വഡോദര: മുബൈ ഭീകരാക്രമണത്തിന് തിരിച്ചടിയായി പാക്കിസ്ഥാനിൽ മിന്നലാക്രമണം നടത്താൻ എന്തുകൊണ്ട് മൻമോഹൻ സിങ് ധൈര്യം കാണിച്ചില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മുംബൈ ഭീകരാക്രമണത്തിനുശഷം മിന്നലാക്രമണം നടത്താനുളള പദ്ധിതിയുമായി വ്യോമസേന മൻമോഹൻ സിങ്ങിനെ സമീപിച്ചു. സൈന്യം തയ്യാറായിട്ടും സർക്കാർ അതിനുളള ധൈര്യം കാണിച്ചില്ലെന്നും മോദി പറഞ്ഞു. ആരുടെ ഉപദേശം സ്വീകരിച്ചാണ് മൻമോഹൻ സിങ് അങ്ങനെ ചെയ്തതെന്നും മോദി ചോദിച്ചു.

ഉറി ഭീകരാക്രമണത്തിനുപിന്നാലെ പാക്കിസ്ഥാൻ അതിർത്തി കടന്ന് മിന്നലാക്രമണം നടത്താനുളള ധൈര്യം എന്റെ സർക്കാർ കാണിച്ചു. അപ്രതീക്ഷിതമായ സമയത്തുണ്ടായ തിരിച്ചടി പാക്കിസ്ഥാനെ ഞെട്ടിച്ചു. ഒട്ടേറെ ഭീകരക്യാംപുകൾ തകർത്തശേഷം ഒരു പോറലുപോലും ഏൽക്കാതെ ഇന്ത്യൻ സൈന്യം മടങ്ങിയെത്തിയെന്നും മോദി പറഞ്ഞു. ഗുജറാത്തിലെ വഡോദരയിൽ തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മിന്നലാക്രമണത്തെക്കുറിച്ച് രാഹുൽ ഗാന്ധി ഉൾപ്പെടെയുളള കോൺഗ്രസ് നേതാക്കൾ സംശയമുണർത്തിയിരുന്നു. ഇത്തരം രഹസ്യമായ കാര്യങ്ങൾ പൊതുജനമധ്യത്തിൽ ചർച്ച ചെയ്യണോ എന്നായിരുന്നു മോദി ഇതിനോട് പ്രതികരിച്ചത്. യുപിഎ സർക്കാരും എൻഡിഎ സർക്കാരും തമ്മിലുളള വ്യത്യാസം ഇതാണെന്നും മോദി പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ