്ന് 2013ല്‍ തൂക്കിലേറ്റിയിരുന്നു. ഡിസംബര്‍ 13ന് നടന്ന ആക്രമണത്തിന്റെ ഗൂഢാലോചനയില്‍ കുറ്റക്കാരനായിരുന്നുവെന്ന് കോടതി കണ്ടെത്തിയിരുന്നു.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Why no passport if i have aadhaar card afzal gurus son after getting medical scholarship in turkey