ബംഗളൂരു: ടിപ്പു ജയന്തി ആഘോഷം തുടങ്ങുന്നതിന് മുമ്പേ കര്‍ണാടകയിലെ മടിക്കേരിയില്‍ പ്രതിഷേധം കനത്തു. ബിജെപി അടക്കമുളളവര്‍ ബന്ദിന് ആഹ്വാനം ചെയ്തതോടെ പ്രദേശത്ത് സുരക്ഷ ശക്തമാക്കി. നിരവധി പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ബി.ജെ.പി.യുടെയും സംഘപരിവാര്‍ സംഘടനകളുടെയും പ്രതിഷേധം കണക്കിലെടുത്ത് വന്‍സുരക്ഷയാണ് കര്‍ണാടകയില്‍ ഒരുക്കിയിട്ടുള്ളത്. കുടക്, ശ്രീരംഗപട്ടണ, ചിത്രദുര്‍ഗ എന്നിവിടങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. സുരക്ഷ കണക്കിലെടുത്ത് ഘോഷയാത്ര അനുവദിക്കില്ലെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.
സംഘടനകള്‍ക്ക് ആഘോഷം നടത്തുന്നതിന് അനുവാദം നല്‍കിയിട്ടില്ല. ടിപ്പു സുല്‍ത്താന്റെ ബാനറുകളും പോസ്റ്ററുകളും നിരോധിച്ചു. കുടകില്‍ ദ്രുതകര്‍മസേനയടക്കം വന്‍ പൊലീസ് സന്നാഹത്തെയാണ് നിയോഗിച്ചിരിക്കുന്നത്. സുരക്ഷാസേനാംഗങ്ങള്‍ പ്രദേശത്ത് ഫ്‌ളാഗ് മാര്‍ച്ച് നടത്തി. ജില്ലാ ഭരണാധികാരികളുടെ നേതൃത്വത്തിലായിരുക്കും ജയന്തി ആഘോഷം.

കേരളത്തിന്റെ അതിര്‍ത്തി ജില്ലകളിലും സുരക്ഷ ശക്തമാക്കി. വാഹനപരിശോധനയ്ക്കായി 40 ചെക്ക് പോസ്റ്റുകള്‍ സജ്ജമാക്കിയിട്ടുണ്ട്. പ്രശ്‌നബാധിത പ്രദേശങ്ങളില്‍ 24 മണിക്കൂര്‍ പൊലീസ് പട്രോളിങ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. അടിയന്തരസാഹാചര്യം നേരിടാന്‍ പ്രത്യേക എക്‌സിക്യുട്ടീവ് മജിസ്ട്രേറ്റുമാരെയും നിയോഗിച്ചിട്ടുണ്ട്. സ്വാതന്ത്രസമര പോരാളിയായി ടിപ്പുവിനെ സര്‍ക്കാര്‍ കണക്കിലെടുക്കുമ്പോള്‍ ടിപ്പു മതഭ്രാന്തനാണെന്നാണ് ബിജെപിയുടെ വാദം. 2014ല്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ തുടക്കമിട്ട ടിപ്പു ജയന്തി എല്ലാ വര്‍ഷവും പ്രതിഷേധങ്ങള്‍ക്ക് സാക്ഷ്യം വഹിക്കാറുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook