/indian-express-malayalam/media/media_files/uploads/2017/12/manmohan-singh.jpg)
ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ ഇംപീച്ച് ചെയ്യാനുള്ള നോട്ടീസില്‍ ഒപ്പു വെക്കാന്‍ വിസമ്മതിച്ചെന്ന വാര്‍ത്ത നിഷേധിച്ച് കോണ്‍ഗ്രസ്. 71 രാജ്യസഭാ എംപിമാരായിരുന്നു ഇംപീച്ച്‌മെന്റ് നോട്ടീസില്‍ ഒപ്പുവെച്ചത്. മന്‍മോഹന്‍ സിംഗിന് പുറമെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ പി ചിദംബരവും അഭിഷേക് സിംഗ് വിയും നോട്ടീസില്‍ ഒപ്പു വെച്ചിരുന്നില്ല.
മന്‍മോഹന്‍ സിംഗ് ഒപ്പു വെക്കാന്‍ വിസമ്മതിച്ചതല്ലെന്നും മുന്‍ പ്രധാനമന്ത്രിയായതിനാല്‍ അദ്ദേഹത്തെ മാറ്റി നിര്‍ത്തുകയായിരുന്നുവെന്നുമാണ് കോണ്‍ഗ്രസ് നല്‍കുന്ന വിശദീകരണം. മുതിര്‍ന്ന നേതാവ് കപില്‍ സിബലാണ് എന്തുകൊണ്ട് മന്‍മോഹന്‍ സിംഗ് ഒപ്പുവെച്ചില്ലെന്ന ചോദ്യത്തിന് മറുപടി നല്‍കിയത്. അതേസമയം, ഇംപീച്ച്‌മെന്റ് നീക്കം രാഷ്ട്രീയ പ്രതികാരമാണെന്ന് കേന്ദ്ര മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു.
നേരത്തെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ ഇംപീച്ച്‌മെന്റ് ചെയ്യാന്‍ പ്രതിപക്ഷം രാജ്യസഭ അധ്യക്ഷന് നോട്ടീസ് നല്‍കിയിരുന്നു. രാജ്യസഭ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദിന്റെ നേതൃത്വത്തിലാണ് പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ രാജ്യസഭാ അധ്യക്ഷന്‍ വെങ്കയ്യ നായിഡുവിന് നോട്ടീസ് നല്‍കിയത്. 7 പാര്‍ട്ടികളില്‍നിന്നായി 71 എംപിമാര്‍ നോട്ടീസില്‍ ഒപ്പുവച്ചിട്ടുണ്ട്.
ഉത്തര്‍പ്രദേശിലെ മെഡിക്കല്‍ കോളേജ് അഴിമതിയില്‍ ചീഫ് ജസ്റ്റിസിന്റെ പേര് പരാമര്‍ശിക്കപ്പെട്ടതും ഗൗരവമുളള കേസുകള്‍ അനുകൂല ബെഞ്ചിലേക്ക് മാറ്റുന്നതും ജഡ്ജിയാകുന്നതിന് മുന്‍പു നടന്ന ഭൂമിയിടപാടും തുടങ്ങി 5 കാരണങ്ങളാണ് ഇംപീച്ച്‌മെന്റ് നീക്കത്തിന് പ്രതിപക്ഷം മുന്നോട്ടുവയ്ക്കുന്നത്. ജുഡീഷ്യറിയെ രക്ഷിക്കുകയാണ് ലക്ഷ്യമെന്ന് നോട്ടീസ് നല്‍കിയശേഷം കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ പ്രതികരിച്ചു.
ഇംപീച്ച്‌മെന്റ് നോട്ടീസ് രാജ്യസഭ അധ്യക്ഷന്‍ അംഗീകരിച്ചാല്‍ ഇക്കാര്യം പരിശോധിക്കുന്നതിനുളള വിദഗ്ധ സമിതിക്ക് രൂപം നല്‍കും. മതിയായ കാരണങ്ങള്‍ ഇല്ലെന്ന് ചൂണ്ടിക്കാട്ടി വേണമെങ്കില്‍ നോട്ടീസ് തളളുകയും ആവാം.
ജസ്റ്റിസ് ലോയയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ പ്രത്യേക അന്വേഷണം വേണ്ടെന്ന് സുപ്രീം കോടതി നിലപാടെടുത്തതോടെ ചീഫ് ജസ്റ്റിസിനെതിരായ ഇംപീച്ച്‌മെന്റ് നീക്കം കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ സജീവമായത്. കോണ്‍ഗ്രസിനൊപ്പം 6 പാര്‍ട്ടികളാണ് ഇംപീച്ച്‌മെന്റ് നീക്കത്തിനായി മുന്നോട്ട് വന്നിരിക്കുന്നത്. ഇംപീച്ച്‌മെന്റ് നീക്കത്തിന് സിപിഎമ്മിന്റെ പൂര്‍ണ പിന്തുണയും കോണ്‍ഗ്രസിനുണ്ട്. സിപിഐ, എന്‍സിപി, എസ്പി, ബിഎസ്പി, ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് എന്നിവരാണ് പിന്തുണ അറിയിച്ചിരിക്കുന്ന മറ്റു പാര്‍ട്ടികള്‍.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.