പ്രശസ്ത കഫെ കോഫി ഡേ ശൃംഖലയുടെ സ്ഥാപകനും ഉടമസ്ഥനും കർണാടക മുൻ മുഖ്യമന്ത്രി എസ്.എം.കൃഷ്ണയുടെ മരുമകനുമാണ് വി.ജി.സിദ്ധാർഥ. തിങ്കളാഴ്ച രാത്രി മംഗളൂരുവിൽനിന്നാണ് സിദ്ധാർഥയെ കാണാതായത്. ചിക്കമംഗളൂരുവിൽ ബിസിനസ് ആവശ്യങ്ങൾക്കായി പോയ സിദ്ധാർഥയെ തിങ്കളാഴ്ച വൈകിട്ട് നേത്രാവതി നദിക്കു കുറുകെയുളള ഉള്ളാൽ പാലത്തിൽവച്ചാണ് അവസാനമായി കണ്ടത്.
പാലത്തിനു സമീപത്തേക്ക് തന്നെക്കൊണ്ടു പോകാൻ സിദ്ധാർഥാണ് ഡ്രൈവറോട് ആവശ്യപ്പെട്ടത്. കാറിൽനിന്നും ഇറങ്ങിയ സിദ്ധാർഥ നടക്കാൻ പോയി. ”താൻ മടങ്ങിവരുന്നതുവരെ ഡ്രൈവറോട് കാത്തുനിൽക്കാൻ സിദ്ധാർഥ ആവശ്യപ്പെട്ടു. രണ്ടു മണിക്കൂർ കഴിഞ്ഞിട്ടും സിദ്ധാർഥ മടങ്ങി വരാത്തതോടെ ഡ്രൈവർ പൊലീസിനെ വിവരം അറിയിച്ചു. കാണാനില്ലെന്ന പരാതിയും നൽകി,” ദക്ഷിണ കന്നഡ ജില്ലയിലെ ഡെപ്യൂട്ടി കമ്മിഷ്ണർ സെന്തിൽ ശശികാന്ത് സെന്തിൽ പിടിഐയോട് പറഞ്ഞു.
കർണാടകയിലെ ചിക്കമംഗളൂരു ജില്ലയിലെ മാലെനാടിലാണ് സിദ്ധാർഥ ജനിച്ചത്. മാംഗ്ലൂർ യൂണിവേഴ്സിറ്റിയിൽനിന്നും ഇക്കണോമിക്സിൽ ബിരുദാനന്തര ബിരുദം നേടി. കർണാടക മുൻ മുഖ്യമന്ത്രി എസ്.എം.കൃഷ്ണയുടെ മകൾ മാളവികയാണ് ഭാര്യ.
Read Also: പ്രമുഖ വ്യവസായി വി.ജി.സിദ്ധാർഥയെ കാണാനില്ല; തിരച്ചിൽ തുടരുന്നു
തന്റെ 24-ാം വയസിലാണ് സിദ്ധാർഥയുടെ കരിയർ തുടങ്ങുന്നത്. 1983-84 ൽ മുംബൈയിലെ ജെഎം ഫിനാൻഷ്യൽ ലിമിറ്റഡിൽ മാനേജ്മെന്റ് ട്രെയിനിനായി ചേർന്നു. രണ്ടു വർഷത്തിനുശേഷം ബെംഗളൂരുവിൽ മടങ്ങിയെത്തി സ്വന്തം ബിസിനസ് തുടങ്ങി. ഏകദേശം 15 വർഷത്തിനുശേഷമാണ് സിദ്ധാർഥ കാപ്പിക്കുരു ബിസിനസ് തുടങ്ങുന്നത്. ചിക്കമംഗളൂരുവിൽ കാപ്പി കൃഷി ചെയ്ത് പ്രതിവർഷം 28,000 ടൺ കാപ്പിക്കുരു കയറ്റുമതി ചെയ്തു. ഇതിനു പുറമേ പ്രാദേശികമായി 2,000 ടൺ കാപ്പിക്കുരു വിൽപനയ്ക്കെത്തിച്ച് പ്രതിവർഷം 350 മില്യൻ വരുമാനം നേടി.
1992 ലാണ് ഇപ്പോൾ ‘കോഫി ഡേ ഗ്ലോബൽ’ എന്ന പേരിൽ അറിയപ്പെടുന്ന ‘അമൽഗമേറ്റഡ് ബീൻ കമ്പനി’ (എബിസി) സിദ്ധാർഥ തുടങ്ങുന്നത്. 60 മില്യനിൽനിന്നും പിന്നീട് കമ്പനിയുടെ വരുമാനം 25 ബില്യനായി ഉയർന്നു. 12,000 ഏക്കർ കാപ്പി തോട്ടത്തിന്റെ ഉടമയാണ് സിദ്ധാർഥ. സൗത്ത് ഇന്ത്യയിൽ 200 ഓളം റീട്ടെയിൽ ഔട്ട്ലെറ്റുകളിൽ അദ്ദേഹത്തിന്റെ കോഫി ഡേ ബ്രാൻഡ് പൗഡർ വിൽക്കുന്നുണ്ട്. ഗ്രീൻ കോഫി കയറ്റുമതി ചെയ്യുന്ന ഇന്ത്യയിലെ ഏറ്റവും വലിയ കമ്പനിയാണ് എബിസി.
1996 ലാണ് കർണാടകയിൽ അദ്ദേഹം ഇന്ത്യയിലെ ആദ്യത്തെ കോഫി കഫേയായ കോഫി കഫേ ഡേ തുറക്കുന്നത്. ഇന്നു 209 സിറ്റികളിലും ടൗണുകളിലുമായി 1,423 കഫേകളുണ്ട്.