ഇക്കഴിഞ്ഞ ജനുവരി വരെ ലോകത്തിലെ ഏറ്റവും ഭാരമേറിയ വ്യക്തിയായിരുന്നു ഇമാന്‍ അഹമ്മദ് എന്ന ഈജിപ്തുകാരി. അബുദാബിയിലെ ബുര്‍ജില്‍ ആശുപത്രിയില്‍ ഇന്നു പുലര്‍ച്ചെ 4.35 നായിരുന്നു ഇമാന്റെ അന്ത്യം. ഭാരം കുറയ്ക്കാനുള്ള ചികിത്സ തുടരുന്നതിനിടെയാണ് മരണം സംഭവിച്ചത്.

ഫെബ്രുവരിയിലായിരുന്നു ഭാരം കുറയ്ക്കുന്ന ചികിത്സയ്ക്കായി ഇമാന്‍ ഇന്ത്യയില്‍ എത്തിയത്. കൃത്യമായി പറഞ്ഞാല്‍ ഫെബ്രുവരി 11ന്. 500 കിലോ ആയിരുന്നു അന്ന് ഇമാന്റെ ഭാരം. മുംബൈ സൈഫി ആശുപത്രിയില്‍ നടത്തിയ ചികിത്സയില്‍ ഇമാന്റെ ഭാരം കുറഞ്ഞിരുന്നു. പിന്നീട് ഇമാന്‍ അബുദാബിയിലേക്ക് പോയി. അവിടെ നിന്നും എല്ലാ ഭാരവും ഉപേക്ഷിച്ച് മറ്റൊരു ലോകത്തേക്കും.

ഇന്ത്യയിലേക്ക് വരുന്നതിനു മുമ്പ് വരെ കുടുംബമൊന്നിച്ചായിരുന്നു ഇമാന്റെ എല്ലാ കാര്യങ്ങളും നോക്കിയിരുന്നത്. ഒരുമാസം ഇമാന്റെ ചെലവിനായി 7,000 ഈജിപ്ത്യന്‍ പൗണ്ടായിരുന്നു വേണ്ടിയിരുന്നത്. സഹോദരി ഷൈമ സലീം, മാതാവ് സന സലീം എന്നിവരായിരുന്നു എല്ലാ കാര്യങ്ങളും നോക്കി നടത്തിയിരുന്നത്.

36 വയസുകാരിയായ ഇമാനെ ശസ്ത്രക്രിയയ്ക്കായി ഇന്ത്യയില്‍ എത്തിച്ചത് പ്രത്യേക വിമാനത്തിലായിരുന്നു. മുംബൈയിലെ സൈഫി ആശുപത്രിയില്‍ ഡോക്ടര്‍ മുഫസല്‍ ലദ്ക്വാലയുടെ നേതൃത്വത്തില്‍ 15 ഡോക്ടര്‍മാര്‍ അടങ്ങുന്ന സംഘമായിരുന്നു ഇമാനെ പരിചരിച്ചിരുന്നത്. അമിതഭാരം കൂടാതെ, ഉയര്‍ന്ന തൈറോയ്ഡ്, പ്രമേഹം, ഹൈപ്പര്‍ ടെന്‍ഷന്‍, വൃക്ക സംബന്ധമായ തകരാറുകള്‍ എന്നിവയും ഇമാനുണ്ടായിരുന്നു. ഭാരം കുറയ്ക്കുന്നതിന്റെ ഭാഗമായി ഭക്ഷണത്തില്‍ കര്‍ശനമായ നിയന്ത്രണങ്ങളായിരുന്നു ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരുന്നത്. പിന്നീട് മാര്‍ച്ചില്‍ ഭാരം കുറയ്ക്കുന്നതിനായുള്ള ബാരിയാട്രിക് ശസ്ത്രക്രിയയ്ക്ക് ഇമാന്‍ വിധേയയായി. ഇതുവഴി 120 കിലോ ഭാരമാണ് കുറഞ്ഞതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു. അതിനുശേഷം പഴയതിനേക്കാള്‍ നന്നായി ഉറങ്ങാനും വൃക്കസംബന്ധമായ അസുഖങ്ങള്‍ ഒരുപരിധിവരെ നിയന്ത്രണത്തില്‍ കൊണ്ടുവരാനും സാധിച്ചു.

പിന്നീട് ഫിസിയോ തെറാപ്പിയിലൂടെ ഇമാന്റെ അവസ്ഥയെ കൂടുതല്‍ മെച്ചപ്പെടുത്താമെന്നായിരുന്നു ഡോക്ടര്‍മാരുടെ പ്രതീക്ഷ. അതിനാല്‍ ഇമാന്റെ ചികിത്സ തീര്‍ന്നു ഇനി ഡിസ്ചാര്‍ജാവാം എന്നു ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നെങ്കിലും വണ്ണം കുറഞ്ഞെന്ന ഡോക്ടര്‍മാരുടെ അവകാശവാദം തെറ്റാണെന്നാരോപിച്ച് ഇമാന്റെ സഹോദരി ഷൈമ പിന്നീട് രംഗത്തെത്തിയിരുന്നു. ഇത് വലിയ വിവാദമായിരുന്നു. ആറുമാസത്തെ ചികിത്സയിലൂടെ ഇമാനെ പൂര്‍ണമായും സുഖപ്പെടുത്താമെന്നായിരുന്നു ആശുപത്രി അധികൃതര്‍ തുടക്കത്തില്‍ പറഞ്ഞിരുന്നതെന്നും ഷൈമ ആരോപിച്ചു. അതേസമയം, അത്തരത്തില്‍ ഒരു വാഗ്‌ദാനം തങ്ങള്‍ നല്‍കിയിട്ടില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

പിന്നീട് ഇമാനെ മറ്റൊരു ആശുപത്രിയിലേക്കു മാറ്റാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. അതിനിടെ അബുദാബിയില്‍ തുടര്‍ചികിത്സയ്ക്ക് സാഹചര്യം ഒരുങ്ങി. അബുദാബിയിലെ ചികിത്സയെത്തുടര്‍ന്ന് ആദ്യമായി ഇമാന്‍ തനിയെ ഭക്ഷണം കഴിച്ചു തുടങ്ങിയതും വാര്‍ത്തയായിരുന്നു. സ്പീച്ച് തെറാപ്പി നടത്തി ശബ്ദത്തിന് വ്യക്തത വരുത്തി. രണ്ടു വര്‍ഷത്തിനിടെ ഇതാദ്യമായി കൈകാലുകള്‍ അനക്കിയെന്നും റിപ്പോര്‍ട്ടുകള്‍ വന്നു.

അഞ്ച് കിലോഗ്രാം ഭാരത്തോടെയാണ് ഇമാന്‍ ജനിച്ചത്. 11 വയസോടെ നടക്കാന്‍ കഴിയാന്‍ പറ്റാത്തവണ്ണം ഇമാന് ഭാരം കൂടി. പിന്നീടാണ് ഇമാന് മസ്തിഷ്കാഘാതം ഉണ്ടായത്. അന്ന് തൊട്ട് ഇന്നുവരെ പിന്നെ ഇമാന്റെ ജീവിതം കിടക്കയിലായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ