ന്യൂഡൽഹി: ഗാംബിയയിലെ 66 കുട്ടികളുടെ മരണത്തെത്തുടർന്ന് പനി, ജലദോഷം, ചുമ എന്നിവക്കെതിരെയുള്ള ഇന്ത്യന്‍ കമ്പനിയുടെ നാല് സിറപ്പുകൾക്കെതിരെ ജാഗ്രതാ നിർദേശവുമായി ലോകാരോഗ്യ സംഘടന (ഡബ്ല്യു എച്ച് ഒ). ഹരിയാന ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന മെയ്ഡന്‍ ഫാര്‍മസ്യൂട്ടിക്കല്‍സിന്റെ പ്രൊമെത്തസീന് ഓറല്‍ സൊലൂഷന്, കൊഫക്സ്മാലിന് ബേബി കഫ് സിറപ്പ്, മാക്കോഫ് ബേബി കഫ് സിറപ്പ്, മാഗ്രിപ് എന്‍ കോള്‍ഡ് സിറപ്പ് എന്നീ മരുന്നുകള്‍ ഉപയോഗിക്കരുതെന്നാണു നിർദേശം.
ഈ മരുന്നുകൾ ഗുരുതരമായ വൃക്ക തകരാറുകളുണ്ടാക്കുന്നതായാണു ഡബ്ല്യു എച്ച് ഒയുടെ മെഡിക്കല്‍ ഉല്‍പ്പന്ന മുന്നറിയിപ്പിൽ പറയുന്നത്. വിഷയത്തില്‍ കമ്പനിയുമായും ഇന്ത്യയിലെ മരുന്ന് നിയന്ത്രണ അധികൃകതരുമായും ബന്ധപ്പെട്ടു കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.
പ്രതികരണം തേടിയുള്ള തങ്ങളുടെ അഭ്യര്‍ത്ഥനയോട് മെയ്ഡന്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് ഇതുവരെ പ്രതികരിച്ചിട്ടില്ലെന്നും റോയിട്ടേഴ്സ് റിപ്പോര്‍ട്ടില്‍ പറയുന്നു.
‘സബ് സ്റ്റാന്‍ഡേര്‍ഡ്’ മെഡിക്കല്‍ ഉല്‍പ്പന്നങ്ങള്‍ എന്നു വിശേഷിപ്പിച്ചുകൊണ്ടാണ് ഡബ്ല്യു എച്ച് ഒ ഈ നാല് മരുന്നുകള്‍ക്കെതിരെ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചത്. ഗുണനിലവാര മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ പരാജയപ്പെടുന്ന ഉല്പ്പന്നങ്ങളെയാണു ഡബ്ല്യു എച്ച് ഒ ‘സബ് സ്റ്റാന്‍ഡേര്‍ഡ്’ മെഡിക്കല്‍ ഉല്‍പ്പന്നങ്ങള്‍ എന്നു വിശേഷിപ്പിക്കുന്നത്.
ഈ ഉല്‍പ്പന്നങ്ങളുടെ സുരക്ഷയും ഗുണനിലവാരവും സംബന്ധിച്ച് നിര്‍മാതാക്കളായ മെയ്ഡന്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് ലിമിറ്റഡ് ഇന്നുവരെ ഗ്യാരണ്ടി നല്‍കിയിട്ടില്ലെന്നു ഡബ്ല്യു എച്ച് ഒ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച മുന്നറിയിപ്പിൽ പറയുന്നു.
നാല് മരുന്നുകളിലും അസ്വീകാര്യമായ അളവില്‍ ഡൈത്തിലീന്‍ ഗ്ലൈക്കോളിന്റെയും എഥിലീന്‍ ഗ്ലൈക്കോളിന്റെയും സാന്നിധ്യം സാമ്പിളുകളുടെ ലബോറട്ടറി വിശകലനം സ്ഥിരീകരിച്ചതായി മുന്നറിയിപ്പിൽ പറയുന്നു. ഈ നാല് ഉല്‍പ്പന്നങ്ങളുടെയും വില്‍പ്പന്ന ഗാംബിയയില്‍ സ്ഥിരീകരിച്ചതായും
അനൗപചാരിക വിപണികളിലൂടെ മറ്റു രാജ്യങ്ങളിലേക്കോ പ്രദേശങ്ങളിലേക്കോ ഇവ വിതരണം ചെയ്തിരിക്കാനുള്ള സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു.
ഡൈത്തിലീന്‍ ഗ്ലൈക്കോളും എഥിലീന്‍ ഗ്ലൈക്കോളും കഴിക്കുമ്പോള്‍ മനുഷ്യശരീരത്തില്‍ വിഷാംശമുണ്ടാക്കുന്നു. ഇതു വയറുവേദന, ഛര്‍ദ്ദി, വയറിളക്കം, മൂത്രമൊഴിക്കാനുള്ള കഴിവില്ലായ്മ, തലവേദന, മാനസികാവസ്ഥയിലെ മാറ്റം, മരണത്തിലേക്കു നയിച്ചേക്കാവുന്ന ഗുരുതരമായ വൃക്ക തകരാറുകള്‍ എന്നിവയ്ക്കു കാരണമായേക്കാം.
ജാഗ്രതാ നിര്‍ദേശത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന നിലവാരമില്ലാത്ത ഉല്‍പ്പന്നങ്ങള്‍ സുരക്ഷിതമല്ലെന്നും അവയുടെ ഉപയോഗം, പ്രത്യേകിച്ച് കുട്ടികളില്‍ ഗുരുതരമായ തകരാറുകളോ മരണമോ ഉണ്ടാക്കിയേക്കാം. ഈ ഉല്‍പ്പന്നങ്ങളുടെ എല്ലാ ബാച്ചുകളും ബന്ധപ്പെട്ട ദേശീയ റെഗുലേറ്ററി അതോറിറ്റികള്‍ക്ക് വിശകലനം ചെയ്യാന്‍ കഴിയുന്നതുവരെ സുരക്ഷിതമല്ലെന്നു കണക്കാക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.