ശ്രീനഗര്‍: ജമ്മു കശ്‌മീരിൽ ഭരണ സംഖ്യമായ ബിജെപി-പിഡിപി സഖ്യം തകർന്നതോടെ തിരക്കിട്ട ചര്‍ച്ചയിലാണ് പാര്‍ട്ടികള്‍. പിഡിപിയുമായുളള​ സഖ്യം പിൻവലിക്കുന്നുവെന്ന് ബിജെപി അറിയിക്കുകയായിരുന്നു. 2014 ലാണ് സഖ്യം രൂപീകരിച്ചത്.  മൂന്നരവർഷത്തെ സഖ്യമാണ് തകർന്നത്. ഇനി മുന്നോട്ട് പോകാൻ കഴിയില്ലെന്നാണ് ബിജെപി വക്താവ് റാം മാധവ് സഖ്യം തകർന്നതിനെ കുറിച്ച് പ്രതികരിച്ചത്. ഈ​ സഖ്യത്തിന് ചുക്കാൻ പിടിച്ച റാം മാധവ് തന്നെയാണ് പിന്തുണ​ പിൻവലിക്കുന്ന കാര്യം അറിയിച്ചത്.പിഡിപി സഖ്യം പിൻവലിച്ചതോടെ ജമ്മു കശ്‌മീർ മുഖ്യമന്ത്രി മെഹബൂബ മുഫ്‌തി രാജിവച്ചു. രാജിക്കത്ത് ഗവർണർക്ക് സമർപ്പിച്ചു.

തീവ്രവാദം കൂടുന്നുവെന്ന് ആരോപിച്ചാണ് ബിജെപി പിന്തുണ പിൻവലിക്കുന്നതെന്നാണ് അറിയിച്ചത്. മെഹബൂബ മുഫ്തിയുടെ ഭരണരീതിയില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച് ബിജെപി മന്ത്രിമാര്‍ നേരത്തേ രംഗത്തെത്തിയിരുന്നു. ഏകപക്ഷീയമായ തീരുമാനങ്ങളാണ് മുഫ്തി എടുക്കുന്നതെന്നായിരുന്നു ബിജെപി മന്ത്രിമാരുടെ ആരോപണം. എന്നാല്‍ ബിജെപി- പിഡിപി ബന്ധം തകരാനുണ്ടായ അഞ്ച് കാരണങ്ങള്‍ പരിശോധിക്കാം.

മെഹബൂബ മുഫ്തിയുടെ കശ്‌മീര്‍ അനുകൂല നിലപാട്:

2014ലെ തിരഞ്ഞെടുപ്പില്‍ പിഡിപി ഏറ്റവും വലിയ ഒറ്റകക്ഷി ആയതോടെയാണ് ബിജെപി- പിഡിപി സര്‍ക്കാര്‍ രൂപീകരിച്ചത്. 28 സീറ്റുകള്‍ പിഡിപി നേടിയപ്പോള്‍ 25 സീറ്റുകളായിരുന്നു ബിജെപിയുടെ സമ്പാദ്യം. പിതാവായ മുഫ്തി മുഹമ്മദ് സയീദിന്റെ മരണത്തോടെ മെഹബൂബ മുഫ്തി അധികാരത്തിലേക്ക് വന്നതോടെ ബിജെപിയില്‍ മുറുമുറുപ്പ് ആരംഭിച്ചു. മെഹബൂബ മുഫ്തിയുടെ ഭരണത്തില്‍ മറ്റ് സംസ്ഥാനങ്ങളെ വിലയ്‌ക്ക് വച്ച് കശ്‌മീരിനെ അധികമായി ലാളിക്കുന്നതായി ബിജെപി ആരോപിച്ചു. സംസ്ഥാനത്തെ ബിജെപി അധീന കേന്ദ്രങ്ങള്‍ അവഗണിക്കപ്പെടുന്നതായും ആരോപണം ഉയര്‍ന്നു.

വര്‍ധിച്ച ഭീകരവാദം:

മെഹബൂബ മുഫ്തിയുടെ കീഴില്‍ ഭീകരവാദവും യുവാക്കളുടെ പരിഷ്‌കാരവാദവും വര്‍ധിച്ചതായി ബിജെപി ആരോപിച്ചു. ബിജെപി ജനറല്‍ സെക്രട്ടറി റാം മാധവും ഈ ആരോപണം പരസ്യമായി പറഞ്ഞ് രംഗത്തെത്തി. കശ്‌മീരില്‍ അടിക്കടി വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ആക്രമങ്ങളുണ്ടായി ദിവസങ്ങള്‍ക്ക് ശേഷമാണ് ബിജെപിയുടെ നടപടി. അതേസമയം നോട്ട് നിരോധനം കശ്‌മീരില്‍ ഭീകരവാദവും കല്ലേറും കുറച്ചിട്ടുണ്ടെന്ന ബിജെപിയുടെ മുന്‍ പ്രസ്‌താവനകളെ ഖണ്ഡിക്കുന്നതാണ് പുതിയ നടപടി.

കത്തുവ ബലാത്സംഗക്കൊല:

ബിജെപി- പിഡിപി ബന്ധത്തെ പ്രത്യക്ഷമായി ഉലച്ച സംഭവമായിരുന്നു കത്തുവയില്‍ ക്രൂരമായി ബലാത്സംഗം ചെയ്‌ത് കൊല്ലപ്പെട്ട 8 വയസുകാരിയുടെ കേസ്. സംഭവത്തില്‍ പ്രതികളായവരെ ബിജെപി സംരക്ഷിക്കുന്നുണ്ടെന്ന ആരോപണം പിഡിപി ഉയര്‍ത്തിയിരുന്നു. കത്തുവ സംഭവത്തെ തുടർന്ന് ബിജെപി മന്ത്രിമാരെ പിൻവലിക്കുക തുടങ്ങിയ  നീക്കങ്ങൾ നടത്തിയിരുന്നു. കത്തുവയിൽ നാടോടി മുസ്‌ലിം പെൺകുഞ്ഞിനെ കൊലപ്പെടുത്തിയതിനെ ന്യായീകരിച്ച് ബിജെപിയും സംഘപരിവാർ സംഘടനകളും പരസ്യമായി രംഗത്ത് എത്തിയത് വിവാദമായിരുന്നു. ഈ​ കേസിലെ പ്രതികളെ പിന്തുണച്ച് റാലി നടത്തുക തുടങ്ങിയ സംഭവങ്ങൾ ബിജെപിയെ മാത്രമല്ല, പിഡിപിയെയും പ്രതിരോധത്തിലാക്കിയിരുന്നു. സംഭവത്തില്‍ സിബിഐ അന്വേഷണം ബിജെപി ആവശ്യപ്പെട്ടെങ്കിലും മെഹബൂബ മുഫ്തി പൊലീസ് അന്വേഷണവുമായി മുന്നോട്ട് പോവാന്‍ നിർദ്ദേശിക്കുകയായിരുന്നു. കത്തുവ സംഭവത്തിന് ശേഷം താഴ്‍വരയില്‍ ബിജെപിയുടെ കീഴിലുളള മണ്ണൊലിച്ച് പോവുന്നെന്ന സ്ഥിതിയും വന്നതോടെയാണ് ബിജെപി അപ്രതീക്ഷിതമായി പിന്തുണ പിന്‍വലിച്ചത്.

മെഹബൂബ മുഫ്തിയുടെ ഏകപക്ഷീയ തീരുമാനങ്ങള്‍:

സഖ്യകക്ഷിയായ ബിജെപിക്ക് വേണ്ടത്ര പ്രാധാന്യമോ ഭരണകാര്യത്തില്‍ സ്ഥാനമോ നല്‍കാതെയാണ് മുഫ്തിയുടെ പ്രവര്‍ത്തനമെന്ന് ബിജെപി പരാതി ഉയര്‍ത്തിയിരുന്നു. കല്ലേറ് നടത്തുന്ന പ്രതിഷേധക്കാരെ മോചിപ്പിക്കുക, ബക്കര്‍വാള സമുദായക്കാരെ സര്‍ക്കാര്‍ ഭൂമിയില്‍ നിന്ന് കുടിയിറക്കാതിരിക്കുക, മതവിഭാഗമായ അഹ്ലെ ഹദീസിന് ഭൂമി നല്‍കുക തുടങ്ങിയ തീരുമാനങ്ങള്‍ മുഫ്തി സര്‍ക്കാര്‍ ഏകപക്ഷീയമായി കൈകൊണ്ടത് ബിജെപിയെ പ്രകോപിപ്പിച്ചു.

2019ലെ ലോക്‌സഭ തിരഞ്ഞെടുപ്പ്:

കശ്‌മീര്‍ പ്രശ്‌നം പരിഹരിക്കും എന്നായിരുന്നു 2014ലെ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിയുടെ വമ്പന്‍ പ്രഖ്യാപനങ്ങളിലൊന്ന്. എന്നാല്‍ താഴ്‍വരിലും അതിര്‍ത്തിയിലും കഴിഞ്ഞ 4 വര്‍ഷമായി സ്ഥിതിഗതികള്‍ ഒന്നുകൂടി മോശമാവുകയാണ് ചെയ്‌തത്. എന്നാല്‍ ഒരു വര്‍ഷം മാത്രം ബാക്കി നില്‍ക്കെ എന്ത് ചെയ്യാനാവുമെന്ന ചോദ്യം ബിജെപിക്ക് മുമ്പില്‍ നില്‍ക്കുന്നുണ്ട്. പ്രശ്‌നം പരിഹരിക്കാനായില്ലെങ്കില്‍ ശക്തനായ നേതാവെന്ന മോദിയുടെ പ്രതിച്‌ഛായ തകരുമെന്ന് ബിജെപി ഭയക്കുന്നുണ്ട്. പിന്തുണ പിന്‍വലിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ക്കെതിരെ ആരോപണം ഉന്നയിച്ച് പിടിച്ച് നില്‍ക്കാനാവും ബിജെപി ശ്രമിക്കുക. ഇല്ലെങ്കില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തി സൈന്യത്തിന് കൂടുതല്‍ അധികാരം നല്‍കി കശ്‌മീരിനെ വരുതിയിലാക്കാനാവും ബിജെപി ശ്രമം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ