/indian-express-malayalam/media/media_files/uploads/2021/08/EAMCET-A-1-1.jpg)
ന്യൂഡൽഹി: ഉയർന്ന അപകടസാധ്യതയുള്ള വിഭാഗങ്ങൾക്ക് ബൂസ്റ്റർ ഡോസ് നൽകണമെന്ന് ലോകാരോഗ്യ സംഘടന (ഡബ്ള്യുഎച്ച്ഒ). ബൂസ്റ്റർ ഡോസ് നൽകേണ്ടത് പൂർണമായും തെളിവുകളുടെ അടിസ്ഥാനത്തിൽ ആയിരിക്കണമെന്നും ഉയർന്ന അപകടസാധ്യത ഉള്ളവരെയും ആരോഗ്യപ്രവർത്തകരെയും ലക്ഷ്യം വച്ചുള്ളതായിരിക്കണമെന്നും ബുധനാഴ്ച നടത്തിയ സുപ്രധാന പ്രഖ്യാപനത്തിൽ ഡബ്ള്യുഎച്ച്ഒ പറഞ്ഞു.
രണ്ടാമത്തെ ഡോസിന് ശേഷം ആറ് മാസത്തിനുള്ളിൽ ഗുരുതര കോവിഡ് രോഗത്തിനെതിരെ വാക്സിൻ സംരക്ഷണത്തിൽ കുറവ് കാണുന്നുണ്ടെന്ന തെളിവുകൾ പുറത്തുവന്ന ശേഷമാണ് ബൂസ്റ്റർ ഡോസുകളെക്കുറിച്ചുള്ള ലോകാരോഗ്യ സംഘടനയുടെ പ്രസ്താവന വരുന്നത്. ഒക്‌ടോബർ നാലിന്, ബൂസ്റ്റർ ഡോസുകൾ നൽകേണ്ടത് വാക്സിൻ ഏറ്റവും ആവശ്യമുള്ള വിഭാഗങ്ങളെ ലക്ഷ്യം വച്ചായിരിക്കണമെന്ന് അഡ്വൈസറി ഗ്രൂപ്പ് ഓഫ് എക്സ്പേർട്സ് ഓൺ ഇമ്യൂണൈസേഷൻ (എസ്എജിഇ) പറഞ്ഞിരുന്നു, എന്നാൽ ബൂസ്റ്റർ ഡോസിനെ കുറിച്ച് പഠനങ്ങൾ ആവശ്യമുണ്ടെന്നും അവർ വ്യക്തമാക്കിയിരുന്നു.
ലോകാരോഗ്യ സംഘടനയുടെ ശുപാർശകൾ പ്രകാരം രണ്ട് മുൻഗണനാ വിഭാഗങ്ങൾക്ക് ബൂസ്റ്റർ ഡോസുകൾ നൽകുന്നത് ഇന്ത്യ പരിഗണിക്കാൻ സാധ്യതയുണ്ട്. ലോകാരോഗ്യസംഘടനയുടെ ഈ ഇടക്കാല പ്രസതാവനയ്ക്ക് ഇന്ത്യയിൽ വലിയ പ്രാധാന്യമുണ്ട്. കാരണം ഇന്ത്യ ലോകാരോഗ്യ സംഘടനയുടെ ശുപാർശകൾ കൃത്യമായി പിന്തുടരുന്ന രാജ്യമാണ്. പിന്നെ ഈ വർഷം ജനുവരി 16 മുതൽ ഇന്ത്യ ആരോഗ്യ പ്രവർത്തകർക്ക് വാക്സിനേഷൻ നൽകിത്തുടങ്ങിയിരുന്നു.
ഉയർന്ന അപകടസാധ്യതയുള്ള ജനസംഖ്യയിൽ ഗുരുതരമായ രോഗങ്ങളിൽ നിന്നുള്ള സംരക്ഷണം കുറയുന്നത് ബൂസ്റ്റർ വാക്സിനേഷൻ ആവശ്യകതയെ സൂചിപ്പിക്കുന്നുവെന്ന് ഇടക്കാല ഉത്തരവിൽ എസ്എജിഇയും എടുത്ത് പറയുന്നുണ്ട്. വാക്‌സിൻ ഫലപ്രാപ്തി കുറയുന്നതിന്റെ തെളിവുകൾ, പ്രത്യേകിച്ച് ഉയർന്ന അപകടസാധ്യതയുള്ള ജനങ്ങളിൽ ഗുരുതരമായ രോഗങ്ങളിൽ നിന്നുള്ള സംരക്ഷണം കുറയുന്നത്, ബൂസ്റ്റർ വാക്സിന്റെ ഉപയോഗം ഉൾപ്പെടെ, ഗുരുതരമായ രോഗം തടയുന്നതിന് പുതിയ വാക്സിനേഷൻ തന്ത്രങ്ങൾ ആവശ്യപ്പെടുന്നുണ്ട്," അതിൽ പറഞ്ഞു.
Also Read: ഒമിക്രോണ്‍ ഭീഷണി: ഡല്‍ഹിയില്‍ ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങള്‍ക്ക് വിലക്ക്
ഇന്ത്യയിൽ നൽകുന്ന കോവിഷീൽഡ് ഉൾപ്പെടുന്ന നാല് കോവിഡ് വാക്സിനുകൾക്ക് കോവിഡിനെതിരെയുള്ള വാക്സിൻ ഫലപ്രാപ്തി 6 മാസംകൊണ്ട് ഏകദേശം എട്ട് ശതമാനം കുറഞ്ഞിട്ടുണ്ടെന്ന് അടുത്തിടെ നടത്തിയ അവലോകനത്തിന്റെയും മെറ്റാ-റിഗ്രഷൻ വിശകലനത്തിന്റെയും അടിസ്ഥാനത്തിൽ കണ്ടെത്തിയിട്ടുണ്ടെന്ന് അതിൽ ചൂണ്ടിക്കാട്ടി.
"50 വയസ്സിനു മുകളിലുള്ളവരിൽ, ഗുരുതരമായ രോഗത്തിനെതിരായ വാക്സിൻ ഫലപ്രാപ്തി ഏകദേശം പത്ത് ശതമാനം കുറഞ്ഞു. രോഗലക്ഷണങ്ങളുള്ള കേസുകളിൽ വാക്സിൻ ഫലപ്രാപ്തി 50 വയസ്സിനു മുകളിലുള്ളവരിൽ 32% കുറഞ്ഞു." റിപ്പോർട്ടിൽ പറഞ്ഞു.
ഒമിക്രോണിനെതിരെ ഈ കണക്കുകളിൽ മാറ്റമുണ്ടായേക്കാമെന്നും ഗുരുതരമായ രോഗങ്ങളിൽ നിന്നുള്ള സംരക്ഷണത്തിന് ബൂസ്റ്റർ വാക്സിനേഷന്റെ സാധ്യതയെക്കുറിച്ച് മനസിലാക്കാൻ കൂടുതൽ ഡാറ്റ ആവശ്യമാണെന്നും ലോകാരോഗ്യ സംഘടന പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.