ന്യൂഡല്‍ഹി: രാജ്യത്തെ വൈദ്യുതി പ്രതിസന്ധിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ കോണ്‍ഗ്രസ് അധ്യക്ഷനും എംപിയുമായ രാഹുല്‍ ഗാന്ധി. ഭരണ പരാജയത്തില്‍ മോദി ആരെ ഇനി കുറ്റപ്പെടുത്തുമെന്ന് രാഹുല്‍ ചോദിച്ചു.
“പ്രധാനമന്ത്രിയുടെ വാക്കിനും പ്രവര്‍ത്തിക്കും ഒരിക്കലും ബന്ധമില്ല. വൈദ്യുതി പ്രതിസന്ധിയില്‍ മോദി ജി ആരെ പഴിക്കും, നെഹ്റുവിനെയോ സംസ്ഥാനങ്ങളെയോ അതൊ ജനങ്ങളെയോ,” രാഹുല്‍ ചോദ്യമുന്നയിച്ചു.
ട്വിറ്ററിലൂടെയായിരുന്നു രാഹുലിന്റെ പ്രതികരണം. രാജ്യത്ത് 24 മണിക്കൂറും വൈദ്യുതി ലഭ്യമാക്കുമെന്നും 2017 ഓടെ വൈദ്യുതി പ്രതിസന്ധി പൂര്‍ണമായും നീക്കുമെന്നും മോദി 2015 ല്‍ പ്രഖ്യാപിക്കുന്ന വീഡിയോയും രാഹുല്‍ പങ്കുവച്ചു.
നിലവില്‍ രാജ്യത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമാണ്. പല സംസ്ഥാനങ്ങളിലും മണിക്കൂറുകളോളം വൈദ്യുതി നിയന്ത്രണം തുടരുകയാണ്. കേന്ദ്ര സര്‍ക്കാരിന്റെ ഭരണത്തിലെ വീഴ്ചയാണ് പ്രതിസന്ധിക്ക് കാരണമെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.
കല്‍ക്കരി വിതരണത്തിന് വേണ്ട സംവിധാനങ്ങള്‍ മോദി സര്‍ക്കാര്‍ ഒരുക്കുന്നില്ലെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ ഗ്രാമ പ്രദേശങ്ങളില്‍ മൂന്ന മണിക്കൂര്‍ വരെയാണ് നിലവില്‍ വൈദ്യുതി നിയന്ത്രണമെന്നാണ് റിപ്പോര്‍ട്ടുകള്‍.
Also Read: ഷവോമി ഇന്ത്യയുടെ 5,551.27 കോടി രൂപ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പിടിച്ചെടുത്തു