ന്യൂഡൽഹി: ഡൽഹി ബജറ്റ് തടസപ്പെടുത്തരുത് എന്നാവശ്യപ്പെട്ട് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. അതേസമയം, തരംതാണ പബ്ലിസിറ്റിക്കു വേണ്ടിയാണ് കേജ്‌രിവാളിന്റെ ഈ പ്രവൃത്തിയെന്നും പ്രധാനമന്ത്രിയെ അപകീർത്തിപ്പെടുത്താനുള്ള ഗൂഢാലോചനയുടെ ഭാഗമാണ് ഇത്തരം ആരോപണങ്ങളെന്നും ബിജെപി തിരിച്ചടിച്ചു.
”രാജ്യത്തിന്റെ 75 വർഷത്തെ ചരിത്രത്തിൽ ഇതാദ്യമായാണ് ഒരു സംസ്ഥാന ബജറ്റ് മുടങ്ങുന്നത്. ഡൽഹിയിലെ ജനങ്ങളോട് എന്താണ് നിങ്ങൾക്കിത്ര ദേഷ്യം?. ദയവ് ചെയ്ത് ഡൽഹി ബജറ്റ് മുടക്കരുത്. തങ്ങളുടെ ബജറ്റ് അംഗീകരിക്കാൻ ഡൽഹിയിലെ ജനങ്ങൾ കൂപ്പുകൈകളോടെ നിങ്ങളോട് അഭ്യർത്ഥിക്കുന്നു,” പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ കേജ്‌രിവാൾ എഴുതി.
ഇന്നാണ് ഡൽഹി നിയമസഭയിൽ ബജറ്റ് അവതരിപ്പിക്കേണ്ടിയിരുന്നത്. എന്നാൽ, കേന്ദ്രം തടഞ്ഞുവെന്ന് കേജ്‌രിവാൾ ആരോപിച്ചു. ബജറ്റിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുമതി നൽകിയില്ലെന്നും അതിനാൽ ഇന്ന് ബജറ്റ് അവതരിപ്പിക്കാനാകില്ലെന്നുമാണ് ഒരു ടിവി ചാനൽ പരിപാടിക്കിടെ കേജ്‌രിവാൾ പറഞ്ഞത്.
”എന്തുകൊണ്ടാണ് ഡൽഹി സർക്കാർ ബജറ്റ് സംബന്ധിച്ച ഫയൽ മൂന്ന് ദിവസം പിടിച്ചുവച്ചത്?. ഇത്തരമൊരു കള്ളം പറയാൻ നിയമസഭ സമ്മേളന വേദി ഉപയോഗിക്കുന്നതിനു പകരം ടിവി ചാനൽ തിരഞ്ഞെടുത്തത് എന്തുകൊണ്ട്?. ഇതെല്ലാം പ്രധാനമന്ത്രിയെ അപകീർത്തിപ്പെടുത്താനുള്ള ഗൂഢാലോചനയുടെ ഭാഗമാണ്,” ബിജെപി തിരിച്ചടിച്ചു.
ബജറ്റ് ഒരുക്കങ്ങളുമായി ബന്ധപ്പെട്ട് എത്ര തവണ ഉദ്യോഗസ്ഥരെ കണ്ടുവെന്ന് കേജ്‌രിവാൾ ഉത്തരം പറയണം. സ്പീക്കറുമായി ഒരു വാക്ക് പോലും പറഞ്ഞോയെന്ന് ഡൽഹി ബിജെപി വർക്കിങ് പ്രസിഡന്റ് വിരേന്ദ്ര സച്ച്ദേവ് ചോദിച്ചു.