ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പാക്കിസ്ഥാനുമായി ബന്ധമുണ്ടെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആരോപണങ്ങൾക്ക് കോൺഗ്രസിന്റെ ശക്തമായ തിരിച്ചടി. ഇന്ത്യയില്‍ രണ്ട് ഭീകരാക്രമണങ്ങള്‍ക്ക് ശേഷവും ആരും വിളിക്കാതെ നവാസ് ഷെരീഫിന്റെ കൊച്ചുമകളുടെ വിവാഹത്തിനു പോയത് ആരാണെന്ന് കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സിങ് സുര്‍ജേവാല ചോദിച്ചു. ഇവിടെ ആര്‍ക്കാണ് പാക്കിസ്ഥാനോട് സ്നേഹമെന്ന് എല്ലാവര്‍ക്കും അറിയാമെന്നും അദ്ദേഹം പറഞ്ഞു.

പാക്കിസ്ഥാനിൽനിന്ന് ഗുജറാത്ത് തിരഞ്ഞെടുപ്പ് നേരിടാനാണെങ്കില്‍ പാക് ഇന്റലിജൻസ് ഉദ്യോഗസ്ഥരെ പഠാൻകോട്ടിലേക്ക് കയറ്റിയതാരെന്ന് ചോദിക്കേണ്ടിവരും, സുർ‌ജേവാല ആരോപിച്ചു. ഗുജറാത്തിലെ ബിജെപിയുടെ മുന്നേറ്റം തടയാന്‍ കോൺഗ്രസ് പാക്കിസ്ഥാനുമായി സഹകരിക്കുന്നെന്ന് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി ആരോപിച്ചിരുന്നു. കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യരുടെ വീട്ടിൽ നടന്ന മൂന്നു മണിക്കൂർ നീണ്ട യോഗത്തിൽ കോൺഗ്രസിന്റെയും പാക്കിസ്ഥാന്റെയും ഉദ്യോഗസ്ഥർ പങ്കെടുത്തെന്നായിരുന്നു മോദിയുടെ ആരോപണം.

ഇത്തരം ചിന്തകൾ പ്രധാനമന്ത്രിക്ക് ചേർന്നതല്ലെന്നാണ് കോൺഗ്രസിന്റെ നിലപാട്. പ്രധാനമന്ത്രിയുടെ ആരോപണം അദ്ദേഹത്തിന്റെ വയസിനും അനുഭവത്തിനും ചേർന്നതല്ലെന്നും സുർജേവാല പ്രതികരിച്ചു. ഗുജറാത്തില്‍ ബിജെപിയുടെ അവസ്ഥ പരിതാപകരമാകുമെന്ന ഭയം മോദിക്കുണ്ട്. അതുകൊണ്ടാണ് മോദി തലയും വാലുമില്ലാത്ത ആരോപണങ്ങളുമായി വരുന്നതെന്നും സുർജേവാല വ്യക്തമാക്കി.

ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനുവേണ്ടി പാക്കിസ്ഥാന്‍ ഇടപെട്ടുവെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാദങ്ങൾക്ക് മറുപടിയുമായി പാക്കിസ്ഥാനും രംഗത്തെത്തിയിരുന്നു. അടിസ്ഥാനരഹിതമെന്നും നിരുത്തരവാദപരമെന്നും ആരോപിച്ചാണ് പാക്കിസ്ഥാൻ മോദിയുടെ ആരോപണം തള്ളിക്കളഞ്ഞത്. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് തങ്ങളെ വലിച്ചിഴക്കുന്നത് നിർത്തണമെന്നും മെനഞ്ഞുണ്ടാക്കിയ ഗൂഢാലോചനകൾ കൊണ്ടല്ല സ്വന്തം ശക്തി കൊണ്ട് തിരഞ്ഞെടുപ്പുകൾ ജയിക്കണമെന്നും പാക്കിസ്ഥാൻ ആവശ്യപ്പെട്ടു. പാക്കിസ്ഥാന്‍റെ വിദേശകാര്യ വക്താവ് ഡോ. മുഹമ്മദ് ഫൈസൽ ട്വിറ്ററിലൂടെയാണ് ആരോപണങ്ങൾക്ക് മറുപടി നൽകിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ