മുംബൈ: മുംബൈയില്‍ പൊലീസിനൊപ്പം സ്റ്റേഷനിലേക്ക് പോവാതിരിക്കാന്‍ വസ്ത്രം അഴിച്ച് നഗ്നയായ മോഡല്‍ പ്രതികരണവുമായി രംഗത്ത്. തന്റെ ഭാഗത്ത് നിന്നും തെറ്റായി ഒന്നും ഉണ്ടായിട്ടില്ലെന്ന് മേഘ ശര്‍മ പറഞ്ഞു. കഴിഞ്ഞ ആഴ്ചയാണ് മുംബൈയിലെ ഒരു ഫ്ലാറ്റിലെ ലിഫ്റ്റില്‍ വച്ച് യുവതി വസ്ത്രം അഴിച്ചത്. ഇതിന്റെ വീഡിയോയും യുവതി സുരക്ഷാ ജീവനക്കാരനെ മര്‍ദ്ദിക്കുന്ന സിസിടിവി ദൃശ്യങ്ങളും പൊലീസ് പുറത്തുവിട്ടിരുന്നു.
സുരക്ഷാ ജീവനക്കാരോട് രാത്രി സിഗരറ്റ് വാങ്ങി തരുമോ എന്നാണ് താന്‍ ചോദിച്ചതെന്ന് മേഘ പറഞ്ഞു. എന്നാല്‍ പറ്റില്ലെന്ന് പറഞ്ഞ ഒരു ജീവനക്കാരന് തന്നെ ചീത്ത വിളിച്ചെന്നും ഇതാണ് തര്‍ക്കത്തിന് കാരണമാക്കിയതെന്നും മേഘ പറഞ്ഞു. ‘ഞാനാണ് പിന്നീട് പൊലീസിനെ വിളിച്ചത്. എന്നാല്‍ ഒരൊറ്റ വനിതാ പൊലീസും ഇല്ലാതെയാണ് അവര്‍ വന്നത്. പാതിരാത്രി തങ്ങളോടൊപ്പം സ്റ്റേഷനിലേക്ക് വരണമെന്ന് പൊലീസ് പറഞ്ഞു. പൊലീസ് സ്റ്റേഷനില്‍ പോവാതിരിക്കാനാണ് ഞാന്‍ വസ്ത്രം അഴിച്ചത്. ആ പ്രതിരോധത്തില്‍ തെറ്റൊന്നും തോന്നിയിട്ടില്ല,’ മേഘ പറഞ്ഞു.
മേഘ വസ്ത്രം അഴിക്കുന്ന ദൃശ്യങ്ങള്‍ പൊലീസ് പകര്‍ത്തിയിരുന്നു. സിസിടിവി ദൃശ്യങ്ങളും സോഷ്യൽ മീഡിയയില്‍ വൈറലായി മാറി. തുടര്‍ന്ന് പുലര്‍ച്ചയോടെ പൊലീസ് യുവതിയെ അറസ്റ്റ് ചെയ്ത് സ്റ്റേഷനിലെത്തിച്ചു.