scorecardresearch
Latest News

ത്രിപുരയിൽ ഇടത്-കോൺഗ്രസ് സഖ്യം പരാജയപ്പെട്ടത് എന്തുകൊണ്ട്?

സിപിഎമ്മിനെ സംബന്ധിച്ച് തിരഞ്ഞെടുപ്പ് ഫലം ഇത്തവണ നിരാശാജനകമാണ്. 2018ൽ 16 എംഎൽഎമാരെ നേടാനായ പാർട്ടിക്ക് ഇത്തവണ 11 സീറ്റുകളിൽ മാത്രമാണ് വിജയിക്കാനായത്

tripura, congress, ie malayalam

അഗർത്തല: ബിജെപിയെ തകർക്കാൻ ത്രിപുരയിൽ കൈകോർത്ത ഇടത്-കോൺഗ്രസ് സഖ്യത്തിന്, വോട്ടെണ്ണൽ തുടങ്ങി മണിക്കൂറുകൾക്കകം വലിയ ഞെട്ടലാണുണ്ടായത്. ബിജെപിയെ പരാജയപ്പെടുത്താനും സംസ്ഥാനത്ത് “ജനാധിപത്യവും ഭരണഘടനാ ഭരണവും പുനഃസ്ഥാപിക്കുന്നതിന്” ഒരുമിച്ച് വന്നുവെന്ന അവകാശവാദവും ഉയർത്തിയുള്ള ത്രിപുരയിലെ രണ്ടു മുൻ എതിരാളികൾ തമ്മിലുള്ള ആദ്യത്തെ പങ്കാളിത്തം വലിയ രീതിയിൽ ശ്രദ്ധ നേടിയിരുന്നു. എന്നാൽ ഒന്നിച്ച് നിന്നിട്ടും സിപിഎമ്മിന് 11 സീറ്റും കോൺഗ്രസിന് മൂന്നു സീറ്റും മാത്രമാണ് നേടാനായത്.

2018 ൽ സീറ്റുകളൊന്നും നേടാതിരുന്ന കോൺഗ്രസിന്, 2022ൽ ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്ന സുദീപ് റോയ് ബർമൻ പാർട്ടിയിലേക്ക് മടങ്ങിയെത്തി വിജയിച്ച് ഒരു സീറ്റ് നേടിയത് നല്ല ഫലമാണ് കാണിക്കുന്നത്. എന്നാൽ, സിപിഎമ്മിനെ സംബന്ധിച്ച് തിരഞ്ഞെടുപ്പ് ഫലം ഇത്തവണ നിരാശാജനകമാണ്. 2018ൽ 16 എംഎൽഎമാരെ നേടാനായ പാർട്ടിക്ക് ഇത്തവണ 11 സീറ്റുകളിൽ മാത്രമാണ് വിജയിക്കാനായത്. വോട്ട് വിഹിതത്തിലും വലിയ കുറവുണ്ടായി. 2018ലെ 42.22 ശതമാനത്തിൽ നിന്ന് പാർട്ടി 24.62 ശതമാനത്തിലേക്ക് കൂപ്പുകുത്തി. അതേസമയം, കോൺഗ്രസിന്റെ വോട്ട് വിഹിതം 2018ൽ 2 ശതമാനത്തിൽ താഴെയായിരുന്നത് 2023ൽ 8.56 ശതമാനമായി ഉയർന്നു.

ഇടതിന്റെ വോട്ട് വിഹിതത്തിലുണ്ടായ ചോർച്ചയാണ് കോൺഗ്രസിന്റെ വോട്ട് വിഹിതം ഉയർത്തിയതെന്നും, കോൺഗ്രസിന്റെ വോട്ടുകൾ ഇടതിലേക്ക് പോയിട്ടില്ലെന്നും രാഷ്ട്രീയ വിദഗ്ധർ പറയുന്നു. ചെറിയ സീറ്റുകളുടെ വ്യത്യാസത്തിലാണ് ബിജെപി ഭൂരിപക്ഷം നേടിയതെന്നും തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കാൻ വൻതോതിൽ പണം ഒഴുക്കിയതായും ഇടതുമുന്നണി പറഞ്ഞു.

തിരഞ്ഞെടുപ്പിനു മുൻപേ തന്നെ പണം ഉപയോഗിച്ച് പാവപ്പെട്ടവരും ഗോത്ര വിഭാഗക്കാരുമായ സാധാരണ ജനങ്ങളെ ബിജെപി സ്വാധീനിച്ചെന്ന് ത്രിപുര ഇടതു മുന്നണി കൺവീനറും മുതിർന്ന നേതാവുമായ നാരായൺ കൗർ ദി ഇന്ത്യൻ എക്സ്പ്രസിനോടു പറഞ്ഞു. പരമ്പരാഗത ഇടതുപക്ഷ വോട്ടർമാരല്ലാത്ത നഗരങ്ങളിലെ മിഡിൽ ക്ലാസ് ജനങ്ങൾ പ്രതിപക്ഷ ഇടതു-കോൺഗ്രസ് പങ്കാളിത്തത്തിനായി ജനവിധി നൽകിയെങ്കിലും ഗ്രാമീണ മേഖലയിലെ ദരിദ്രരും ആദിവാസികളും പിന്തുണ നൽകിയില്ലെന്ന് അദ്ദേഹം അവകാശപ്പെട്ടു.

1940 കളുടെ തുടക്കത്തിൽ രാജഭരണത്തിന്റെ അവസാന ഘട്ടത്തിൽ ത്രിപുരയിൽ യാത്ര ആരംഭിച്ച ഇടതുപക്ഷത്തിന് ഗോത്രവർഗക്കാർക്കിടയിൽ സ്വീകാര്യത നഷ്ടപ്പെട്ടത് എന്തുകൊണ്ടാണെന്ന് ചോദിച്ചപ്പോൾ, ത്രിപുര രാജകുടുംബത്തിന്റെ ഇപ്പോഴത്തെ തലവനും മുൻ പിസിസി അധ്യക്ഷനുമായ പ്രദ്യോത് മാണിക്യ നേതൃത്വം നൽകുന്ന ഗോത്രവിഭാഗ പാർട്ടിയായ തിപ്ര മോത്തയുടെ സാന്നിധ്യം പല ഇടതു സീറ്റുകളിലും ആധിപത്യം സ്ഥാപിച്ചതായും മുമ്പ് ഇടതുപക്ഷ വിശ്വസ്തരായിരുന്ന ആദിവാസി വോട്ടർമാർ തിപ്ര മോത്തയ്ക്ക് വോട്ട് ചെയ്യുകയും ബിജെപി വിജയത്തിന് വഴിയൊരുക്കുകയും ചെയ്തതായി അദ്ദേഹം പറഞ്ഞു.

തിരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാൻ ബിജെപി ഭരണത്തെ പല തരത്തിൽ ദുരുപയോഗം ചെയ്യുകയും പ്രധാനമന്ത്രിയുടെയും കേന്ദ്ര സർക്കാരിന്റെയും പ്രതിച്ഛായ ഉപയോഗിച്ചുവെന്നും സിപിഎം സംസ്ഥാന കമ്മിറ്റി ഇന്നലെ വൈകിട്ട് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ജനവിധി അംഗീകരിച്ചുകൊണ്ട്, ജനാധിപത്യം പുനഃസ്ഥാപിക്കുന്നതിനും തൊഴിലാളിവർഗക്കാർക്ക് ജീവിക്കാനും ജോലി ചെയ്യാനുമുള്ള അവകാശത്തിനും വേണ്ടി പൊതുജനങ്ങളുടെയും സംസ്ഥാനത്തിന്റെയും രാഷ്ട്രത്തിന്റെയും താൽപ്പര്യങ്ങൾക്കായി തങ്ങളുടെ പ്രസ്ഥാനം തുടരുമെന്ന് സിപിഎം പറഞ്ഞു.

”എന്താണ് സംഭവിച്ചതെന്ന് ഞങ്ങൾ പരിശോധിക്കും. വോട്ടുകൾ കൈമാറ്റം ചെയ്യപ്പെട്ടോ ഇല്ലയോ എന്ന് അഭിപ്രായം പറയുന്നതിൽ ഇനി അർഥമില്ല. ഞങ്ങളുടെ പ്രവർത്തകർ അവർക്കും (കോൺഗ്രസ്) തിരിച്ചും പ്രവർത്തിച്ചു. തിരഞ്ഞെടുപ്പ് ഫലങ്ങൾ അവലോകനം ചെയ്യുകയും വിശകലനം ചെയ്യുകയും ചെയ്യും. ഭാവിയിൽ ജനങ്ങൾക്കൊപ്പം നിൽക്കാനുള്ള ഞങ്ങളുടെ പ്രവർത്തനം തുടരും,” വോട്ട് ചോർച്ചയിൽ ഒരിക്കലും കോൺഗ്രസിനെ കുറ്റപ്പെടുത്താതെ അദ്ദേഹം പറഞ്ഞു.

അതേസമയം, എന്താണ് സംഭവിച്ചതെന്ന കാര്യത്തിൽ ഇപ്പോഴും കോൺഗ്രസ് ആശങ്കയിലാണ്. ഭൂരിപക്ഷം നേടുന്നതിനും സർക്കാർ രൂപീകരിക്കുന്നതിനും ഇടത്-കോൺഗ്രസ് പങ്കാളിത്തത്തെ പരിമിതപ്പെടുത്തിയത് എന്താണെന്ന് കണ്ടെത്തുന്നതിന് ഫലങ്ങൾ അവലോകനം ചെയ്യുമെന്ന് കോൺഗ്രസ് വ്യക്തമാക്കി.

”ഇടത്-കോൺഗ്രസ് സഖ്യത്തിന് അനായാസം സർക്കാർ രൂപീകരിക്കാൻ കഴിയുമെന്നാണ് ഞങ്ങൾ കരുതിയത്. അത് സംഭവിച്ചില്ല. എവിടെയെങ്കിലും അല്ലെങ്കിൽ മറ്റെവിടെയെങ്കിലും ചില പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ടാകാം. ഞങ്ങൾക്ക് എവിടെയാണ് പിഴച്ചത്, എവിടെയാണ് ബലഹീനതകൾ ഉണ്ടായതെന്ന് വിശകലനം ചെയ്ത് കണ്ടെത്താൻ ശ്രമിക്കും,” തന്റെ തട്ടകമായ അഗർത്തലയിൽ നിന്ന് വിജയിച്ച മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയും എംഎൽഎയുമായ സുദീപ് റോയ് ബർമാൻ ദി ഇന്ത്യൻ എക്‌സ്പ്രസിനോട് പറഞ്ഞു.

ഇടതുമുന്നണിയുമായുള്ള കോൺഗ്രസിന്റെ സീറ്റ് പങ്കിടൽ പങ്കാളിത്തം ജനങ്ങൾ ഏറ്റെടുത്തുവെന്നും തങ്ങളുടെ കൂട്ടുകെട്ട് വിജയിക്കാത്തതിന്റെ കാരണം അതല്ലെന്നും അദ്ദേഹം അവകാശപ്പെട്ടു. ഞങ്ങളുടെ പങ്കാളിത്തത്തിൽ ജനങ്ങൾ സന്തുഷ്ടരായിരുന്നു. അത് പ്രാവർത്തികമാക്കുന്നതിൽ ഞങ്ങളുടെ ഭാഗത്ത് ചില വീഴ്ചകൾ ഉണ്ടായിട്ടുണ്ടാകാം. അവ എന്താണെന്ന് കണ്ടെത്താൻ പരിശോധിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

”വോട്ടുകൾ കൈമാറ്റം ചെയ്യപ്പെട്ടതായി ഞാൻ വിശ്വസിക്കുന്നു, എന്നാൽ എവിടെയെങ്കിലും അല്ലെങ്കിൽ മറ്റെവിടെയെങ്കിലും, ചില സംഘടനാ പരാജയങ്ങൾ ഉണ്ടായിട്ടുണ്ടാകാം. അതെന്തുമാകാം. ഈ സമയത്ത് ഒരു അഭിപ്രായവും പറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഞങ്ങൾ ആത്മപരിശോധന നടത്തി ഒരു നിഗമനത്തിലെത്താം. അപ്പോൾ മാത്രമേ നമുക്ക് അഭിപ്രായം പറയാൻ കഴിയൂ,” റോയ് ബർമാൻ പറഞ്ഞു.

രാഹുൽ, പ്രിയങ്ക, സോണിയ തുടങ്ങിയ മുതിർന്ന കേന്ദ്ര നേതാക്കളുടെയും പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെയും, പ്രത്യേകിച്ച് രാഹുൽ, മുകുൾ വാസ്‌നിക്, സൽമാൻ ഖുർഷിദ് എന്നിവരുടെ അസാന്നിധ്യമാണ് കോൺഗ്രസിന് നേരെ വിരൽ ചൂണ്ടുന്നത്. അതേസമയം, ഈ വിഷയത്തെക്കുറിച്ച് സംസാരിക്കാൻ ബർമൻ വിസമ്മതിച്ചു. ഇടതുപക്ഷവും കോൺഗ്രസും ഒരുമിച്ച് ഇരിക്കും, എല്ലാ സ്ഥാനാർത്ഥികളെയും നേതാക്കളെയും ഉൾപ്പെടുത്തി ആത്മപരിശോധന നടത്തുകയും സ്ഥാനാർത്ഥികൾ എന്തുകൊണ്ടാണ് പല സീറ്റുകളിലും നേരിയ വ്യത്യാസത്തിൽ തോറ്റതെന്ന് വിലയിരുത്തുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.

13 എംഎൽഎമാരുമായി തിപ്ര മോത്ത സഭയിലെ രണ്ടാമത്തെ വലിയ കക്ഷിയായി ഉയർന്നുവെങ്കിലും, നിയമസഭയിൽ ക്രിയാത്മക പ്രതിപക്ഷത്തിന്റെ പങ്ക് വഹിക്കുമെന്ന് സിപിഎമ്മും കോൺഗ്രസും പറഞ്ഞു.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Why did the left congress partnership fail in tripura