ജനുവരിയിലാണ് സുപ്രീംകോടതിയിലേയും ഹൈക്കോടതിയിലെയും സിറ്റിംഗിലുള്ളതും വിരമിച്ചതുമായ ഇരുപത് ജഡ്ജിമാര്‍ അഴിമതിക്കാരാണ് എന്ന് പറഞ്ഞുകൊണ്ട് ജസ്റ്റിസ് ചിന്നുസ്വാമി സ്വാമിനാഥന്‍ കര്‍ണന്‍ വിവാദങ്ങള്‍ക്ക് തിരികൊളുത്തുന്നത്. പ്രധാനമന്ത്രിയെ അഭിസംബോധന ചെയ്തുകൊണ്ടെഴുതിയ തുറന്ന കത്ത് ജുഡീഷ്യറിയിലെ അഴിമതിക്കാരുടെ ആദ്യ പട്ടികയാണ് എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

ജുഡീഷ്യറിയിലെ അംഗങ്ങള്‍ക്കെതിരെ നടത്തിയ പരസ്യപ്രസ്താവനയുടെ പേരില്‍ അദ്ദേഹത്തിനെതിരെ സുപ്രീംകോടതിയുടെ എഴംഗ ബെഞ്ച്‌ കോടതിയലക്ഷ്യത്തിനു കേസ് എടുക്കുകയും കാരണംകാണിക്കല്‍ നോട്ടീസ് നല്‍കുകയും ചെയ്തു.

പിന്നീട് ജസ്റ്റിസ് കര്‍ണനെ കുറ്റക്കാരനായി കോടതി കണ്ടെത്തി. “ജുഡീഷ്യറിയെ സംരക്ഷിക്കുവാനായി ” കര്‍ണനെ ഉദാഹരണമാക്കണം എന്നായിരുന്നു കേന്ദ്ര സര്‍ക്കാരിനെ പ്രതിനിധീകരിച്ച അറ്റോർണി ജനറല്‍ മുകുള്‍ രോഹ്താഗിയും മുന്നോട്ടു വെച്ച പക്ഷം.

1955 ജൂണ്‍ 12 ന് തമിഴ്‌നാട്ടിലെ കൂഡല്ലൂര്‍ ജില്ലയിലെ കര്‍നാതം എന്ന ഗ്രാമത്തിലാണ് കര്‍ണന്‍ ജനിക്കുന്നത്. എളിയതെങ്കിലും വിദ്യാസമ്പന്നരുടേതായ ഒരു വീട്ടിലാണ് കര്‍ണ്ണന്‍റെ ജനനം. അദ്ദേഹത്തിന്‍റെ അച്ഛൻ അദ്ധ്യാപന മികവിനു പ്രസിഡന്റിന്‍റെ പക്കല്‍ നിന്നും അവാര്‍ഡ് നേടിയ ആളാണ്‌. അമ്മ കമലം അമ്മാള്‍ ഗൃഹനാഥയും.

കൂഡല്ലൂരിലെ തന്നെ മംഗലംപേട്ട് ഹൈസ്കൂളില്‍ സ്കൂള്‍ വിദ്യാഭ്യാസവും വിരുന്ധാചലം ആര്‍ട്സ് കോളേജില്‍ പ്രീ ഡിഗ്രി വിദ്യാഭ്യാസവും പൂര്‍ത്തിയാക്കിയ കര്‍ണന്‍ ഡിഗ്രി വിദ്യാഭ്യാസത്തിനായി ചെന്നൈയിലേക്ക് വണ്ടികയറി. പിന്നീട് മദ്രാസ് ലോ സ്കൂളില്‍ ചേര്‍ന്ന അദ്ദേഹം 1983ല്‍ നിയമവിദ്യാഭ്യാസം പൂര്‍ത്തിയാക്കി. തുടര്‍ന്ന് തമിഴ്‌നാട്‌ ബാര്‍ കൗണ്‍സില്‍ മുമ്പാകെ ചേര്‍ന്നുകൊണ്ട് അദ്ദേഹം സിവില്‍ പ്രാക്റ്റീസും ആരംഭിക്കുകയായിരുന്നു.

മെട്രോ വാട്ടര്‍ സംഘടനയുടെ നിയമോപദേഷ്ടാവായും സിവില്‍ സ്യൂറ്റുകളിലെ സര്‍ക്കാര്‍ അഭിഭാഷ്കനായും ഭാരതസര്‍ക്കാരിന്റെ കൗണ്‍സില്‍ ആയും അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. അദ്ദേഹം ഉന്നത വിദ്യാഭ്യാസം തുടരുക തന്നെ ചെയ്തു. 2009 മുതല്‍ മദ്രാസ് ഹൈകോടതി ജഡ്ജ് ആയി സേവനം അനുഷ്ഠിച്ചു വരികയായിരുന്നു. വിരമിച്ച മദ്രാസ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എ.കെ.ഗാംഗുലിയാണ് ആ സ്ഥാനത്തേക്ക് ജസ്റ്റിസ് കര്‍ണന്‍റെ പേര് നിര്‍ദ്ദേശിക്കുന്നത്.

ഫെബ്രുവരി 2016ല്‍ ജസ്റ്റിസ് കര്‍ണനെ കൊൽക്കത്ത ഹൈക്കോടതിയിലേക്ക് സ്ഥലംമാറ്റാന്‍ സുപ്രീംകോടതി ഉത്തരവിറക്കിയിരുന്നു. എന്നാല്‍ മറ്റൊരു ഒമ്പതംഗ സുപ്രീംകോടതി വിധി ചൂണ്ടിക്കാണിച്ചുകൊണ്ട് ചീഫ് ജസ്റ്റിസിന്‍റെ ഉത്തരവിനു അദ്ദേഹം സ്റ്റേ വാങ്ങിയെടുക്കുകയായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ