ധർ (മധ്യപ്രദേശ്): പുൽവാമ ഭീകരാക്രമണം പ്രധാനമന്ത്രി നരേന്ദ്ര മോദി ഗൗരവമായി എടുത്തില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ദിഗ്‌വിജയ് സിങ്. ”പുൽവാമ ആക്രമണത്തെക്കുറിച്ചുളള വാർത്ത പുറത്തുവന്നപ്പോൾ നരേന്ദ്ര മോദി ജിം കോർബെട്ട് പാർക്കിൽ ഷൂട്ടിലായിരുന്നു. ആക്രമണത്തെക്കുറിച്ച് അറിഞ്ഞയുടൻ മോദി ഡൽഹിയിലേക്ക് എത്തേണ്ടതായിരുന്നു. രാജ്യത്ത് ദുഃഖാചരണം പ്രഖ്യാപിക്കുകയും ക്യാബിനറ്റ് മന്ത്രിമാരുടെ അടിയന്തര യോഗം വിളിക്കുകയും ചെയ്യണമായിരുന്നു,” സിങ് പറഞ്ഞു.

മോദിയുടെ 56 ഇഞ്ച് നെഞ്ചളവിനെ ദിഗ്‌വിജയ് സിങ് പരിഹസിക്കുകയും ചെയ്തു. മോദിയുടെ 56 ഇഞ്ച് നെഞ്ചളവ് ആരെങ്കിലും അളന്നിട്ടുണ്ടോയെന്നായിരുന്നു സിങ് ചോദിച്ചത്. കാറിൽ നിറയെ സ്ഫോടക വസ്തുക്കളുമായി 10-15 കിലോമീറ്റർ സഞ്ചരിച്ചാണ് ഭീകരൻ എത്തിയത്. ഇതിനിടയിൽ പരിശോധന ഇല്ലായിരുന്നോ? 3.5 ക്വിന്റൽ സ്ഫോടക വസ്തുക്കൾ പരിശോധനയിൽ കണ്ടില്ലേ? കേന്ദ്രസർക്കാർ ഇതുവരെ ഈ ചോദ്യങ്ങൾക്ക് മറുപടി നൽകിയിട്ടില്ലെന്നും സിങ് പറഞ്ഞു.

ഭീകരവാദത്തെയും രാജ്യസുരക്ഷയെ ബാധിക്കുന്ന പ്രശ്നങ്ങളെയും കോൺഗ്രസ് രാഷ്ട്രീയവത്കരിക്കാറില്ലെന്ന് സിങ് പറഞ്ഞു. ഭീകരവാദത്തിന് ഇരകളായവരാണ് കോൺഗ്രസെന്ന് ഇന്ദിര ഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും മരണത്തെ ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook