ന്യൂഡൽഹി: ഇന്ത്യയിലെ ചില്ലറ, മൊത്ത വിപണികൾ രൂക്ഷമായ വിലക്കയറ്റവും നാണയപ്പെരുപ്പവും നേരിടുകയാണെന്ന് കേന്ദ്ര സർക്കാരിന്റെ കണക്കുകൾ.

ചില്ലറവിപണി സൂചിക ജൂൺ മാസത്തിൽ അഞ്ച് ശതമാനമാണ് ഇത് രേഖപ്പെടുത്തിയതെങ്കിൽ മൊത്തവിപണി സൂചിക പ്രകാരം  വിലക്കയറ്റം 5.77 ശതമാനമാണ്. ഇത് വരും ദിവസങ്ങളിൽ കടുത്ത പ്രതിസന്ധിയായിരിക്കും കുടുംബ ബജറ്റുകളിൽ സൃഷ്ടിക്കുകയെന്ന് വിലയിരുത്തപ്പെടുന്നു. സാധാരണഗതിയിൽ താഴ്ന്നു നിൽക്കുന്നതാണ് ജൂൺ മാസത്തെ വിപണി വില സൂചികകൾ. എന്നാൽ അപ്രതീക്ഷിതമായ ഈ വിലക്കയറ്റം ദരിദ്ര, ഇടത്തരക്കാർക്ക് കനത്ത ബാധ്യതയായി മാറുമെന്നാണ് സാമ്പത്തിക രംഗത്തുളളവരുടെ വിലയിരുത്തൽ.

മൊത്തവിലസൂചിക (ഡബ്ലിയുപിഐ) അടിസ്ഥാനമാക്കിയ വിലക്കയറ്റ, നാണയപ്പെരുപ്പ സൂചിക കഴിഞ്ഞ വർഷം ജൂണിൽ 0.90 ശതമാനമായിരുന്നതാണ് ഇത്തവണ 5.77 ആയി ഉയർന്നിരിക്കുന്നത്. ഈ മെയ് മാസം ഇത് 4.43 ശതമാനം ആയിരുന്നു. പച്ചക്കറികളുടെയും പെട്രോളിയം ഉൽപ്പനങ്ങളുടെയും ഭീമമായ വിലക്കയറ്റമാണ് ഇത്ര വലിയ നാണയപ്പെരുപ്പത്തിന് വഴിയൊരുക്കിയിട്ടുളളതെന്ന് സർക്കാർ പുറത്തുവിട്ട ഡാറ്റ വ്യക്തമാക്കുന്നു.

സർക്കാർ കണക്കുകൾ പ്രകാരം ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം മെയ് മാസത്തിൽ 1.60 ശതമാനമായിരുന്നുവെങ്കിൽ ജൂണിൽ അത് 1.80 ശതമാനമായി ഉയർന്നു. പച്ചക്കറിയുടെ വില മെയ് മാസത്തിൽ 2.51 ശതമാനമായിരുന്ന വിലക്കയറ്റം 8.12 ശതമാനമായി കുതിച്ചുയർന്നു.
ഇന്ധനം, ഊർജം എന്നീ മേഖലകളിലെ വിലക്കയറ്റം കുത്തനെ ഉയർന്നു. മെയ് മാസത്തിൽ 11.22 ശതമാനം ആയിരുന്നത് ജൂണിൽ 16.18 ശതമാനമായിട്ടാണ് വർധിച്ചത്.

ഉരുളക്കിഴങ്ങ് വിലക്കയറ്റത്തിന്റെ അങ്ങേയറ്റത്തെത്തി. മെയ് മാസത്തിൽ 81.93 ശതമാനം ആയിരുന്നത് 99.02 ശതമാനം ആയി ഉയർന്നു. ഉളളി വിലയിലും വർധനവാണ് രേഖപ്പെടുത്തുന്നത്, മെയ് മാസം 13.20 ശതമാനം ആയിരുന്നത് ജൂണിൽ 18.25 ശതമാനായി ഉയർന്നു.

ഇതേസമയം ഇന്ത്യൻ രൂപയുടെ മൂല്യം ഇടിയുന്നത് ജൂണിലും തുടരുകയാണ്. ഇപ്പോഴത് 20.23 ശതമാനമാണ് മൂല്യമിടിവ് രേഖപ്പെടുത്തിയിട്ടുളളത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ