scorecardresearch
Latest News

ഇന്ത്യയുമായുള്ള ജപ്പാന്‍ ബന്ധം മാറ്റിമറിച്ച നേതാവ്; ആരായിരുന്നു ഷിന്‍സോ ആബെ ?

രണ്ടാം ലോക മഹായുദ്ധത്തിനുശേഷം ആദ്യമായി യുദ്ധം ചെയ്യാന്‍ വിദേശത്തേക്കു ജപ്പാൻ സൈന്യത്തെ അയച്ചത് ഷിന്‍സോ ആബെയായിരുന്നു

ഇന്ത്യയുമായുള്ള ജപ്പാന്‍ ബന്ധം മാറ്റിമറിച്ച നേതാവ്; ആരായിരുന്നു ഷിന്‍സോ ആബെ ?
ഫൊട്ടോ: ഷിൻസോ ആബെ | ട്വിറ്റർ

യുദ്ധാനന്തരം ജപ്പാനില്‍ ഏറ്റവും കൂടുതല്‍ കാലം പ്രധാനമന്ത്രിയായിരുന്നയാളാണ് വെടിയേറ്റു മരിച്ച ഷിന്‍സോ ആബെ. നാര നഗരത്തില്‍ പൊതുപരിപാടിക്കിടെയാണു ആബെയ്ക്കു വെടിയേറ്റത്. ഇന്നു രാവിലെ രാവിലെ പതിനൊന്നരയോടെ (ഇന്ത്യന്‍ സമയം 8.29) യായിരുന്നു സംഭവം. ഉടന്‍ ആശുപത്രിയിലെത്തിച്ച അദ്ദേഹത്തിനു ഹൃദയാഘാതം സംഭവിച്ചിരുന്നു.

ഞായറാഴ്ച നടക്കുന്ന തിരഞ്ഞെടുപ്പിനു മുന്നോടിയായി പ്രസംഗിക്കുന്നതിനിടെയാണ് ആബെയ്ക്കു വെടിയേറ്റതെന്നാണ് ഔദ്യോഗിക ടെലിവിഷന്‍ ചാനലായ എന്‍ എച്ച് കെയെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തത്. നെഞ്ചിലും കഴുത്തിലും ഒന്നിലധികം വെടിയേറ്റതായാണു റിപ്പോര്‍ട്ട്.

അക്രമിയെന്നു കരുതുന്ന തെത്സുയ യമഗാമിയെ സംഭവസ്ഥലത്ത് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. നാരാ നഗരത്തിലെ തന്നെ താമസക്കാരനാണു നാല്‍പ്പത്തിയൊന്നുകാരനായ തെത്സുയ യമഗാമി. പ്രതിരോധസേനയിലെ മുന്‍ അംഗമായ ഇയാള്‍ ആബെയ്ക്കു നേരെ വെടിയുതിര്‍ത്തശേഷം രക്ഷപ്പെടാന്‍ ശ്രമിച്ചില്ലെന്ന് ദൃക്സാക്ഷികളെ ഉദ്ധരിച്ച് ജപ്പാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

അക്രമി തോക്ക് താഴെയിട്ട് സംഭവസ്ഥലത്തുതന്നെ തുടര്‍ന്നു. യമഗാമിയെന്ന് അനുമാനിക്കപ്പെടുന്ന ചാരനിറത്തിലുള്ള ടീ-ഷര്‍ട്ടും ബീജ് പാന്റും ധരിച്ച ഒരാളെ സുരക്ഷാ ഉദ്യോഗസ്ഥര്‍ കൈകാര്യം ചെയ്യുന്നതായി വീഡിയോയില്‍ കാണുന്നുണ്ട്.

Shinzo Abe, Shinzo Abe Japan, Shinzo Abe shot dead
ഫൊട്ടോ: Twitter@TelegraphWorld

അതേസമയം, ആക്രമണത്തിന് ഉപയോഗിച്ച ആയുധം സ്വയം പരിഷ്‌കരിച്ച തോക്കാണെന്നു ജപ്പാനിലെ വേട്ടക്കാരുടെ സംഘടനയുടെ തലവന്‍ എന്‍ എച്ച് കെയോട് പറഞ്ഞു. ആക്രമണത്തിന് ഉപയോഗിച്ചതു ഷോട്ട് ഗണ്ണാണെന്നാണു പൊലീസ് നേരത്തെ മനസിലാക്കിയത്. എന്നാല്‍ വെടിവയ്പിന്റെ ശബ്ദം ഒരു ഷോട്ട്ഗണ്ണിന്റെ ശബ്ദവുമായി പൊരുത്തപ്പെടുന്നില്ലെന്ന് ഡൈനിഹോണ്‍ റിയോയുകായിയുടെ സസാക്കി യോഹെ എന്‍ എച്ച് കെയോട് പറഞ്ഞു.

ആബെ 2012 നും 2020 നുമിടയില്‍ എട്ട് വര്‍ഷവും അതിനുമുമ്പ് 2006 മുതല്‍ 2007 വരെയും പ്രധാനമന്ത്രി പദം അലങ്കരിച്ചു. ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടി 2020 ഓഗസ്റ്റില്‍ അദ്ദേഹം രാജി പ്രഖ്യാപിക്കുകയായിരുന്നു. വിട്ടുമാറാത്ത വന്‍കുടല്‍ പുണ്ണിനു ചികിത്സയിലാണെന്ന് അദ്ദേഹം പിന്നീട് വെളിപ്പെടുത്തി. ഷിന്‍സോ ആബെയ്ക്കുശേഷം ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി (എല്‍ഡിപി) നേതാവ് യോഷിഹിഡെ സുഗയും തുടര്‍ന്ന് ഫ്യൂമിയോ കിഷിദയെും പ്രധാനമന്ത്രിമാരായി.

Shinzo Abe, Shinzo Abe Japan, Shinzo Abe shot dead

തന്റെ ഭരണകാലത്ത് ആബെ ജപ്പാന്റെ രാജ്യത്തിന്റെ വിദേശ, സാമ്പത്തിക നയങ്ങളില്‍ മായാത്ത മുദ്ര പതിപ്പിച്ചു. ഇക്കാലത്ത് ജപ്പാന്റെ സഖ്യകക്ഷികളുമായുള്ള ബന്ധം ശക്തിപ്പെടുത്തുകയും തന്റെ കയ്യൊപ്പായ ‘ആബെനോമിക്‌സ്’ നയങ്ങളിലൂടെ സമ്പദ്വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തു.

രാഷ്ട്രീയ കുടുംബത്തിലൊയിരുന്നു ആബെയുടെ ജനനം. പിതാവ് അദ്ദേഹത്തിന്റെ പിതാവ് ഷിന്താരോ ആബെ 1982-86 കാലത്ത് വിദേശകാര്യ മന്ത്രിയായിരുന്നു. മുത്തച്ഛന്‍ നോബുസുകെ കിഷി 1957-60 കാലഘട്ടത്തില്‍ പ്രധാനമന്ത്രിപദവും അലങ്കരിച്ചു.

Shinzo Abe, Shinzo Abe Japan, Shinzo Abe shot dead

രാഷ്ട്രീയ വിവാദങ്ങളും അയല്‍രാജ്യമായ ദക്ഷിണ കൊറിയയുമായുള്ള ബന്ധം വഷളായതും കാരണം ആബെയുടെ ഭരണകാലം പ്രക്ഷുബ്ധമായിരുന്നു. അതിനെയെല്ലാം അതിജീവിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. 2012-ല്‍ വീണ്ടും പ്രധാനമന്ത്രി പദത്തിലെത്താന്‍ സഹായിച്ച സ്വന്തം സാമ്പത്തിക നയങ്ങളും ജപ്പാന്റെ റിവിഷനിസ്റ്റ് ചരിത്രത്തെക്കുറിച്ചുള്ള കടുത്ത നിലപാടുകളും പല നിരീക്ഷകരും അദ്ദേഹത്തെ വലതുപക്ഷ ദേശീയ നേതാവായി വിശേഷിപ്പിക്കാന്‍ കാരണമായി.

‘രാജ്യത്തിന്റെ പരമാധികാര അവകാശമെന്ന നിലയില്‍ ജപ്പാന്‍ ജനത യുദ്ധത്തെ എന്നെന്നേക്കുമായി ഉപേക്ഷിക്കുന്നു,’ എന്ന് വ്യവസ്ഥ ചെയ്യുന്ന ഭരണഘടനയുടെ ഒന്‍പതാം അനുച്‌ഛേദം പരിഷ്‌കരിക്കുകയെന്നതായിരുന്നു ആബെയയുടെ കൂടുതല്‍ വിവാദപരമായ ലക്ഷ്യങ്ങളിലൊന്ന്. രണ്ടാം ലോക മഹായുദ്ധത്തെത്തുടര്‍ന്നാണ് പുതുതായി തയാറാക്കിയ ജാപ്പനീസ് ഭരണഘടനയില്‍ ഈ അനുച്‌ഛേദം ഉള്‍പ്പെടുത്തിയത്. യുഎസിന്റെ നിര്‍ദേശപ്രകാരമുള്ള ഭരണഘടനയിലെ വ്യവസ്ഥ ജപ്പാനെ കര, നാവിക വ്യോമസേനകളെ നിലനിര്‍ത്തുന്നതില്‍നിന്ന് വിലക്കിയിരുന്നു.

രണ്ടാം ലോക മഹായുദ്ധത്തിനുശേഷം ആദ്യമായി യുദ്ധം ചെയ്യാന്‍ വിദേശത്തേക്കു ജപ്പാൻ സൈന്യത്തെ അയച്ചത് ഷിന്‍സോ ആബെയായിരുന്നു. പ്രതിരോധ ചെലവുകള്‍ വര്‍ധിപ്പിച്ച് സൈന്യത്തെ ശക്തിപ്പെടുത്തുത്തകയും ചെയ്തു.

Shinzo Abe, Shinzo Abe Japan, Shinzo Abe shot dead

ഇന്ത്യയുമായുള്ള ജപ്പാന്റെ ബന്ധത്തെ മാറ്റിമറിച്ചതു ഷിന്‍സോ ആബെയുടെ കാലത്തായിരുന്നു. ഇന്ത്യയുടെ റിപ്പബ്ലിക് ദിന പരേഡില്‍ മുഖ്യാതിഥിയായി എത്തിയ ആദ്യ ജാപ്പനീസ് പ്രധാനമന്ത്രിയായിരുന്നു അദ്ദേഹം. 2014ല്‍ ആയിരുന്നു ഇത്. 2006, 2015, 2017 വര്‍ഷങ്ങളിലും അദ്ദേഹം ഇന്ത്യ സന്ദര്‍ശിച്ചു.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Who is shinzo abe japan former prime minister