ന്യൂഡൽഹി: ഗാംബിയയിലെ കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട് നാല് ഇന്ത്യന്‍ നിര്‍മ്മിത ചുമ സിറപ്പുകള്‍ക്കെതിരെയുള്ള ജാഗ്രതയില്‍ ഉറച്ചുനില്‍ക്കുന്നതായി ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ). ‘അപകടസാധ്യതകളെക്കുറിച്ച് ആഗോള മുന്നറിയിപ്പ് നല്‍കുക എന്നതിനാലാണ് ലോകാരോഗ്യ സംഘടനയുടെ ഉത്തരവ്. ലോകാരോഗ്യ സംഘടന സ്വീകരിച്ച നടപടിയില്‍ ഉറച്ചുനില്‍ക്കുന്നു,’ ഇന്ത്യന്‍ എക്സ്പ്രസ് അയച്ച ചോദ്യങ്ങള്‍ക്ക് മറുപടിയായി ലോകാരോഗ്യ സംഘടന പറഞ്ഞു.
‘നിഗൂഢമായ അസുഖം മൂലം നിരവധി കുട്ടികള്‍ മരിക്കുമ്പോള്‍, അത് ഒരു ദുരന്തമാണ്, അതിനര്‍ത്ഥം ഡബ്ല്യുഎച്ച്ഒ വേഗത്തില്‍ പ്രവര്‍ത്തിക്കണമെന്നാണ്.’ ഇന്തോനേഷ്യയിലെ കുട്ടികളില്‍ കാണപ്പെടുന്ന വൃക്ക ക്ഷതം ഉള്‍പ്പെടെയുള്ള കേസുകളില്‍ ചെയ്യുന്നതിന് സമാനമായി നാല് സിറപ്പുകള്‍ക്കുമെതിരെ രാജ്യങ്ങളോട് ജാഗ്രത പുലര്‍ത്താന്‍ ഡബ്ല്യുഎച്ച്ഒ പറഞ്ഞു. ഇന്ത്യയില്‍ നിര്‍മ്മിച്ച സിറപ്പുകളുമായി ബന്ധപ്പെട്ട് ഗാംബിയയിലെ എഴുപതോളം കുട്ടികള്‍ വൃക്ക തകരാറുമൂലം മരിച്ചു, ലോകാരോഗ്യ സംഘടന ജാഗ്രതയില്‍ വ്യക്തമാക്കി.
ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ ഡിസംബര്‍ 13-ന് ഏജന്‍സിക്ക് അയച്ച കത്തില്‍ നടപടി പെട്ടെന്നുള്ളതാണെന്നും എല്ലാ ആശയവിനിമയങ്ങളും സ്വതന്ത്രമായ സ്ഥിരീകരണത്തിനായി കാത്തിരിക്കാതെയുള്ളതാണെന്നും ”പറഞ്ഞിരുന്നു.
ഗാംബിയയില്‍ നിന്നുള്ള സംശയാസ്പദമായ ചുമ സിറപ്പുകള്‍ ഘാനയിലെയും സ്വിറ്റ്സര്‍ലന്‍ഡിലെയും ലബോറട്ടറികളുമായില്‍ പരീക്ഷിക്കുകയും എഥിലീന്‍ ഗ്ലൈക്കോള്‍, ഡൈ-എഥിലീന്‍ ഗ്ലൈക്കോള്‍ എന്നിവയുടെ അധിക അളവ് സ്ഥിരീകരിക്കുകയും ചെയ്തതായി ലോകാരോഗ്യ സംഘടന പ്രതികരിച്ചിരുന്നു. ”ഈ മലിനമായ സിറപ്പുകള്‍ അപകടകരമാണ്, അവ ഒരു മരുന്നിലും ഉണ്ടാകരുത്,” ലോകാരോഗ്യ സംഘടന പ്രസ്താവനയില്‍ പറയുന്നു.
ഡബ്ല്യുഎച്ച്ഒ ഉടന്‍ തന്നെ ഗാംബിയയിലെയും ഇന്ത്യയിലെയും അധികാരികളുമായും സംശയാസ്പദമായ ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാതാവുമായ മെയ്ഡന്‍ ഫാര്‍മസ്യൂട്ടിക്കല്‍സുമായി സ്ഥിരീകരണ ഫലങ്ങള്‍ പങ്കിട്ടു. ഗുണനിലവാര നിയന്ത്രണ ആവശ്യങ്ങള്‍ക്കായി കമ്പനി ഗാംബിയയിലേക്ക് കയറ്റുമതി ചെയ്ത അതേ ബാച്ചില്‍ നിന്നുള്ള സിറപ്പിന്റെ സാമ്പിളുകളില്‍ എഥിലീന്‍ ഗ്ലൈക്കോളോ ഡൈ-എഥിലീന്‍ ഗ്ലൈക്കോളോ അടങ്ങിയിട്ടില്ലെന്ന് ഇന്ത്യയുടെ ഡിസിജിഐയുടെ വി ജി സോമനിയുടെ കത്തില്‍ പറയുന്നു.
ഈ വർഷം ഗാംബിയയിൽ 69 കുട്ടികളുടെ മരണത്തിന് മെയ്ഡന്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയുടെ ചുമയ്ക്കും ജലദോഷത്തിനുമുള്ള സിറപ്പുകളും കാരണമായേക്കാമെന്ന് ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട് പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെ ഒക്ടോബറിൽ ഹരിയാനയിലെ സോനെപട്ടിലെ മെയ്ഡൻ ഫാർമസ്യൂട്ടിക്കലിന്റെ പ്രധാന ഫാക്ടറി ആരോഗ്യ വിഭാഗം അടച്ചുപൂട്ടിയിരുന്നു.