വെള്ളിയാഴ്ച എഴുത്തുകാരൻ സൽമാൻ റുഷ്ദിയെ കുത്തി മിനിറ്റുകൾക്കുള്ളിൽ ഇരുപത്തിനാലുകാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വെള്ളിയാഴ്ച വൈകുന്നേരം ന്യൂയോർക്കിലെ ഷട്ടോക്വ വിദ്യാഭ്യാസകേന്ദ്രത്തിൽ നടന്ന ഒരു പുസ്തക പരിപാടിയിൽ വച്ചാണ് ഇന്ത്യൻ വംശജനും യുകെയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന നോവലിന്റെ എഴുത്തുകാരനായ റുഷ്ദി ആക്രമിക്കപ്പെട്ടത്. സ്റ്റേജിൽ സ്വന്തം ഇരിപ്പിടത്തിൽ എത്തി സ്വയം പരിചയപ്പെടുത്തി മിനിറ്റുകൾക്കുള്ളിലാണ് അദ്ദേഹം ആക്രമിക്കപ്പെട്ടതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
ബോംബെയിൽ ജനിച്ച 75-കാരൻ ‘ദ സാത്താനിക് വേഴ്സസ്’ എന്ന നോവൽ എഴുതിയതിന് വർഷങ്ങളായി ഇസ്ലാമിസ്റ്റ് വധഭീഷണി നേരിടുന്നു. ഇന്ത്യയുൾപ്പെടെ നിരവധി രാജ്യങ്ങളിൽ പ്രസിദ്ധീകരിച്ചതിന് തൊട്ടുപിന്നാലെ പുസ്തകം നിരോധിക്കുകയും ഇറാന്റെ അന്നത്തെ പരമോന്നത നേതാവ് റുഷ്ദിക്കെതിരെ ഫത്വ പുറപ്പെടുവിക്കുകയും ചെയ്തു.
”എവിടുന്ന് എന്നറിയാതെ ഒരാൾ സ്റ്റേജിലേക്ക് ചാടിക്കയറി, അദ്ദേഹത്തിന്റെ നെഞ്ചിൽ ആഞ്ഞടിക്കുന്നത് പോലെ തോന്നി, അദ്ദേഹത്തിന്റെ നെഞ്ചിലും കഴുത്തിലും ആവർത്തിച്ച് ഇടിച്ചു,” സദസ്സിലുണ്ടായിരുന്ന ബ്രാഡ്ലി ഫിഷർ വാർത്താ ഏജൻസിയായ റോയിട്ടേഴ്സിനോട് പറഞ്ഞു. തൊട്ടുപിന്നാലെ അക്രമിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
സൽമാൻ റുഷ്ദിയെ കുത്തിയത് ആരാണ്?
അക്രമി ഹാദി മറ്റാർ ആണെന്ന് ലോ എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർ തിരിച്ചറിഞ്ഞിട്ടുണ്ട്. 24 കാരനായ യുവാവ് ന്യൂജേഴ്സി സ്വദേശിയാണെന്നാണ് റിപ്പോർട്ട്. ഷിയാ തീവ്രവാദത്തോടും ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിനോടും (IRGC) അനുഭാവം പുലർത്തുന്നതായി മറ്റാറിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പ്രാഥമികമായി പരിശോധിച്ചപ്പോൾ വിവരം ലഭിച്ചതായി ഒരു ലോ എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥൻ എൻബിസി ന്യൂസിനോട് പറഞ്ഞു.
മറ്റാറും ഐആർജിസിയും തമ്മിൽ നേരിട്ട് ബന്ധമൊന്നുമില്ലെങ്കിലും, കൊല്ലപ്പെട്ട കമാൻഡർ ഖാസിം സുലൈമാനിയുടെയും ഇറാൻ ഭരണകൂടത്തോട് അനുഭാവം പുലർത്തുന്ന ഇറാഖി ഭീകരുടെയും ചിത്രങ്ങൾ മറ്റാറിന്റെ സെൽ ഫോൺ മെസേജിങ് ആപ്പിൽ നിന്ന് ലോ എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർ കണ്ടെത്തിയതായി എൻബിസി ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിൽ സേവനമനുഷ്ഠിച്ച മുതിർന്ന ഇറാനിയൻ സൈനിക ഉദ്യോഗസ്ഥനായിരുന്നു സുലൈമാനി. 1998 മുതൽ 2020-ൽ അദ്ദേഹം കൊല്ലപ്പെടുന്നതുവരെ.
റുഷ്ദിയെ ആക്രമിക്കാൻ ഉപയോഗിച്ച ആയുധത്തെക്കുറിച്ച് പൊലീസ് ഒന്നും പറഞ്ഞിട്ടില്ല. “ഞങ്ങൾ ഷെരീഫിന്റെ ഓഫീസായ എഫ്ബിഐയുമായി ചേർന്ന് പ്രവർത്തിക്കുന്നു, ഇതിന്റെ കാരണം എന്താണെന്നും ആക്രമണത്തിന്റെ ഉദ്ദേശ്യം എന്താണെന്നും ഞങ്ങൾ കണ്ടെത്തും,” ന്യൂയോർക്ക് സ്റ്റേറ്റ് പൊലീസിലെ മേജർ യൂജിൻ സ്റ്റാനിസെവ്സ്കി പറഞ്ഞതായി പിടിഐ റിപ്പോർട്ട് ചെയ്തു.
വെള്ളിയാഴ്ച നടന്ന ആക്രമണം നടത്തിയ യുവാവിന് ഗ്രൗണ്ടിലേക്ക് പ്രവേശിക്കാനുള്ള പാസ് ഉണ്ടായിരുന്നുവെന്ന് ഷട്ടോക്വ ഇൻസ്റ്റിറ്റ്യൂഷൻ പ്രസിഡന്റ് ഡോ.മൈക്കൽ ഇ ഹിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പരിപാടികളിൽ പങ്കെടുക്കാൻ അതിഥികൾക്ക് പാസ് വാങ്ങാമെന്ന് ഹിൽ പറഞ്ഞു.
ആക്രമണം എങ്ങനെ ഉണ്ടായി
പ്രാദേശിക സമയം രാവിലെ 10.47 ന് ( രാത്രി 8.17 IST ) റുഷ്ദി ഷട്ടോക്വ ഇൻസ്റ്റിറ്റ്യൂഷനിൽ പരിപാടിക്കായി സ്റ്റേജിൽ എത്തിയതായി സ്റ്റാനിസെവ്സ്കി പറഞ്ഞു. ”അൽപസമയത്തിനകം, സംശയം തോന്നിയ ആൾ സ്റ്റേജിലേക്ക് ചാടി റുഷ്ദിയെ ആക്രമിക്കുകയും കഴുത്തിലും അടിവയറ്റിലും കുത്തുകയും ചെയ്തു,” അദ്ദേഹം പറഞ്ഞു.
ജീവനക്കാരും കാണികളും സംശയം തോന്നിയയാളെ ഓടിച്ചെന്ന് താഴേക്ക് വലിച്ചിറക്കിയതായി സ്റ്റാനിസെവ്സ്കി പറഞ്ഞു. ഷട്ടോക്വ കൗണ്ടി ഷെരീഫിന്റെ ഡെപ്യൂട്ടിയുടെ സഹായത്തോടെ ന്യൂയോർക്ക് സ്റ്റേറ്റ് പൊലീസ് സംഘം പ്രതിയെ കസ്റ്റഡിയിലെടുത്തു. ആർമിയുടെ വേഷം പോലെ ഷർട്ടും ജാക്കറ്റും ധരിച്ച ഒരാളെ പോലീസ് വാഹനത്തിലേക്ക് കയറ്റുന്നത് ഫോട്ടോകളിൽ കാണാം.
മറ്റാർ എവിടെ നിന്നാണ്?
പത്രസമ്മേളനത്തിൽ സംസാരിക്കുമ്പോൾ സ്റ്റാനിസെവ്സ്കിയോട് മാറ്ററിന്റെ പൗരത്വത്തെക്കുറിച്ച് ചോദിച്ചു, “എനിക്ക് ഇതുവരെ അറിയില്ല,” എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. സംഭവസ്ഥലത്ത് ഒരു ബാക്ക്പാക്ക് ഉണ്ടായിരുന്നു. ഇലക്ട്രോണിക് ഉപകരണങ്ങളും ഉണ്ടായിരുന്നു. ഇയാൾ ഒറ്റയ്ക്കാണ് എല്ലാം പ്ലാൻ ചെയ്തതെന്നാണ് സംശയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.