താനെയിലെ ഒരു ബിയർ ബ്രൂവറിയിൽ ജോലിക്കാരനായും ഓട്ടോറിക്ഷ ഡ്രൈവറായും ജോലി ചെയ്ത് ഇന്ന് താക്കറെയ്‌ക്ക് ശേഷം ശിവസേനയിലെ ഏറ്റവും ശക്തനായ നേതാവായി മാറിയ നേതാവാണ് ഏക്‌നാഥ് ഷിൻഡെ. ശിവസേനയിൽ പിളർപ്പുണ്ടാക്കാൻ നേരത്തെ ശ്രമിച്ചിരുന്ന ഛഗൻ ഭുജ്ബലിനെയും നാരായൺ റാണെയെയും പോലുള്ള നേതാക്കളുടെ നിരയിലേക്ക് അൻപത്തിയെട്ടുകാരനായ ഏകനാഥ് ഷിൻഡെയും ചേരുന്നു എന്ന സൂചനയാണ് വരുന്നത്.
താക്കറെമാരെ സംബന്ധിച്ചിടത്തോളം വളരെ ആശങ്കാജനകമാണ് ഇത്. സാമ്പത്തിക കാര്യങ്ങളിൽ പോലും വളരെ ഉദാരമായി ഇടപെടുന്ന ഷിൻഡെയ്ക്ക് നിരവധി എംഎൽഎമാരുടെ വിശ്വസ്തത പിടിച്ചുപറ്റാൻ സാധിച്ചിട്ടുണ്ട്.
ഷിൻഡെയുടെ കുടുംബം യഥാർത്ഥത്തിൽ സത്താറ ജില്ലയിൽ നിന്നാണ്, എഴുപതുകളിലാണ് ഇവർ താനെയിലേക്ക് താമസം മാറിയത്. ഓട്ടോറിക്ഷാ ഡ്രൈവർ ബിയർ ബ്രൂവറി ജീവനക്കാരൻ, മീൻപിടിത്തക്കാരൻ തുടങ്ങിയ ജോലികൾ ചെയ്ത ശേഷമാണ് എഴുപതുകളിൽ ഷിൻഡെ ശിവസേനയിലെത്തുന്നത്.
താനെയുടെ അന്നത്തെ ജില്ലാ സേനാ പ്രസിഡന്റ് ആനന്ദ് ദിഗെയുമായി അധികം വൈകാതെ അടുപ്പമുണ്ടാക്കിയെടുക്കാൻ ഷിൻഡെയ്ക്ക് സാധിച്ചു. ജില്ലയിൽ ശിവസേനയെ ശക്തിപ്പെടുത്തുന്നതിൽ ഷിൻഡെ പ്രധാന പങ്കുവഹിച്ചു. തന്റെ രൂപത്തിൽ പോലും തന്റെ ഉപദേഷ്ടാവിനെ മാതൃകയാക്കിയ ഷിൻഡെയ്ക്ക് 1997ൽ താനെ മുനിസിപ്പൽ കോർപ്പറേഷനിൽ ഒരു സീറ്റ് നേടാനായി.
പിന്നാലെ രണ്ടായിരത്തിൽ ഷിൻഡെയ്ക്ക് ഒരു അപകടത്തിൽ തന്റെ മക്കളെ നഷ്ടപ്പെട്ടു. അന്നും ആനന്ദ് ദിഗെ ഷിൻഡെയ്ക്കൊപ്പമുണ്ടായി. പിന്നീട് ദിഗെ ഷിൻഡെയെ താനെ മുനിസിപ്പൽ കോർപ്പറേഷന്റെ നേതാവാക്കിയെന്നും പറയപ്പെടുന്നു.
2001 ഓഗസ്റ്റിൽ ദിഗെയുടെ മരണശേഷം, ശിവസേനയ്ക്ക് താനെയിലുണ്ടായ ശൂന്യത ഷിൻഡെയാണ് നികത്തി. 2004-ൽ അദ്ദേഹം കോപ്രി-പച്ച്പഖാഡി സീറ്റിൽ നിന്ന് വിജയിച്ച് അദ്ദേഹം എംഎൽഎയായി, തുടർച്ചയായി നാല് തവണ മണ്ഡലത്തെ പ്രതിനിധീകരിച്ചു.
ദിഗെയെപ്പോലെ, വാക്ചാതുര്യത്തിന് പേരുകേട്ട നേതാക്കളിൽ ഒരാളായിരുന്നു ഷിൻഡെയും. പ്രക്ഷോഭാത്മകവും യുദ്ധസമാനവുമായ പ്രവർത്തന ശൈലിയാണ് അദ്ദേഹത്തിന് ഉണ്ടായിരുന്നത്. പാർട്ടിയോട് അദ്ദേഹം പുലർത്തിയ അഗാധമായ വിശ്വസ്തതയണ് പാർട്ടിയിൽ അദ്ദേഹത്തിന്റെ ഉയർച്ചകളെ എല്ലാം സഹായിച്ചത്.
ബാൽ താക്കറെയുടെ മരണവും ഉദ്ധവ് താക്കറെയുടെ ഉദയവും ഷിൻഡെയെപ്പോലുള്ള നേതാക്കളെ പാർട്ടിയിൽ തങ്ങളുടെ സ്ഥാനം ഉറപ്പിക്കാൻ സഹായിച്ചു.
ബിജെപിയുമായി തെറ്റിപ്പോയ ഉദ്ധവ് അദ്ദേഹത്തെ മഹാരാഷ്ട്ര നിയമസഭയിലെ പ്രതിപക്ഷ നേതാവാക്കിയതോടെയാണ് പാർട്ടിക്ക് പുറത്ത് ഷിൻഡെ ആദ്യമായി രാഷ്ട്രീയ സ്വാധീനം ചെലുത്തിയത്. ഇരു പാർട്ടികളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താൻ സഹായിച്ച പാർട്ടി നേതാക്കളിൽ ഒരാളാണ് ഷിൻഡെ. ഷിൻഡെ പിന്നീട് പൊതുമരാമത്ത് വകുപ്പ് മന്ത്രിയായി.
2019 മുതൽ, ബിജെപിയെ തള്ളി കോൺഗ്രസും എൻസിപിയുമായി ചേർന്ന് ശിവസേന ഒരുങ്ങിയപ്പോൾ ഷിൻഡെയുടെ അതൃപ്തി പലപ്പോഴും പുറത്തുവന്നിരുന്നു. ബിജെപി സർക്കാരിനെതിരെ നിരന്തരം ആക്രമണങ്ങൾ നടത്തുന്നതിനിടയിലും ശിവസേനയിലും സഖ്യകക്ഷികളായ കോൺഗ്രസിലും എൻസിപിയിലും ഉള്ള പലരും ഷിൻഡെ ദുർബലമായ ഒരു കണ്ണിയാണെന്ന് പണ്ടേ ഭയപ്പെട്ടിരുന്നു. മഹാവികാസ് അഘാടി സർക്കാരിലെ മറ്റെല്ലാ പ്രമുഖ നേതാക്കളെയും പിന്തുടർന്ന് ആക്രമിച്ചിരുന്ന ബിജെപി ഷിൻഡെയെ ഒഴിവാക്കിയത് ഇതിനെ കൂടുതൽ ശക്തിപ്പെടുത്തിയിരുന്നു.
മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പാർട്ടിയിലും സർക്കാരിലും തന്റെ മകനെ കൊണ്ടുവരാൻ ശ്രമിക്കുമ്പോൾ പാർട്ടിയിൽ തങ്ങളുടെ വളർച്ച തടസപ്പെടുന്നതായി ഷിൻഡെയുൾപ്പെടെയുള്ള നേതാക്കൾക്ക് തോന്നിയിരുന്നതായി അടുത്ത വൃത്തങ്ങൾ പറയുന്നു.
താനെ മുനിസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ പാർട്ടി ഒറ്റയ്ക്ക് മത്സരിക്കണമെന്ന അദ്ദേഹത്തിന്റെ നിർദ്ദേശം മറികടക്കാനുള്ള ശിവസേനയുടെ തീരുമാനമായിരിക്കാം ഷിൻഡെയുടെ അവസാനത്തെ പിടിവള്ളിയെന്ന് സേന വൃത്തങ്ങൾ പറയുന്നു. പാർട്ടി എൻസിപിയുമായും കോൺഗ്രസുമായും സഖ്യത്തിൽ മത്സരിക്കുമെന്ന് അദ്ദേഹത്തോട് വ്യക്തമായി പറഞ്ഞിരുന്നു.
അടുത്തിടെ ആനന്ദ് ദിഗെയുടെ ജീവിതം പറയുന്ന ഒരു സിനിമ പ്ലാൻ ചെയ്ത് ഷിൻഡെ സമൂഹത്തിൽ ഒരു പൊതു സ്വീകാര്യത നേടിയിരുന്നു, സിനിമയുടെ നിർമാണത്തിൽ ഉൾപ്പടെ അദ്ദേഹം സഹായിച്ചതായി പറയുന്നു. കഴിഞ്ഞ കുറച്ച് മാസങ്ങളായി മറാത്തി പത്രങ്ങളിലും ടെലിവിഷനിലും ഷിൻഡെയുടെ ചിത്രം വച്ചുള്ള പരസ്യങ്ങൾ വരാറുണ്ട്. സാധാരണക്കാർക്ക് വേണ്ടി അക്ഷീണമായി പ്രവർത്തിക്കുന്ന, ധീരനായ ഒരു യുവ നേതാവായാണ് സിനിമയിൽ ഷിൻഡെയെ കാണിക്കുന്നതെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ പറയുന്നത്.
Also Read: Top news live updates: നാഷണൽ ഹെറാൾഡ് കേസ്; രാഹുൽ ഗാന്ധിയെ ഇഡി ചോദ്യം ചെയ്യുന്നു