ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ ആലിംഗനം ചെയ്തതിനെ കുറിച്ച് പ്രതികരണവുമായി രാഹുല്‍ ഗാന്ധി. പാർലമെന്റിൽ വച്ച് തന്നെ രാഹുൽ ഗാന്ധി ആലിംഗനം ചെയ്തതിനെ നരേന്ദ്ര മോദി തന്റെ അവസാന ലോക്‌സഭ പ്രസംഗത്തില്‍ പരാമര്‍ശിച്ചിരുന്നു. ഇതോടെയാണ് രാഹുല്‍ മറുപടിയുമായെത്തിയത്.

”മോദിക്ക് എന്നോട് വെറുപ്പായിരുന്നു. ഞാന്‍ ചെന്ന് അദ്ദേഹത്തെ കെട്ടിപ്പിടിച്ചു. ആ വെറുപ്പ് ഇല്ലാതാക്കി” എന്നായിരുന്നു രാഹുലിന്റെ മറുപടി. കോണ്‍ഗ്രസ് പ്രവര്‍ത്തകരോടായി ബിജെപിയുടേയും ആര്‍എസ്എസിന്റേയും വെറുപ്പിനെ സ്‌നേഹം കൊണ്ട് നേരിടണമെന്നും രാഹുല്‍ ആഹ്വാനം ചെയ്തു.

”ബിജെപിയോ ആര്‍എസ്എസോ നമ്മളെ അപമാനിച്ചാല്‍ നമ്മള്‍ സ്‌നേഹം കൊണ്ട് നേരിടണം. മോദിജി എന്നെയും എന്റെ കുടുംബത്തേയും ആക്രമിക്കാറുണ്ട്. കോണ്‍ഗ്രസിനെ നശിപ്പിച്ചു കളയുമെന്നും പറയാറുണ്ട്. എന്നാല്‍ ഞാന്‍ അദ്ദേഹത്തെ കെട്ടിപ്പിടിക്കുകയാണ് ചെയ്തത്” രാഹുല്‍ പറഞ്ഞു.

ലോക്‌സഭയിലെ അവിശ്വാസ പ്രമേയ ചര്‍ച്ചയ്ക്കിടെയായിരുന്നു രാഹുല്‍ ഗാന്ധിയുടെ വിവാദ ആലിംഗനം. മോദി സര്‍ക്കാരിനെതിരെ ശക്തമായി ആഞ്ഞടിച്ച രാഹുല്‍ ഗാന്ധി കടുത്ത വിമര്‍ശനങ്ങള്‍ ഉന്നയിച്ചതിന് ശേഷം അപ്രതീക്ഷിതമായി മോദിയെ കെട്ടിപ്പിടിക്കുകയായിരുന്നു. തിരികെ സീറ്റിലെത്തിയ രാഹുല്‍ കോണ്‍ഗ്രസ് നേതാക്കളെ നോക്കി കണ്ണിറുക്കുകയും ചെയ്തിരുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ