ന്യൂഡല്‍ഹി: ഗംഗ, യമുന എന്നീ നദികള്‍ വൃത്തിയാക്കാനും പുനരുജ്ജീവിപ്പിക്കാനുമുള്ള കര്‍മ്മപദ്ധതിക്കായി നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജികള്‍ പരിഗണിക്കാന്‍ വിസമ്മതിച്ച് സുപ്രീം കോടതി. ഇതിനായി പ്രത്യേകം ട്രൈബ്യൂണലുകള്‍ ഉണ്ടെന്നായിരുന്നു കോടതിയുടെ മറുപടി.
പരാതികളുമായി ദേശീയ ഹരിത ട്രൈബ്യൂണലിനെ (എൻജിടി) സമീപിക്കാൻ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ പി എസ് നരസിംഹ, ജെ ബി പർദിവാല എന്നിവരടങ്ങിയ ബെഞ്ച് ഹർജിക്കാരനോട് ആവശ്യപ്പെട്ടു.
“നിങ്ങള്‍ക്ക് എന്‍ജിടിയെ സമീപിച്ചുകൂടെ, ഇതിനായി തന്നെ പ്രത്യേകം ട്രൈബ്യൂണലുണ്ട്. ഹര്‍ജി പരിഗണിക്കാന്‍ ആഗ്രഹിക്കുന്നില്ല,” കോടതി വ്യക്തമാക്കി.
നദികൾ വൃത്തിയാക്കാനും അവയുടെ പുനരുജ്ജീവനത്തിനുള്ള കർമപദ്ധതി നിരീക്ഷിക്കാനും നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് സ്വാമി ഗുർചരൺ മിശ്ര സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു കോടതി.