scorecardresearch

മുന്ന ബജ്റംഗി, 40 കൊലയും 400 വെടിയുണ്ടയും; ഉത്തരേന്ത്യ വാണ മറ്റൊരു ഗുണ്ടാ നേതാവിന്റെ കഥ

പൊതുപ്രവർത്തകനായും വാടക കൊലയാളിയായും ഉത്തർപ്രദേശിൽ നിന്ന് വളർന്ന മുന്ന ബജ്റംഗി ഇന്ന് രാവിലെ ജയിലിൽ മറ്റൊരു തടവുപുളളിയുടെ തോക്കിൻ മുനമ്പിൽ വീണു മരിച്ചു

മുന്ന ബജ്റംഗി, 40 കൊലയും 400 വെടിയുണ്ടയും; ഉത്തരേന്ത്യ വാണ മറ്റൊരു ഗുണ്ടാ നേതാവിന്റെ കഥ

ന്യൂഡൽഹി: ഒരിക്കൽ പൊലീസിന്റെ എൻകൗണ്ടറിലെ മരണ മുഖത്ത് നിന്നും കയറി വന്നതാണ് മുന്ന ബജ്റംഗി. എന്നാൽ ഇന്ന് രാവിലെ അയാൾ കൊല്ലപ്പെട്ടു. ഉത്തരേന്ത്യയെ വിറപ്പിച്ച മറ്റൊരു അധോലോക രാജാവാണ് ഉത്തർപ്രദേശിലെ ബാഗ്‌പത് ജയിലിൽ മറ്റൊരു തടവുപുളളിയുടെ വെടിയേറ്റ് കൊല്ലപ്പെട്ടത്.

കിഴക്കൻ ഉത്തർപ്രദേശ് സ്വദേശിയായ മുന്ന ബജ്റംഗി രാജ്യമറിയുന്ന ഒരു ക്വട്ടേഷൻ കൊലയാളിയും അതിന് പുറമെ ഒരു പൊതുപ്രവർത്തകനുമായിരുന്നു. 1990 കളുടെ തുടക്കത്തിൽ മുക്താർ അബ്ബാസ് എന്ന ഗുണ്ടാരാജാവിന്റെ സംഘത്തിലൂടെയാണ് അയാൾ തുടങ്ങിയത്. ജനനത്തിനും മരണത്തിനും ഇടയിലെ ഹ്രസ്വമായ കാലയളവിൽ അയാൾ കൊലപ്പെടുത്തിയതാകട്ടെ 40ലേറെ പേരെയും.

മുലായം സിങ് യാദവിന്റെ നിയമസഭയിൽ സമാജ്‌വാദി പാർട്ടി അംഗമായിരുന്നു മുക്താർ അബ്ബാസ്. ഇവരുടെ എതിർചേരിയായി പിന്നീട് ബ്രിജേഷ് സിങ്ങും സംഘവും വളർന്നു. അയാൾക്ക് പിന്തുണയായത് കൃഷ്ണാനന്ദ റായിയും. 2001 ൽ ഇരു സംഘവും ഏറ്റുമുട്ടിയതിൽ മൂന്ന് പേർ വീതം കൊല്ലപ്പെട്ടു.

അതിന് ശേഷം 2002 ൽ നടന്ന മഹാരാഷ്ട്ര തിരഞ്ഞെടുപ്പിൽ മുക്താർ അൻസാരിയുടെ സഹോദരൻ അഫ്‌സൽ അൻസാരി തുടർച്ചയായി അഞ്ച് വട്ടം ജയിച്ച് മുഹമ്മദ് നഗർ വന്ന മണ്ഡലത്തിൽ ബിജെപി നേതാവ് കൂടിയായിരുന്ന കൃഷ്ണാനന്ദ റായി വെന്നിക്കൊടി പാറിച്ചു. ഇത് ഇരു സംഘങ്ങൾക്കുമിടയിലെ വൈര്യം വർദ്ധിപ്പിച്ചു. മൂന്ന് വർഷം കാത്തിരുന്ന മുക്താർ അൻസാരിയുടെ സംഘം 2005 നവംബറിൽ എതിർചേരിയുടെ തലയറുത്ത് പ്രതികാരം വീട്ടി.

അന്ന് മുന്ന ബജ്റംഗിയുടെ നേതൃത്വത്തിലുളള ഏഴംഗ സംഘമാണ് കൃഷ്ണാനന്ദ റായിയെ വീഴ്ത്തിയത്. ആറ് എകെ 47 തോക്കുകളിൽ നിന്ന് 400 വെടിയുണ്ടകളാണ് കൃഷ്ണാനന്ദ റായിക്കും ഒപ്പമുണ്ടായിരുന്ന സംഘത്തിനും നേർക്ക് ഉതിർത്തത്. അതിൽ നൂറിലേറെ വെടിയുണ്ടകളും കൃഷ്ണാനന്ദ റായിക്ക് നേരെയായിരുന്നു.

മുംബൈയിലെ മലാദിൽ നിന്ന് 2009 ൽ ഇയാൾ പിടിയിലായി. അന്ന് നടന്ന ഏറ്റുമുട്ടലിൽ ഒൻപത് തവണ അയാൾക്ക് വെടിയേറ്റു. മരണത്തിന്റെ മുഖത്ത് നിന്നും പക്ഷെ അയാൾ തിരികെ ജീവിതത്തിലേക്ക് മടങ്ങി. അന്ന് മുതൽ തിഹാർ ജയിലിലായിരുന്ന അയാളെ പിന്നീട് ഝാൻസി ജയിലിലേക്ക് മാറ്റി. അവിടെ നിന്ന് ഇന്നലെ രാത്രിയാണ് മുന്നയെ ബാഗ്‌പത് ജയിലിലേക്ക് മാറ്റിയത്.

മുലായം സിങ് യാദവിന്റെ സമാജ്‌വാദി പാർട്ടിയിലൂടെയായിരുന്നു പൊതുപ്രവർത്തനത്തിന്റെ തുടക്കം. പിന്നീട് 2000 ന്റെ തുടക്കത്തോടെ അയാൾ മായാവതിയുടെ ബിഎസ്‌പിയിലേക്ക് ചേക്കേറി. 2005 ലാണ് കൃഷ്ണാനന്ദ റായി കൊല്ലപ്പെടുന്നത്. തടവിലാക്കപ്പെട്ട 2009 ന് ശേഷം മുന്നയ്ക്ക് എതിരെ ചുമത്തപ്പെട്ടത് 40 ലേറെ കൊലപാതക കേസുകളാണ്.

സുനിൽ രതി എന്ന ഗുണ്ടാത്തലവന്റെ സംഘാംഗമായ സഹതടവുകാരനിൽ നിന്ന് ഇന്ന് രാവിലെ ആറ് മണിയോടെയാണ് മുന്നയ്ക്ക് വെടിയേൽക്കുന്നത്. രാവിലെ ചായകുടിക്കാനായി തടവുപുളളികൾ പുറത്തിറങ്ങിയപ്പോഴായിരുന്നു ആക്രമണം. പത്ത് തവണ മുന്നയ്ക്ക് വെടിയേറ്റു. സംഭവസ്ഥലത്ത് തന്നെ അയാൾ മരിച്ചു.

എന്നാൽ മുന്ന ഈ മരണം മുന്നേ തിരിച്ചറിഞ്ഞിരുന്നുവെന്നാണ് മനസിലാകുന്നത്. ജൂൺ 29 ന് അദ്ദേഹത്തിന്റെ ഭാര്യ, തന്റെ ഭർത്താവിന്റെ ജീവന് ഭീഷണിയുണ്ടെന്ന് കാരണം കാട്ടി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ സമീപിച്ചിരുന്നു. എന്നാൽ ആ മുന്നറിയിപ്പിനെയോ ആശങ്കയെയോ ഭരണകൂടം ഗൗരവത്തിൽ കണ്ടില്ലെന്ന് ഈ കൊലപാതകം വെളിവാക്കുന്നു. സംഭവത്തിൽ മൂന്ന് പൊലീസുകാരെ സസ്പെൻഡ് ചെയ്ത യോഗി ആദിത്യനാഥ് ജുഡീഷ്യൽ അന്വേഷണത്തിനും ഉത്തരവിട്ടു.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Who was munna bajrangi baahubali shot dead in up jail before court appearance

Best of Express