ചരിത്ര നേട്ടവുമായി ഇന്ത്യന്‍ വനിത. ബ്രിട്ടനിലെ റോയല്‍ സൊസൈറ്റിയുടെ 359 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായി ഫെല്ലോ ഓഫ് റോയല്‍ സൊസൈറ്റിയില്‍ ഇടം നേടുന്ന ഇന്ത്യാക്കാരിയെന്ന നേട്ടമാണ് ഗഗന്‍ദീപ് കാങ് സ്വന്തമാക്കിയത്. ലോകത്തെമ്പാടു നിന്നുമുള്ള 51 ശാസ്ത്രജ്ഞരാണ് ബഹുമതിക്ക് അര്‍ഹരായത്.

കുട്ടികള്‍ക്കിടയിലെ എന്ററിക് ഇന്‍ഫെക്ഷനുകളെ കുറിച്ചുള്ള ഗവേഷണങ്ങളുടെ പേരിലാണ് ഗഗന്‍ദീപ് ശ്രദ്ധേയയാവുന്നത്. റോട്ടാവൈറസിനും ടൈഫോഡനെതിരേയുമുള്ള വാക്‌സിനുകള്‍ കണ്ടെത്തുന്നതില്‍ സുപ്രധാന പങ്കുവഹിച്ചിട്ടുണ്ട് ഗഗന്‍ദീപ്.

വെല്ലൂല്‍ ക്രിസ്റ്റിയന്‍ മെഡിക്കല്‍ കോളേജിലെ പ്രഫസറായിരുന്ന ഗഗന്‍ദീപ് ഇപ്പോള്‍ ട്രാന്‍സ്ലേഷണല്‍ ഹെല്‍ത്ത് സയന്‍സ് ആന്റ് ടെക്‌നോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ എക്‌സിക്യൂട്ടീവ് ഡയറക്ടറാണ്. നേരത്തെ ഡബ്ല്യുഎച്ച്ഒയുടെ സൗത്ത് ഈസ്റ്റ്-ഏഷ്യ മേഖലയിലെ ഇമ്യുണേഷന്‍ ടെക്‌നിക്കല്‍ ഉപദേശക സംഘത്തിന്റെ ചെയര്‍പേഴ്‌സണുമായിരുന്നു ഗഗന്‍ദീപ്.

360 വര്‍ഷമായി ശാസ്ത്ര-സാങ്കേതിക രംഗത്ത് പ്രവര്‍ത്തിക്കുന്നതാണ് റോയല്‍ സൊസൈറ്റി. ശാസ്ത്ര രംഗത്തെ അപൂര്‍വ്വ സംഭാവനകള്‍ നല്‍കിയ വ്യക്തികളെയാണ് സൊസൈറ്റി ആദരിക്കുന്നത്. ഐസക് ന്യൂട്ടണും ഐന്‍സ്റ്റീനും ഡാര്‍വിനും ഫാരഡെയുമല്ലാം സൊസൈറ്റിയുടെ ബഹുമതി നേടിയവരാണ്. ഈ നിരയിലേക്കാണ് ഗഗന്‍ദീപും കയറി ചെല്ലുന്നത്.

ഇന്ത്യയില്‍ നിന്നും മുമ്പ് ഈ നേട്ടം കരസ്ഥമാക്കിയവരില്‍ ശ്രീനിവാസ രാമാനുജന്‍, ഹോമി ഭാബ, സത്യേന്ദ്ര ബോസ് തുടങ്ങിയ പ്രമുഖര്‍ ഉള്‍പ്പെടും. 20 ല്‍ പരം ഇന്ത്യക്കാരെ തേടി ഈ നേട്ടം എത്തിയിട്ടുണ്ട്. എന്നാല്‍ ഇതാദ്യമായാണ് ഒരു വനിത ഇന്ത്യയില്‍ നിന്നും ഈ നേട്ടം കൈ വരിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook