1948ല്‍ മസ്താ ബാലോചിസ്താനി ആരംഭിച്ച ആത്മീയ സംഘടന ദേര സച്ചാ സൗദായുടെ തലവനാണ് 50കാരനായ ഗുര്‍മീത് റാം റഹിം സിങ്. ഹരിയാനയിലെ സിര്‍സ ജില്ലയിലാണ് ദേര സച്ചാ സൗദായുടെ ആസ്ഥാനം നിലകൊള്ളുന്നത്. രാജ്യത്താകമാനം 46ഓളം ആശ്രമങ്ങള്‍ ഇവര്‍ക്കുണ്ട്. എന്നാല്‍ റാം റഹിം ഒരു സാധാരണ ആള്‍ ദൈവമല്ല. തന്റെ ട്വിറ്റര്‍ പ്രൊഫൈലില്‍ ഇയാള്‍ സ്വയം വിശേഷിപ്പിച്ചിരിക്കുന്നത് ‘ആത്മീയ വിശുദ്ധന്‍/ മനുഷ്യ സ്‌നേഹി/ ഗായകന്‍/ സിനിമ സംവിധായകന്‍/ നടന്‍/ കലാ സംവിധായകന്‍/ എഴുത്തുകാരന്‍/ സംഗീത സംവിധായകന്‍/ ഗാനരചയിതാവ്/ ആത്മകഥാകാരന്‍/ഛായാഗ്രഹകന്‍’ എന്നിങ്ങനെയാണ്. ‘എംഎസ്ജി: ദി മെസ്സെഞ്ചര്‍ ട്രിലോജി’ ഉള്‍പ്പെടെ നിരവധി സിനിമകളില്‍ ഗുര്‍മീത്, നടന്‍, സംവിധായകന്‍, സംഗീത സംവിധായകന്‍, എഴുത്തുകാരന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഏഷ്യാ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ് പ്രകാരം ഒരൊറ്റ ചിത്രത്തില്‍ ഏറ്റവുമധികം കഥാപാത്രങ്ങളും ഉത്തരവാദിത്തങ്ങളും പ്രകടിപ്പിച്ചുവെന്ന റെക്കോര്‍ഡുകളും ഗുര്‍മീതിന് സ്വന്തമാണ്.

സിനിമകള്‍ക്കു പുറമെ, യൂണിവേഴ്‌സല്‍ ലേബലിന്റെ കീഴിൽ ആല്‍ബങ്ങളും റെക്കോര്‍ഡ് ചെയ്തിട്ടുണ്ട്. ഗുര്‍മീതിന്റെ അവസാനത്തെ ആല്‍ബമായ ഹൈവേ ലൗ ചാര്‍ജര്‍ മൂന്നു ദിവസത്തിനുള്ളില്‍ 3 ദശലക്ഷം പകര്‍പ്പുകളാണ് വിറ്റഴിഞ്ഞത്. നൂറിലധികം റോക്ക് ഷോകളിലും പ്രകടനങ്ങള്‍ കാഴ്ചവച്ചിട്ടുണ്ട്.

‘ലോക ചാമ്പ്യന്‍ യോഗികളെ’ വളര്‍ത്തിയെടുക്കുന്നതിനായി പ്രവര്‍ത്തിക്കുന്ന സംഘടനയായ യോഗ ഫെഡറേഷന്‍ ഓഫ് ഇന്ത്യ ഗുര്‍മീതിനെ ദ്രോണാചാര്യ പുരസ്‌കാരത്തിനായി നാമനിര്‍ദ്ദേശം ചെയ്തിരുന്നു. തന്റെ ‘എംഎസ്ജി’യുടെ കീഴില്‍ ഓര്‍ഗാനിക്, സ്വദേശി ഉത്പന്നങ്ങളും 2015ല്‍ ഗുര്‍മീത് തുടക്കമിട്ടിരുന്നു. ദേരയിലെ യുവാക്കളായ അനുയായികളാണ് ഈ വ്യവസായം നോക്കി നടത്തുന്നത്.

ഗുർമീത് ലക്ഷക്കളക്കിനു ആളുകളെ നിസ്വാര്‍ത്ഥ സേവനങ്ങള്‍ ചെയ്യുന്നതിനായി പ്രേരിപ്പിച്ചുവെന്നാണ് ദേരാ പ്രവര്‍ത്തകര്‍ അവകാശപ്പെടുന്നത്. അദ്ദേഹത്തിന്റെ കീഴില്‍ ദേരയില്‍ രക്തദാനം, അവയവദാനം തുടങ്ങിയ നിരവധി മാനുഷിക പ്രവര്‍ത്തനങ്ങള്‍ നടത്താറുണ്ടെന്നും ഇവര്‍ പറയുന്നു. രക്തസമ്മര്‍ദ്ദം, പ്രമേഹം, കൊളസ്‌ട്രോള്‍ തുടങ്ങിവ അറിയാനും കണ്ടുപിടിക്കാനുമായി നിരവധി പദ്ധതികള്‍ക്ക് തുടക്കമിട്ടിട്ടുണ്ട്. കൂടാതെ കേന്ദ്ര സര്‍ക്കാരിന്റെ സ്വച്ഛ ഭാരത് പ്രചാരണത്തിന് ഗുര്‍മീത് പിന്തുണ പ്രഖ്യാപിക്കുകയും 2016ല്‍ നിരവധി സംസ്ഥാനങ്ങളില്‍ ശുചിത്വ പരിപാടികള്‍ സംഘടിപ്പിക്കയും ചെയ്തുവെന്നും ഇവര്‍ ചൂണ്ടിക്കാണിക്കുന്നു.

സാമൂഹ്യ പ്രവര്‍ത്തനങ്ങളുടെ പേരില്‍ 2016ല്‍ ഗുര്‍മീതിന് ജിയാന്റ് ഇന്റര്‍നാഷണല്‍ പുരസ്‌കാരം ലഭിച്ചിരുന്നു.

ദേരാ സച്ചാ സൗദായ്ക്കു മുമ്പുള്ള ജീവിതം

1967 ഓഗസ്റ്റ് 15ന് രാജസ്ഥാനില്‍, ശ്രീ ഗംഗാനഗര്‍ ജില്ലയിലെ മാദിയ ഗ്രാമത്തിലായിരുന്നു ഗുര്‍മീതിന്റെ ജനനം. മാതാപിതാക്കളുടെ ഒറ്റ മകന്‍. അച്ഛന്‍ ഒരു ഭൂപ്രഭുവായിരുന്നു. സ്വന്തം കൃഷിഭൂമിയില്‍ കാര്‍ഷികവൃത്തിയായിരുന്നു. ചെറുപ്പത്തില്‍ ഗുര്‍മീത് തന്റെ പിതാവിനെ കൃഷിയില്‍ സഹായിക്കുമായിരുന്നു. ഗുര്‍മീത് ചെറുപ്പം മുതലേ ആത്മീയതയുടെ പാതയിലായിരുന്നുവെന്നാണ് അനുയായികള്‍ പറയുന്നത്. ദേര സച്ചാ സൗദായുടെ മുന്‍ തലവനായിരുന്നു സത്‌നം സിങ്ങാണ് ഗുര്‍മീതിനെ തനിക്കൊപ്പം കൂട്ടുന്നത്. റാം റഹീം എന്ന പേരു നല്‍കിയതും സത്‌നം സിങ് ആയിരുന്നു. 1990ലാണ് സത്‌നം സിങ് രാജ്യത്താകമാനമുള്ള തന്റെ ശിഷ്യരെ വിളിച്ചു കൂട്ടുന്നതും, 23കാരനായ ഗുര്‍മീത് റാം റഹിം സിങ്ങിനെ തന്റെ പിന്‍ഗാമിയായി പ്രഖ്യാപിക്കുന്നതും.

ഗുര്‍മീത് റാം റമീഹിന്റെ ‘ജനപ്രിയത’

ലക്ഷക്കണക്കിന് അനുയായികളാണ് ഗുര്‍മീത് റാം റഹിം സിങ്ങിനുള്ളത്. 2015ല്‍ ഇന്ത്യന്‍ എക്‌സ്പ്രസ് ഏറ്റവും ശക്തരായ 100 ഇന്ത്യക്കാരില്‍ 96-ാമനായാണ് ഗുര്‍മീതിനെ കണ്ടെത്തിയത്. രാജ്യത്തെ വിവിഐപികളില്‍ ഒരാളായാണ് ദേരാ മേധാവി അറിയപ്പെടുന്നത്. ഏറ്റവുമുയര്‍ന്ന ഇസെഡ് പ്ലസ് കാറ്റഗറി സുരക്ഷയാണ് ഇയാള്‍ക്ക് നല്‍കുന്നത്. 2017 ഫെബ്രുവരിയില്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് സര്‍ക്കാര്‍ ഗുര്‍മീതിനെ ബഹുമുഖ വ്യക്തിത്വമായി തിരഞ്ഞെടുത്തിരുന്നു.

ഗുര്‍മീതിനെതിരെയുള്ള ക്രിമിനല്‍ കേസുകള്‍

കഴിഞ്ഞ കുറേ വര്‍ഷങ്ങളായി നിരവധി വിവാദങ്ങളുടേയും ഭാഗമായിരുന്നു ഗുര്‍മീത് റാം റഹിം സിങ്. 2002 മുതല്‍ ബലാത്സംഗം, കൊലപാതകം, പ്രാകൃതവും അശാസ്ത്രീയവുമായ വന്ധ്യംകരണം തുടങ്ങി നിരവധി പരാതികള്‍ ഗുര്‍മീതിനെതിരായി ഉയര്‍ന്നു വന്നിരുന്നു. 2002ല്‍ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന അടല്‍ ബിഹാരി വാജ്‌പേയിക്ക് ഒരു അജ്ഞാത കത്ത് ലഭിച്ചിരുന്നു. ഗുര്‍മീത് രണ്ട് സന്യാസിനിമാരെ ലൈംഗികമായി ചൂഷണം ചെയ്തുവെന്നായിരുന്നു കത്തില്‍ ആരോപിച്ചിരുന്നത്. അന്ന് ഇയാള്‍ക്കെതിരെ ലൈംഗിക ചൂഷണത്തിന് കേസ് റജിസ്റ്റര്‍ ചെയ്തിരുന്നു. തന്റെ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച്, സംഭവത്തെക്കുറിച്ച് പുറത്തു പറയരുതെന്ന് ഗുർമീത് ഈ സ്ത്രീയെ ഭീഷണപ്പെടുത്തുകയും ചെയ്തിരുന്നു.

2002ല്‍ ഒരു പത്രപ്രവര്‍ത്തകന്റെ കൊലപാതകവുമായി ബന്ധപ്പെട്ടും, 2015ല്‍ ഒരൂകൂട്ടം സന്യാസിമാരെ പ്രാകൃതവും അശാസ്ത്രീയവുമായ വന്ധ്യംകരണത്തിന് വിധേയരാക്കിയതിലും ഗുർമീത് റാം റഹിം സിങ്ങിന്റെ പേര് ഉയര്‍ന്നുവന്നിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ