ഭോപ്പാൽ: അവസാനം കോൺഗ്രസിന്റെ തുടർ പരാജയങ്ങൾക്ക് കാരണം കണ്ടെത്തിയിരിക്കുകയാണ് മധ്യപ്രദേശിലെ നേതാക്കൾ. മധ്യപ്രദേശിൽ കഴിഞ്ഞ 14 വർഷത്തിനിടെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ കോണ്‍ഗ്രസിന്‍റെ പരാജയത്തിനു കാരണം വാസ്തു ദോഷമെന്ന് നേതാക്കൾ പറഞ്ഞതായി എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു.

തെരഞ്ഞെടുപ്പുകളിലെ തോൽവിക്കു കാരണം ജനപിന്തുണ നഷ്ടപ്പെട്ടതല്ല. ഇന്ദിരാഭവന്‍റെ മൂന്നാം നിലയിലെ വിശ്രമ മുറികൾ വാസ്തു അനുസരിച്ചല്ല പണികഴിപ്പിച്ചത് എന്നതാണ് കാരണമെന്നാണ് നേതാക്കളുടെ ന്യായം. കെട്ടിടം വാസ്തു അനുസരിച്ചല്ല പണികഴിപ്പിച്ചിരിക്കുന്നതെന്നാണ് വാസ്തുവിദഗ്ധർ പറഞ്ഞിരുന്നതെന്നും കോണ്‍ഗ്രസ് വക്താവ് കെകെ മിശ്ര പറഞ്ഞു.

എന്നാൽ കോൺഗ്രസ് പറഞ്ഞത് അന്ധവിശ്വാസമാണെന്ന് പറഞ്ഞ് തള്ളാനൊന്നും ബിജെപി തയ്യാറല്ല. ‘ഇതെല്ലാം വേദ ശാസ്ത്രമാണ്. കെട്ടിടം പുതുക്കി പണിതത് കൊണ്ട് കോണ്‍ഗ്രസ്സിന് രക്ഷയുണ്ടെന്ന് തോന്നുന്നില്ല. ആദ്യം കോണ്‍ഗ്രസ്സ് അവരുടെ വിശ്വാസ്യത വീണ്ടെടുക്കട്ടെ’ എന്നായിരുന്നു ബിജെപി വക്താവ് ഹിതേഷ് ബാജ്പായ് പ്രതികരിച്ചത്.

231 സീറ്റുകളുള്ള മധ്യപ്രദേശ് നിയമസഭയിലെ 165 എംഎല്‍എമാരും ബിജെപിക്കാരാണ്. അതു കൊണ്ട് തന്നെ വിശ്രമമുറികളും കുളിമുറികളും ജലസംഭരണിയും മാറ്റി സ്ഥാപിച്ച്, 2018 ല്‍ തിരഞ്ഞെടുപ്പിനൊരുങ്ങാനാണ് കോണ്‍ഗ്രസ്സ് ലക്ഷ്യമിടുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ