ഇന്ത്യയിലെ ആദ്യ വനിത ഫോട്ടോ ജേർണലിസ്റ്റ് ഹൊമൈ വ്യാരവല്ലയെ അവരുടെ 104-ാം പിറന്നാൾ ദിനത്തിൽ ആദരിച്ചിരിക്കുകയാണ് ഗൂഗിൾ. ഗൂഗിൾ ഡൂഡിലിലാണ് ഇന്ന് ഈ ഇന്ത്യൻ വനിത ഫോട്ടോ ജേർണലിസ്റ്റിനെ ഓർമ്മിച്ചിരിക്കുന്നത്.

1938 മുതൽ 1970 വരെയുള്ള ഫോട്ടോ ജേർണലിസ്റ്റായുള്ള ഹൊമൈയുടെ പ്രവർത്തന കാലഘട്ടമാണ് അവരെ പ്രശസ്തയാക്കിയത്. ഇന്ത്യ സ്വതന്ത്രമായ ശേഷം ആദ്യമായി ദേശീയ പതാക ഉയർത്തുന്നത്, മഹാത്മ ഗാന്ധി വെടിയേറ്റ് വീഴുന്നത്, നെഹ്റു പ്രാവിനെ പറത്തുന്നത് തുടങ്ങി ഒരു കാലഘട്ടത്തെ ഇന്നും അടയാളപ്പെടുത്തുന്ന അനേകം ചിത്രങ്ങളുടെ പിന്നിലെ കണ്ണ് ഹൊമൈ വ്യാരവല്ലയുടേതാണ്.

നവസാരിയിലെ ഒരു മധ്യവർഗ പാഴ്സി കുടുംബത്തിൽ 1913 ലാണ് ഇവർ ജനിച്ചത്. ജെജെ സ്കൂൾ ഓഫ് ആർട്സിൽ നിന്ന് ബിരുദം നേടിയ ശേഷം ബ്രിട്ടീഷ് ഇൻഫർമേഷൻ സർവ്വീസിൽ അവർ ദീർഘകാലം പ്രവർത്തിച്ചു.

മനേക്ഷാ വ്യാരവല്ലയിൽ നിന്ന് ഫോട്ടോഗ്രാഫി പഠിച്ച ഹൊമൈ പിന്നീട് ഇദ്ദേഹത്തെ തന്നെ 1941 ൽ വിവാഹം ചെയ്തു. ഡൽഹിയിൽ സ്ഥിരതാമസമാക്കിയ ഹൊമൈ 1969 ൽ ഭർത്താവിന്റെ വിയോഗത്തെ തുടർന്നാണ് ഫോട്ടോഗ്രഫി ഉപേക്ഷിക്കുന്നത്.

പദ്മ വിഭൂഷൻ ഏറ്റുവാങ്ങാനെത്തിയ ഹൊമൈ വ്യാരവല്ല

പിന്നീട് വഡോദരയിൽ ഹൊമൈ സ്ഥിരതാമസമാക്കി. ഇവരുടെ ഒരേയൊരു മകൻ ഫാറൂഖ് 1989 ൽ ക്യാൻസർ ബാധിച്ച് മരിച്ചു.

1938 ൽ ഫോട്ടോഗ്രഫി ആരംഭിച്ച ഹൊമൈ, ഡാൽഡ 13 എന്ന പേരിലാണ് തന്റെ ചിത്രങ്ങൾ പ്രസിദ്ധീകരിച്ചത്. 2011 ൽ പദ്മ വിഭൂഷൺ നൽകി രാജ്യം അവരെ ആദരിച്ചു. 2010 ൽ വാർത്താ വിനിമയ മന്ത്രാലയത്തിന്റെ സമഗ്ര സംഭാവന പുരസ്കാരവും അവർക്ക് ലഭിച്ചിരുന്നു. 2012 ജനുവരി 15 ന്, 98-ാം വയസിലാണ് അവർ അന്തരിച്ചത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ