ഗുസ്തി താരങ്ങളെ ലൈംഗികമായി ചൂഷണം ചെയ്യുകയും ഉപദ്രവിക്കുകയും ചെയ്തുവെന്ന ആരോപണം ഉയർന്നതിനുപിന്നാലെ കൈസർഗഞ്ച് എംപിയും ഗുസ്തി ഫെഡറേഷൻ ഓഫ് ഇന്ത്യ പ്രസിഡന്റുമായ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരെ നടപടിയെടുക്കാൻ ബിജെപിക്ക് മേൽ സമ്മർദം ശക്തമായിട്ടും പാർട്ടി മൗനം തുടരുന്നു. ബ്രിജ് ഭൂഷണിനെതിരെ പെട്ടെന്നുള്ള ഒരു നടപടിക്കും ബിജെപി തയ്യാറായിട്ടില്ല.
1991-ൽ ആദ്യമായി ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അറുപത്തിയാറുകാരൻ അല്ലെങ്കിൽ അദ്ദേഹത്തിന്റെ ഭാര്യ ഏതാണ്ട് അന്നുമുതൽ ഉത്തർപ്രദേശിൽ നിന്നുള്ള എംപിയാണ്. 1996ൽ ദാവൂദ് ഇബ്രാഹിമിന്റെ കൂട്ടാളികൾക്ക് അഭയം നൽകിയെന്നാരോപിച്ച് ടാഡ കേസിൽ കുറ്റാരോപിതനായ സിങ്ങിന് ടിക്കറ്റ് നിഷേധിച്ചപ്പോൾ, അദ്ദേഹത്തിന്റെ ഭാര്യ കെക്തിദേവി സിങ്ങിനെ ഗോണ്ടയിൽ നിന്നുള്ള ബിജെപി സ്ഥാനാർഥിയാക്കി മത്സരിപ്പിച്ച് വിജയിപ്പിച്ചു. 1998-ൽ ഗോണ്ടയിൽ നിന്ന് സമാജ്‌വാദി പാർട്ടിയുടെ കീർത്തിവർധൻ സിങ്ങിനോട് സിങ് പരാജയപ്പെട്ടു.
രാഷ്ട്രീയ സ്വാധീനത്തിനു പുറമേ, അയോധ്യ മുതൽ ശ്രാവസ്തി വരെ 100 കിലോമീറ്റർ ചുറ്റളവിൽ വ്യാപിച്ചുകിടക്കുന്ന 50 ഓളം വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഒരു ശൃംഖലയിലൂടെ സിങ് തന്റെ സ്വാധീനം ശക്തിപ്പെടുത്തിയിട്ടുണ്ട്. സിങ്ങിന്റെ പിൻബലത്തിൽ, അദ്ദേഹത്തിന്റെ ബന്ധുക്കളും അത്തരം സ്ഥാപനങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. ഇതിലൂടെയാണ് സിങ് തന്റെ തിരഞ്ഞെടുപ്പ് തന്ത്രം നടപ്പിലാക്കുന്നതെന്ന് പ്രാദേശിക ബിജെപി വൃത്തങ്ങൾ പറയുന്നു.
2009-ൽ ബിജെപിയുടെ സ്വാധീനം കുറഞ്ഞുവരുന്നതായി മനസ്സിസിലാക്കിയ സിങ് എസ്.പിയിലേക്ക് മാറുകയും കൈസർഗഞ്ചിൽ നിന്ന് ബിജെപി സ്ഥാനാർഥിയെ തോൽപിച്ച് വിജയിക്കുകയും ചെയ്‌തതിന്റെ ഉദാഹരണമാണ് അവർ ചൂണ്ടിക്കാട്ടുന്നത്. 2009ലെ തിരഞ്ഞെടുപ്പിൽ കേന്ദ്രത്തിൽ എസ്പി സഖ്യകക്ഷിയായ യുപിഎ വിജയിച്ചു. 2008 ജൂലൈയിൽ ബിജെപി എംപിയായിരിക്കെ ആണവ കരാർ ചർച്ചയ്ക്കിടെയാണ് സിങ് ഈ തീരുമാനം പ്രഖ്യാപിച്ചത്.
ബിജെപിയിൽ ചേരുന്നതിന് മുമ്പുള്ളതാണ് സിങ്ങിന്റെ സംഘപരിവാറുമായുള്ള ബന്ധം. അന്തരിച്ച വിഎച്ച്പി തലവൻ അശോക് സിംഗാളിന്റെ അടുത്തയാളായി സിങ് കണക്കാക്കപ്പെടുന്നു. അയോധ്യയിൽ പഠിക്കുന്ന സമയത്ത് വിദ്യാർത്ഥി രാഷ്ട്രീയത്തിൽ സജീവമായിരുന്ന സിങ്1992 ഡിസംബർ 6 ന് ബാബറി മസ്ജിദ് തകർക്കുമ്പോൾ ക്ഷേത്രനഗരത്തിൽ ഉണ്ടായിരുന്നു. മസ്ജിദ് തകർക്കാൻ കർസേവകരെ പ്രകോപിപ്പിച്ചതിന് മറ്റുള്ളവർക്കൊപ്പം സിങ്ങിനെതിരെയും കേസെടുത്തു. അപ്പോഴേക്കും സിങ് ബിജെപി സ്ഥാനാർത്ഥിയായി തന്റെ ആദ്യ തിരഞ്ഞെടുപ്പിൽ വിജയിച്ചിരുന്നു.
അയോധ്യ നാളുകളിലാണ് സിങ്ങിന്റെ മറ്റൊരു ഇഷ്ടവും വളരുന്നത്. ഹനുമാൻ ഗർഹിക്കടുത്തുള്ള ഒരു അഖാരയിൽ സിങ് ഗുസ്തി പഠിച്ചു. ‘കർഷകനായ സാമൂഹിക പ്രവർത്തകൻ, സംഗീതജ്ഞൻ, കായികതാരം, വിദ്യാഭ്യാസ വിചക്ഷണൻ’ എന്നാണ് ലോക്‌സഭാ വെബ്‌സൈറ്റിലെ സിങ്ങിന്റെ പ്രൊഫൈലിൽ അദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്.
ഗുസ്തി താരങ്ങൾ വീണ്ടും പ്രതിഷേധം തുടങ്ങിയതോടെ സിങ്ങിന് പ്രതികരിക്കേണ്ടി വന്നിരുന്നു. പോരാടാനുള്ള എന്റെ കഴിവ് അവസാനിച്ചുവെന്ന് എനിക്ക് തോന്നുന്ന ദിവസം ഞാൻ മരണത്തെ ആശ്ലേഷിക്കുമെന്ന് ഗുസ്തി താരങ്ങളുടെ ലൈംഗികാരോപണത്തിലെ സിങ്ങിന്റെ ആദ്യ പ്രതികരണം.
സിങ്ങിന്റെ പങ്ക് അവഗണിക്കാനാവില്ലെന്ന് അദ്ദേഹം നടത്തുന്ന ഒരു കോളേജിലെ പ്രിൻസിപ്പൽ പറഞ്ഞു. ”തൊണ്ണൂറുകളുടെ തുടക്കം വരെ വിദ്യാഭ്യാസപരമായി പിന്നാക്കം നിൽക്കുന്ന ജില്ലകളായിരുന്ന ഗോണ്ട, ബെഹ്‌റൈച്ച്, ശ്രാവസ്തി, ബൽറാംപൂർ എന്നിവിടങ്ങളിലേക്ക് അദ്ദേഹം വിദ്യാഭ്യാസം കൊണ്ടുവന്നു. എവിടെയൊക്കെയാണോ കോളേജ് ഇല്ലാത്തതെന്ന് അദ്ദേഹത്തിന് തോന്നിയത്, അവിടെയൊക്കെ ഒരെണ്ണം സ്ഥാപിച്ചു.”
മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായുള്ള സിങ്ങിന്റെ ബന്ധം അടുത്തിടെ വഷളായതായി വൃത്തങ്ങൾ അറിയിച്ചു. പാർട്ടിയുടെ ഹിന്ദുത്വ മുഖമെന്ന പ്രതിച്ഛായ ആദിത്യനാഥ് ഉയർത്തിക്കാട്ടുമ്പോൾ, അയോധ്യ മേഖലയിൽ ഇരുവരും തമ്മിൽ ചില ഏറ്റുമുട്ടലുണ്ട്. അതേസമയം, പാർട്ടിയിലെ ഉന്നത നേതാക്കളുമായുള്ള സിങ്ങിന്റെ അടുത്ത ബന്ധം അഹംഭാവത്തിന് കാരണമായിട്ടുണ്ട്.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി പ്രാദേശിക ഭരണകൂടം സിങ്ങിനെ കാര്യമായി സഹായിച്ചിട്ടില്ലെന്ന് ഒരു ബിജെപി നേതാവ് പറയുന്നു. ഈ വർഷം ഫെബ്രുവരിയിൽ സിങ്ങിന്റെ അനന്തരവൻ സുമിത് ഭൂഷൺ സിങ് ഗോണ്ടയിലെ 3 ഏക്കറോളം നസൂൽ ഭൂമി അനധികൃതമായി കൈവശം വച്ചതായി ആരോപിക്കപ്പെട്ട ഒരു സംഭവം പാർട്ടി നേതാക്കൾ ചൂണ്ടിക്കാണിച്ചു. അവിടെയുള്ള ഒരു അതിർത്തി മതിൽ ഭരണകൂടം പൊളിക്കുകയും സുമിത്തിനും കൂട്ടാളികൾക്കും എതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യുകയും ചെയ്തു.