ന്യൂ ഡല്‍ഹി : രാഷ്ട്രപതി തിരഞ്ഞെടുപ്പിന്‍റെ പ്രാഥമിക ചര്‍ച്ചകളില്‍ സര്‍വ്വസമ്മതനായൊരു സ്ഥാനാര്‍ത്ഥിയെന്ന നിലയില്‍ രണ്ടുപേരുകളാണ് പ്രതിപക്ഷ ക്യാമ്പുകളില്‍ ആദ്യം മുതല്‍ ഉയര്‍ന്നു കേട്ടത്. മുന്‍ ലോക്സഭാ സ്പീക്കറും ഗവര്‍ണറുമായ മീരാകുമാറിന്‍റെതും മുന്‍ നയതന്ത്രജ്ഞനും ഗവര്‍ണറുമായ ഗോപാല്‍കൃഷ്ണ ഗാന്ധിയുടെതും. ഭരണപക്ഷം രാം നാഥ് കൊവിന്ദ് എന്ന ദളിത്‌ നേതാവിനെ രാഷ്ട്രപതിയായി പ്രഖ്യാപിച്ചതോടെ മീരാ കുമാറിനാണ് പ്രതിപക്ഷത്തിന്‍റെ നറുക്ക് വീണത്. രാഷ്ട്രപതി സ്ഥാനാര്‍ഥിയായ് ചര്‍ച്ചകളില്‍ ഉയര്‍ന്നു കേട്ടിരുന്ന ഗോപാലകൃഷ്ണ ഗാന്ധിയാവും പ്രതിപക്ഷ പാര്‍ട്ടികളുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥി.

ആരാണ് ഗോപാല്‍കൃഷ്ണ ഗാന്ധി ?

മഹാതമാഗാന്ധിയുടെ ഇളയ മകന്‍ ദേവ്ദാസ് ഗാന്ധിയുടേയും സി രാജഗോപാലാചാരിയുടെ മകള്‍ ലക്ഷ്മിയുടേയും മകനായി 1945 ഏപ്രിൽ 22നാണ് ഗോപാൽ ഗാന്ധിയുടെ ജനനം. ന്യൂ ഡല്‍ഹിയിലെ സെന്‍റ സ്റ്റീഫന്‍സില്‍ നിന്നും ബിരുദാനന്തരബിരുദ്ധം.

1968 മുതല്‍ 1992 വരെ ഐ എ എസ് ഉദ്യോഗസ്ഥനായി ജോലി ചെയ്ത അദ്ദേഹം സര്‍വ്വീസില്‍ നിന്നും സ്വയം വിരമിക്കുകയായിരുന്നു. ഈ കാലയിളവില്‍ പല പദവികളിലായി അദ്ദേഹം പ്രവര്‍ത്തിച്ചു. കുറേയേറെ കാലം തമിഴ്‌നാട്ടിലായിരുന്നു സേവനം അനുഷ്‌ഠിച്ചത്. 1985 മുതല്‍ 1987 വരെയുള്ള കാലഘട്ടത്തില്‍ ഉപരാഷ്ട്രപതിയുടെ സെക്രട്ടറിയായി. 1987 മുതല്‍ 1992 വരെ രാഷ്ട്രപതിയുടെ സെക്രട്ടറി, 1997ല്‍ രാഷ്ട്രപതിയുടെ സെക്രട്ടറി.

ലണ്ടനിലെ ദി നെഹ്‌റു സെന്റർ ഡയറക്ടര്‍ ആയി പ്രവര്‍ത്തിച്ച ഗോപാല്‍കൃഷ്ണ ഗാന്ധി. 1996ല്‍ സൗത്ത് ആഫ്രിക്കയിൽ ഹൈ കമ്മീഷണര്‍ ആയി പ്രവർത്തിക്കുമ്പോൾ  ​അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ  ജനസമ്മിതി നേടിയിരുന്നു എന്ന് ‘ദി ഔട്ട്‌ലൂക്’ റിപ്പോര്‍ട്ട്‌ ചെയ്തിരുന്നു. ലെസോത്തൊയിലും ഇന്ത്യന്‍ സ്ഥാനപതിയായി അദ്ദേഹം പ്രവര്‍ത്തിച്ചിച്ചിട്ടുണ്ട്. ഇതിനുപുറമേ 2000ല്‍ ശ്രീലങ്കയിലെ ഇന്ത്യന്‍ ഹൈ കമ്മീഷണര്‍ 2002ല്‍ നോര്‍വേയിലെ ഇന്ത്യന്‍ അംബാസഡര്‍ ഐസ്‌ലാണ്ടിലെ ഇന്ത്യന്‍ അംബാസഡര്‍ തുടങ്ങി നീണ്ട സേവന പാരമ്പര്യത്തിന്റെ ഉടമയാണ് ഗോപാല്‍കൃഷ്ണ ഗാന്ധിയ്ക്ക്.

2004 മുതല്‍ 2009 വരെയുള്ള കാലഘട്ടത്തില്‍ പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ ആയിരുന്നു ഗോപാല്‍കൃഷ്ണ ഗാന്ധി. ഔട്ട്‌ലുക് മാസികയുടെ 2007ലെ ഒരു റിപ്പോര്‍ട്ട്‌ ‘പ്രച്ഛന്നവേഷ’ത്തിൽ  ബംഗാളിലെ ഗ്രാമങ്ങളിലൂടെ നടക്കുന്ന ഗോപാല്‍കൃഷ്ണ ഗാന്ധിയെക്കുറിച്ച് പറയുന്നുണ്ട്. അദ്ദേഹം ഗവര്‍ണര്‍ ആയിരിക്കെ നന്ദിഗ്രാമില്‍ സംഭവത്തെ അപലപിച്ചത് ശ്രദ്ധേയമായിരുന്നു.

വിക്രം സേത്തിന്‍റെ ‘എ സുയിട്ടബിള്‍ ബോയി’ ഹിന്ദിയിലേക്ക് പരിഭാഷപ്പെടുത്തിയത്  ഗോപാല്‍കൃഷ്ണ ഗാന്ധിയാണ്. ഇതിനുപുറമേ ശ്രീലങ്കയിലെ തമിഴ് തോട്ടം തൊഴിലാളികളെക്കുറിച്ചൊരു നോവലും നാടകവും അദ്ദേഹം രചിച്ചിട്ടുണ്ട്.

2014 ലെ പൊതു തിരഞ്ഞെടുപ്പിനു ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അദ്ദേഹം എഴുതിയ തുറന്നകത്ത് ഇങ്ങനെ പറയുന്നു : “ന്യൂനപക്ഷം എന്നാല്‍ ഇന്ത്യയുടെ ഒരു ഛേദമല്ല. മറിച്ച് അതിൽ സന്നിവേശിച്ചിരിക്കുന്നതു തന്നെയാണ്. കരിമ്പിനു പകരം കയര്‍ ഉപയോഗിക്കാം എന്നാൽ അതിൽ നിന്നും നീരെടുക്കാനാകില്ല. ഭാരത്‌ മാതാ കി ജയ്, തീർച്ചയായും, മിസ്റ്റര്‍ മോദി, പക്ഷെ നേതാജി സുഭാഷ്‌ചന്ദ്രബോസിന്‍റെ ആവേശം പകരുന്ന ജയ് ഹിന്ദ്‌ വിളികളെ നിര്‍ബന്ധിതമാക്കുന്ന ഈ അടിയന്തിര സാഹചര്യത്തെ തടുക്കാന്‍ നിങ്ങള്‍ക്ക് സാധിക്കില്ല. “

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ