യുപിയിലെ കാണ്‍പൂരില്‍ നിന്നുള്ള ദലിത് നേതാവ് രാംനാഥ് കോവിന്ദ് ഇനി ഇന്ത്യാ മഹാരാജ്യത്തിന്റെ പ്രഥമ പൗരൻ. സുഷമ സ്വരാജ്, എൽകെ അദ്വാനി തുടങ്ങിയ പ്രമുഖ പേരുകൾ മുഴങ്ങിക്കേട്ടിടത്താണ് തികച്ചും അപ്രതീക്ഷിതമായി ബിഹാർ ഗവർണറായിരുന്ന രാംനാഥ് കോവിന്ദിന്റെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിത്വം ബിജെപി നേതൃത്വം പ്രഖ്യാപിച്ചത്. ഹൈന്ദവ ദേശീയത ഉദ്ദീപിപ്പിക്കുന്നതിൽ ബിജെപി എക്കാലത്തും നേരിട്ടിട്ടുള്ള വലിയൊരു കടമ്പ ദലിത് സമൂഹമാണ്. തൊലിപ്പുറമേയുള്ള ചികിത്സയാണെങ്കിലും കെ.ആര്‍. നാരായണനു ശേഷം വീണ്ടുമൊരു ദലിത് രാഷ്ട്രപതി എന്ന മുദ്രാവാക്യം ബിജെപി അപ്രതീക്ഷിതമായി ഉയർത്തുകയും കോവിന്ദിനെ സ്ഥാനാർത്ഥിയാക്കുകയും ചെയ്തതിന് പിന്നിലുള്ള അജണ്ട ഇതായിരുന്നു.

1945 ഒക്ടോബർ ഒന്നിന് കാൻപൂരിലാണ് റാം നാഥ് കോവിന്ദ് ജനിച്ചത്. കാണ്‍പൂര്‍ കോളജില്‍ നിന്ന് നിയമ ബിരുദം നേടിയ കോവിന്ദ്, ഡല്‍ഹിയിലേക്കാണ് സിവില്‍ സര്‍വീസ് പരീക്ഷാ പരിശീലനത്തിനായി പോയത്. രണ്ടു തവണ സിവില്‍ സര്‍വീസ്‍ പരീക്ഷയില്‍ പരാജയപ്പെട്ടെങ്കിലും മൂന്നാം തവണ വിജയം കോവിന്ദിനൊപ്പമായിരുന്നു. എന്നാല്‍ വിജയിച്ചെങ്കിലും ഐഎഎസിന് പകരം മറ്റൊരു സര്‍വീസായിരുന്നു അദ്ദേഹത്തിന് ലഭിച്ചത്. അതുകൊണ്ട് തന്നെ സിവില്‍ സര്‍വീസ് വേണ്ടെന്ന് വെച്ച് കോവിന്ദ് നിയമ മേഖലയില്‍ തന്നെ ശ്രദ്ധകേന്ദ്രീകരിക്കാന്‍ തീരുമാനിക്കുകയായിരുന്നു. 1977ൽ ഡൽഹി ഹൈക്കോടതിയിൽ കേന്ദ്രസർക്കാരിന്റെ അഭിഭാഷകനായ റാം നാഥ് കോവിന്ദ് 1981ൽ സുപ്രീം കോടതിയിൽ സർക്കാരിന്റെ ജൂനിയർ അഭിഭാഷകനായി. ദലിത്, പിന്നാക്ക, പട്ടികജാതി, പട്ടികവർഗ വിഭാഗക്കാർ കേസുകൾ നടത്താൻ നേരിടുന്ന പ്രയാസങ്ങൾ നേരിട്ടു മനസ്സിലാക്കിയ റാം നാഥ് അവർക്കായി ഡിപ്രസ്ഡ് ക്ലാസസ് ലീഗൽ എയ്ഡ് ബ്യൂറോയിൽ സജീവമായി. 1978ൽ സുപ്രീം കോടതിയിൽ അഡ്വക്കറ്റ് ഓൺ റെക്കോഡ് ആയി. 1980 മുതൽ 1993 വരെ സുപ്രീം കോടതിയിൽ കേന്ദ്രസർക്കാരിന്റെ സ്റ്റാൻഡിങ് കൗൺസൽ ആയിരുന്നു.

Read More : രാംനാഥ് കോവിന്ദ് ഇന്ത്യയുടെ പുതിയ രാഷ്ട്രപതി; വിജയം തിളക്കമാർന്ന ഭൂരിപക്ഷത്തിൽ

ബിജെപിയോടും ആർഎസ്എസുമായും അടുപ്പമുള്ള വ്യക്തിയായ രാംനാഥ് കോവിന്ദ് 1991ലാണ് ബിജെപിയിൽ അംഗമാകുന്നത്. ഉത്തര്‍പ്രദേശില്‍ നിന്നു 1994ല്‍ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് കോവിന്ദ് എന്ന ദലിത് നേതാവിന്റെ രാഷ്ട്രീയ പ്രവര്‍ത്തനം സജീവമായത്. ഉത്തർപ്രദേശിൽനിന്നു രാജ്യസഭയിലേക്കു രണ്ടുവട്ടം തിരഞ്ഞെടുക്കപ്പെട്ടു. പാർലമെന്റിൽ കോവിന്ദിന്റെ പ്രവർത്തനം ശ്രദ്ധേയമായതു മൂന്നു കമ്മിറ്റികളിൽ അംഗമെന്ന നിലയിലാണ്. പട്ടിക ജാതി-വർഗ ക്ഷേമം, ആഭ്യന്തരം, സാമൂഹികനീതി, നിയമം, പെട്രോളിയം തുടങ്ങിയ കമ്മറ്റികളിലാണ് കോവിന്ദ് അംഗമായിരുന്നത്. ലക്നൗ ബിആർ അംബേദ്ക്കർ സർവകലാശാല ബോർഡ് ഓഫ് മാനേജ്മെന്റ്, കൊൽക്കത്ത സർവകലാശാല ബോർഡ് ഓഫ് ഗവേണൻസ് എന്നിവടങ്ങളിൽ അംഗമാണ്.

രാജ്യസഭയിൽ അദ്ദേഹത്തിന്റെ പ്രസംഗങ്ങൾ ശ്രദ്ധേയമായപ്പോഴാണ് 2002ൽ കേന്ദ്രസർക്കാർ അദ്ദേഹത്തെ ഐക്യരാഷ്ട്രസഭയുടെ പൊതുസഭയിൽ സംസാരിക്കാൻ നിയോഗിച്ചത്. എന്നാല്‍ പിന്നോക്ക വിഭാഗക്കാര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും നല്‍കുന്ന സംവരണാനുകൂല്യങ്ങളെ എതിര്‍ത്ത് രാം നാഥ് കോവിന്ദ് നടത്തിയ ഒരു പഴയ പ്രസ്താവനയാണ് സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചതോടെ വീണ്ടും പ്രചരിക്കുന്നത്. ഇസ്ലാം, ക്രിസ്ത്യന്‍ തുടങ്ങിയ മതങ്ങള്‍ ഇന്ത്യയ്ക്ക് അന്യമാണെന്നും, അവര്‍ക്കായുള്ള സംവരണം ഒഴിവാക്കണമെന്നും പറഞ്ഞാണ് രാം നാഥ് കോവിന്ദ് തന്റെ സംഘപരിവാര്‍ മുഖം 2010ല്‍ പുറത്തെടുത്തത്.

2009ല്‍ രംഗാനാഥ് മിശ്ര കമ്മീഷനാണ് സര്‍ക്കാര്‍ ജോലികളില്‍ 10 ശതമാനം സംവരണം മുസ്ലിങ്ങള്‍ക്കും 5 ശതമാനം മറ്റു ന്യൂനപക്ഷങ്ങള്‍ക്കും നല്‍കണമെന്ന നിര്‍ദേശം മുന്നോട്ടുവച്ചത്. ആ കമ്മീഷന്‍ റിപ്പോര്‍ട്ടിനെക്കുറിച്ച് പ്രതികരിക്കവെയായിരുന്നു രാം നാഥ് കോവിന്ദിന്റെ ന്യൂനപക്ഷ വിരുദ്ധ മുഖം പുറത്ത് വന്നത്. 2010 ന്യൂഡല്‍ഹിയിലെ പത്ര സമ്മേളനത്തില്‍ സംസാരിക്കവെ രംഗനാഥ് കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുന്നത് അസാധ്യമാണെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.

Read More : രാംനാഥ് കോവിന്ദിന് ആശംസാപ്രവാഹം; താമസ സ്ഥലത്തേക്ക് സന്ദർശകരുടെ ഒഴുക്ക്

മോദി പ്രഭാവം മറികടക്കാത്ത, എന്നാൽ നിർണായക ഘട്ടങ്ങളിൽ വിവേചനാധികാരം വിവേകപൂര്‍ണ്ണമായി പ്രയോഗിക്കാനറിയാവുന്നതുമായ ഒരാൾക്കായുള്ള ആർഎസ്എസ്-ബിജെപി അന്വേഷണമാണ് രാംനാഥ് കോവിന്ദിൽ അവസാനിച്ചത്. മതനിരപേക്ഷ ശബ്ദം ഉയരേണ്ട രാഷ്ട്രപതിഭവനില്‍നിന്ന് ഇനി എന്ത് ശബ്ദം ഉയരുമെന്ന കാര്യത്തിൽ രാജ്യത്തെ മേതര വിശ്വാസികൾക്ക് കടുത്ത ആശങ്ക നൽകിക്കൊണ്ടാണ് രാംനാഥ് കോവിന്ദ് രാഷ്ട്രപതിയാകുന്നത്. നിര്‍ണായക രാഷ്ട്രീയമുഹൂര്‍ത്തങ്ങളില്‍ ഏറെ പ്രസക്തിയുള്ള രാഷ്ട്രപതിയുടെ നിലപാടുകൾ കേവലം രാഷ്ട്രീയമുതലെടുപ്പിന്റേത് മാത്രമാകില്ലെന്ന് തെളിയിക്കേണ്ട ചുമതല ഇനി നമ്മുടെ പ്രഥമ പൗരനായ രാംനാഥ് കോവിന്ദിന്റേതാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook