ന്യൂഡല്‍ഹി: സാമ്പത്തിക സാഹചര്യങ്ങൾ സംവരണം നൽകുന്നതിന് അടിസ്ഥാനമാക്കാൻ എന്തുകൊണ്ട് കഴിയില്ലെന്ന് സുപ്രീം കോടതി. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങളുടെ (ഇഡബ്ല്യുഎസ്) ആനുകൂല്യത്തെ എതിർക്കുന്ന ഹര്‍ജിക്കാരോടായിരുന്നു കോടതിയുടെ ചോദ്യം.
“75 വർഷത്തിനു ശേഷവും തലമുറകളുടെ ദാരിദ്ര്യമാണ് നാം കാണുന്നത്. ഇവിടെ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള ഒരു വലിയ ജനക്കൂട്ടമുണ്ട്. പിന്നെ എന്തുകൊണ്ട് സാമ്പത്തികസ്ഥിതി അടിസ്ഥാനമാക്കിക്കൊണ്ടുള്ള നടപടികളുണ്ടായിക്കൂടാ? പറയുമ്പോള്‍ സർക്കാർ സ്‌കൂളുകൾ ഉണ്ട്, ജോലികൾ ലഭ്യമാണ്, എന്നാൽ ഈ ആളുകൾ പിന്നാക്കാവസ്ഥയിലാണ്. അതിനാൽ, അവർ ഒരു ഏകീകൃത വിഭാഗത്തില്‍ ഉൾപ്പെടുന്നില്ലെങ്കിൽ എന്താണ് തെറ്റ്?,” അഞ്ചംഗ ഭരണഘടനാ ബഞ്ചിന്റെ ഭാഗമായ ജസ്റ്റിസ് എസ് രവീന്ദ്ര ഭട്ട് ചോദിച്ചു.
103-ാം ഭേദഗതിയില്‍ പിന്നാക്ക വിഭാഗങ്ങളെ ഒഴിവാക്കുന്നതിലൂടെ ഭരണഘടനയുടെ അടിസ്ഥാന ഘടനയുടെ ലംഘനമാണ് ഉണ്ടായതെന്ന് ഹർജിക്കാർക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ ഷദൻ ഫറാസത്ത് വാദിച്ചപ്പോഴാണ് ജസ്റ്റിസ് ഭട്ട് ഈ ചോദ്യം ഉന്നയിച്ചത്.
പിന്നാക്ക വിഭാഗങ്ങൾക്ക് ഇതിനകം സംവരണം ഉള്ളതിനാൽ ഇഡബ്ല്യുഎസ് വിപുലീകരിച്ചേക്കില്ലെന്ന് അഭിഭാഷകനോട് ചീഫ് ജസ്റ്റിസ് പറഞ്ഞു.
“ഈ ഭേദഗതി കൊണ്ടുവന്ന ആശയം, ഞാൻ കരുതുന്നു, പിന്നാക്ക വിഭാഗങ്ങൾക്ക് ഇതിനകം ഒരു സംരക്ഷണ വലയം നൽകിയിട്ടുണ്ട്, അതിലൂടെ അവർക്ക് ഒരുതരം സംരക്ഷണം ലഭിക്കുന്നു… അതുകൊണ്ടാണ് അവരെ ഒഴിവാക്കുന്നത്,” ചീഫ് ജസ്റ്റിസ് കൂട്ടിച്ചേര്‍ത്തു.
എന്നാൽ ഇഡബ്ല്യുഎസ് ക്വാട്ടയും പിന്നാക്ക വിഭാഗ സംവരണവും വ്യത്യസ്തമാണെന്ന് ഫറസത്ത് മറുപടി പറഞ്ഞു.
“പിന്നാക്ക വിഭാഗങ്ങൾക്കുള്ള ക്വാട്ട… ഒരു ഗ്രൂപ്പിനുള്ള ക്വാട്ടയാണ്, ഒരു വ്യക്തിക്കല്ല. അത് ചരിത്രപരമായ തെറ്റുകൾ തിരുത്താനും പ്രാതിനിധ്യം ഉറപ്പാക്കാനുമാണ്. ഇഡബ്ല്യുഎസ് വ്യക്തിയുടെ സാമ്പത്തിക അവസ്ഥ സംബന്ധിച്ചാണ്,” അതിനാൽ അവർക്ക് ഇതിനകം മറ്റ് സംവരണം ഉള്ളതിനാൽ പിന്നോക്കക്കാരെ ഇഡബ്ല്യുഎസിൽ ഉൾപ്പെടുത്തില്ലെന്ന് പറയുന്നത് അനുവദനീയമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങളുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ മറ്റ് അനുകൂല നടപടികളുണ്ടെന്നും അത് സംവരണം ആയിരിക്കണമെന്നില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ചീഫ് ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ ബഞ്ചില്‍, ജസ്റ്റിസുമാരായ ദിനേശ് മഹേശ്വരി, ബേല എം ത്രിവേദി, ജെ ബി പർദിവാല എന്നിവരാണ് മറ്റ് അംഗങ്ങള്‍. പ്രസ്തുത ബഞ്ചാണ് സർക്കാർ ജോലികളിലും പ്രവേശനങ്ങളിലും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് 10 ശതമാനം സംവരണം ഏർപ്പെടുത്തുന്ന 103-ാം ഭേദഗതിയുടെ ഭരണഘടനാ സാധുത ചോദ്യം ചെയ്യുന്ന ഹര്‍ജികള്‍ പരിഗണിക്കുന്നത്.