തമിഴ് നാട്ടിലെ ദ്രാവിഡരാഷ്ട്രീയത്തിലെ കരുത്തനായ മുത്തുവേൽ കരുണാനിധിയുടെയും ദയാലുഅമ്മാളിന്റെയും മകനായി 1953 മാർച്ച് ഒന്നിന് സ്റ്റാലിൻ ജനിച്ചു. അതേ കാലത്താണ് കരുണാനിധി ഡി എം കെ രാഷ്ട്രീയത്തിന്റെ ഉന്നതങ്ങളിലേയ്ക്കുളള പടവുകൾ കയറുന്നതും. സോവയിറ്റ് കമ്മ്യൂണിസ്റ്റ് നേതാവായിരുന്ന ജോസഫ് സ്റ്റാലിന്റെ മരണം കഴിഞ്ഞ് നാല് ദിവസം പിന്നിടുമ്പോഴായിരുന്നു കരുണാനിധി-ദയാലു അമ്മാൾ ദമ്പതികളുടെ ഈ മകന്റെ ജനനം. ലോകം മുഴുവൻ ശ്രദ്ധിച്ചിരുന്ന ജോസഫ് സ്റ്റാലിന്റെ പേരിൽ നിന്നുളള സ്റ്റാലിൻ എന്ന പേരാണ് മകന് ദ്രാവിഡ രാഷ്ട്രീയത്തിന്റെ കുലപതി നൽകിയത്.
ദ്രാവിഡ രാഷ്ട്രീയത്തിന്റെ സർവകലാശാലയിൽ ജനിച്ച സ്റ്റാലിന് ഒരു കാലത്തും രാഷ്ട്രീയം അന്യമായിരുന്നില്ല. സ്കൂൾ വിദ്യാർത്ഥിയായിരിക്കെ തന്നെ രാഷ്ട്രീയത്തിൽ പ്രവേശിച്ചു. പതിനാലാം വയസ്സിൽ തന്നെ അമ്മാവനായ മുരൈശൊലി മാരൻ ലോകസഭയിലേയ്ക്ക് മത്സരിച്ചപ്പോൾ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സ്റ്റാലിൻ സജീവമായി. എന്നാൽ 1967ലെ ഹിന്ദി വിരുദ്ധ പ്രക്ഷോഭത്തിലായിരുന്നു ഈ കൗമാരക്കാരൻ കൂടുതൽ ശ്രദ്ധേയനായത്. ഹിന്ദി വിരുദ്ധ പ്രക്ഷോഭത്തിന് ശേഷം ആറ് വർഷം പിന്നിടുമ്പോൾ മദ്രാസ് പ്രസിഡൻസി കോളജിൽ നിന്നും ചരിത്രത്തിൽ ബിരുദം നേടിയിറങ്ങിയ ഇരുപതുകാരനെ ഡി എം കെ യുടെ ജനറൽ കൗൺസിലിൽ ഉൾപ്പെടുത്തി.
അമ്പത് വർഷം നീണ്ട് പ്രസിഡന്റ് പദവിയായിരുന്നു കരുണാനിധിയുടേത്. ഡി എം കെ യെ സംബന്ധിച്ച് അവരുടെ രണ്ടാമത്തെ പ്രസിഡന്റുമാത്രമാണ് സ്റ്റാലിൻ. കരുണാനിധിയുടെ മകൻ എന്ന നിലയിൽ മാത്രമല്ല, കരുണാനിധിക്ക് ശേഷം പ്രസിഡന്റാകുന്ന വ്യക്തി എന്ന നിലയ്ക്കും സ്റ്റാലിന് മുകളിൽ ഒരുപാട് താരതമ്യങ്ങൾ ഉണ്ടാകുന്നുണ്ട്. അതെല്ലാം കരുണാനിധിയെ അടിസ്ഥാനമാക്കിയുമാണ്. പ്രഭാഷണ പാടവത്തിലോ രാഷ്ട്രീയത്തിലെ സൂക്ഷ്മ ബുദ്ധിയോടെയുളള പ്രവർത്തനങ്ങളിലോ കരുണാനിധിയോളം എത്തുമോ സ്റ്റാലിൻ എന്നതാണ് ആളുകൾ പരിശോധിക്കുന്നത്. ഇതുവരെ കരുണാനിധി എന്ന വടവൃക്ഷത്തിന്റെ നിഴലിലായിരുന്നു സ്റ്റാലിൻ. എന്നാൽ ഇന്നത് മാറിയിക്കുന്നു. ഉത്തരവാദിത്വങ്ങളേറ്റടെുക്കേണ്ട ചുമലുകൾ സ്റ്റാലിന്റേതായിരിക്കുന്നു. അത് എങ്ങനെ നിർവഹിക്കുമെന്നതാണ് ആളുകളുടെ കാത്തിരിപ്പ്, പ്രത്യേകിച്ച്, ഡി എം കെയിൽ സ്റ്റാലിനെ പിന്തുണയ്ക്കുന്നവരുടെയും പുറത്ത് സഹോദരൻ അഴഗിരിക്ക് ഒപ്പമുളളവരുടെയും.
Read More: കരുണാനിധി എന്ന ബ്രാന്ഡ്
അടിയന്തരാവസ്ഥക്കാലത്ത് ജയിൽ വാസം അനുഭവിക്കേണ്ടി വന്ന നേതാവാണ് സ്റ്റാലിൻ.1976 ൽ ഡി എം കെ അംഗമായിരുന്നു അദ്ദേഹം.
പിന്നീട് തുടർച്ചയായി പരാജയങ്ങളുടെ കയ്പുനീര് കുടിച്ചാണ് കരുണാനിധിക്കൊപ്പം സ്റ്റാലിൻ മുന്നോട്ട് നീങ്ങിയത്. എം ജി ആർ എന്ന എം ജി രാമചന്ദ്രൻ ഡി എം കെ എന്ന പാർട്ടിയെ 1972 ൽ പിളർത്തി. മാത്രമല്ല 1977 ൽ തിരഞ്ഞെടുപ്പിൽ കരുണാനിധിയെ തോൽപ്പിച്ച് അധികാരത്തിലെത്തി. പിന്നീട് എം ജി ആറിന്റെ മരണം വരെ ഡി എം കെയ്ക്ക് അധികാരത്തിലെത്താൻ സാധിച്ചില്ല. പുരൈട്ചി തലൈവരും മക്കൾ തിലകവുമൊക്കെയായി എം ജി ആർ തമിഴ്നാട് രാഷ്ട്രീയത്തെ അടക്കി ഭരിച്ചപ്പോൾ കരുണാനിധിയും സ്റ്റാലിനും അധികാര രാഷ്ട്രീയത്തിൽ നിന്നും തുടച്ചു മാറ്റപ്പെട്ടുവെന്നായിരുന്നു പലരും കണക്കു കൂട്ടിയത്. എന്നാൽ കേഡർ സ്വഭാവമുളള ഡി എം കെയ്ക്ക് പത്ത് വർഷത്തിലേറെക്കാലം അധികാരത്തിന് പുറത്തായിരുന്നിട്ടും തിരിച്ചുവരവിന് സാധ്യമായി.
അതിനിടയിൽ സ്റ്റാലിൻ സിനിമയിലും ഭാഗ്യ പരീക്ഷണം നടത്തി. രണ്ട് സിനിമകളിൽ അഭിനയിച്ചു. ‘ഒരേ രത്തം’, മ’ക്കൾ അനയിത്താൾ’ എന്നിങ്ങനെ രണ്ട് സിനിമകളിലെ അഭിനയവും രണ്ട് ടി വി പരമ്പരകളിലെ അഭിനയവും കഴിഞ്ഞതോടെ സ്റ്റാലിൻ അഭിനയ രംഗത്തോട് വിടപറഞ്ഞു.
1988ലെ സ്റ്റാലിന്റെ സിനിമാഭിനയ പരീക്ഷണത്തിന്റെ കാലഘട്ടത്തിൽ തമിഴ്നാട് രാഷ്ട്രീയത്തിലും വൻമാറ്റങ്ങൾ സംഭവിക്കുകയായിരുന്നു. 1987 ലെ എം ജി ആറിന്റെ മരണം, എം ജി ആറിന്റെ ഭാര്യ ജാനകിയും ജയലളിതയും തമ്മിലുളള അധികാര വടംവലി എന്നിങ്ങനെ തമിഴ് രാഷ്ട്രീയം ആടിയുലഞ്ഞു. അപ്പോഴും മറുവശത്ത് അധികാരത്തിന്റെ അകത്തളങ്ങളിൽ പ്രവേശനം ഇല്ലായിരുന്നുവെങ്കിലും സംഘടനാ ശക്തിയുടെ പിൻബലത്തിൽ ഡി എം കെ അധികാരത്തിലെത്താനുളള വഴികൾ വെട്ടിത്തുറക്കുകയായിരുന്നു. എം ജി ആറിന്റെ മരണത്തിന് ശേഷം രണ്ട് വർഷത്തിനുളളിൽ അധികാരത്തിലേയ്ക്ക് എത്തി. തമിഴ്നാട്ടിലെ തൗസന്റ് ലൈറ്റ്സ് മണ്ഡലത്തിൽ നിന്നും 1989 ൽ സ്റ്റാലിൻ നിയസഭയിലേയ്ക്ക് എത്തി. അതിന് മുൻപിലത്തെ തവണയും അതിന് ശേഷവും ആ മണ്ഡലം സ്റ്റാലിന് പരാജയം നൽകി. എന്നാൽ, 1996 മുതൽ 2006 വരെ മൂന്ന് തിരഞ്ഞെടുപ്പുകളിൽ സ്റ്റാലിൻ തൗസന്റ് ലൈറ്റ്സിൽ നിന്നും തുടർച്ചയായി തിരഞ്ഞെടുക്കപ്പെട്ടു. 2011ലായപ്പോൾ മണ്ഡലം മാറി. 2011 ലും 16ലും കൊളത്തൂരിൽ നിന്നാണ് സ്റ്റാലിൻ നിയമസഭയിലേക്ക് വന്നത്.
1989 ലെ വിജയത്തോടെ സ്റ്റാലിൻ ഡി എം കെ രാഷ്ട്രീയത്തിൽ തന്റെ കസേര ഉറപ്പിക്കുകയായിരുന്നു. ഡി എം കെയിൽ കരുണാനിധി കുടുംബം സ്വാധീനം ഉറപ്പിക്കുന്നതിനൊപ്പം സ്റ്റാലിൻ അനിഷേധ്യനായി വളരുന്നതിന്റെ സൂചന കൂടെ ആ സമയത്ത് തന്നെ രുപപ്പെട്ടിരുന്നു. സഹോദരനായ അഴഗിരിയെ മധുരയിലേയക്ക് മാറ്റിക്കൊണ്ടായിരുന്നു അന്നത്തെ മദ്രാസ് കേന്ദ്രീകരിച്ച് സ്റ്റാലിൻ തന്റെ കരുനീക്കങ്ങളാരംഭിച്ചത്. പാർട്ടിയിലെ യുവ സൈന്യാധിപനായി സ്റ്റാലിൻ അവരോധിക്കപ്പെടുകയായിരുന്നു. ഇളയ ദളപതി എന്ന് സ്റ്റാലിൻ അണികൾക്കുളളിൽ അറിയപ്പെട്ടു.
രാജീവ് ഗാന്ധിയുടെ വധം ഡി എം കെയുടെ രാഷ്ട്രീയഭാവിക്ക് തിരിച്ചടിയായെങ്കിലും സ്റ്റാലിന്റെ ഭരണപാടവത്തിന്റെ നാഴികക്കല്ലുകൾ നിർണ്ണയിക്കുന്നതിലേയ്ക്കും ആ കാലം വഴിയൊരുക്കി. സംസ്ഥാനത്തിന്റെ അധികാരത്തിൽ നിന്നും പുറത്തേയ്ക്ക് ഇറങ്ങേണ്ടി വന്നുവെങ്കിലും സ്റ്റാലിൻ ചെന്നൈയുടെ മേയറായി. മേയർ എന്ന നിലയിൽ കഴിവുറ്റ ഭരണാധികാരി എന്ന പേര് സ്റ്റാലിൻ ഇക്കാലയളവിൽ നേടിയെടുത്തു. സ്റ്റാലിന്റെ പ്രിയപദ്ധതിയായിരുന്നു ‘ശിങ്കാര ചെന്നൈ’ ( മനോഹമായ ചെന്നൈ), നഗരത്തിന്റെ അടിസ്ഥാന ആവശ്യങ്ങളുടെ കാര്യത്തിലും നഗരത്തിന്റെ മോടി കൂട്ടുന്നതിലും അദ്ദേഹം വിജയിച്ചു. ഇതിലൂടെ നഗരപിതാവ് എന്നർത്ഥം വരുന്ന ‘മങ്കര തന്തൈ’ എന്ന് അദ്ദേഹം അറിയപ്പെട്ടു.
പിന്നീട് ജയലളിതയുടെ ഭരണകാലത്ത് കരുണാനിധിയും മുരൈശൊലി മാരനും സ്റ്റാലിനും അഴിമതിയാരോപണങ്ങളുടെ പേരിൽ അറസ്റ്റ് ചെയ്യപ്പെട്ടു. ഇതേ സമയം തന്നെ സഹോദരനായ അഴഗിരിയുമായുളള സ്റ്റാലിന്റെ ബന്ധം കൂടുതൽ മോശമായി. 2003 ൽ സ്റ്റാലിൻ അനുയായിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അഴഗിരി അറസ്റ്റ് ചെയ്യപ്പെട്ടു. ഈ സംഭവം ഇരുവരും തമ്മിലുളള അകൽച്ചയുടെ ആഴം ശത്രുക്കൾക്ക് പോലും വ്യക്തമാക്കുന്നതായി മാറി.
ഡി എം കെ 2006 മെയ് മാസത്തിൽ അധികാരത്തിലെത്തി, ഇത് സ്റ്റാലിന്റെ പ്രയത്നഫലം കൂടിയാണെന്ന അഭിപ്രായവും ഉയർന്നു. ഉപമുഖ്യമന്ത്രിയായി സ്റ്റാലിൻ, എന്നാൽ പ്രിയമുളള വകുപ്പുകളൊന്നും സ്റ്റാലിന് ഉണ്ടായില്ല. ഗ്രാമ വികസനം ആയിരുന്നു അദ്ദേഹത്തിന്റ വകുപ്പ്. പക്ഷേ അവിടെയും അദ്ദേഹം തന്റെ ഭരണപാടവം കണ്ടെത്തുകയായിരുന്നുവെന്ന് ഒരു മുതിർന്ന ഡി എം കെ നേതാവ് ഇന്ത്യൻ എക്സ്പ്രസ്സിനോട് പറഞ്ഞു.
മന്ത്രിയായിരുന്ന കാലത്ത് സ്വയം സഹായ സംഘങ്ങളെ ശക്തിപ്പെടുത്തുന്നതിൽ സ്റ്റാലിന് ശ്രദ്ധേയനായിരുന്നു. നിരവധി സംഘങ്ങൾക്ക് സ്റ്റാലിൻ നേരിട്ട് ചെക്കുകൾ കൈമാറി. ഇങ്ങനെയൊക്കെയാണെങ്കിലും ഡിഫാക്ടോ നേതാവിന് രണ്ട് കനത്ത പരാജയങ്ങളാണ് സ്റ്റാലിന് നേരിടേണ്ടി വന്നത്. 2016 ലെ നിയമസഭ തിരഞ്ഞെടുപ്പും. പിന്നീട് വന്ന ആർ കെ നഗർ ഉപതിരഞ്ഞെടുപ്പിൽ ജയലളിതയുടെ അനുയായിയായ ശശികലുടെ അനന്തിരവനായ ടി ടി വി ദിനകരനോടുളള തോൽവിയും.
ഡി എം കെ അധ്യക്ഷനായി ചുമതലയേറ്റെടുക്കുന്ന സ്റ്റാലിന്റെ മുന്നിലുളള ആദ്യത്തെ വെല്ലുവിളി 2019 ലെ തിരഞ്ഞെടുപ്പ് സഖ്യ രൂപീകരണമാണ്. അതിന് മുന്നിലുളള വലിയൊരു വെല്ലുവിളി, തിരുപ്രംകുണ്ട്രം നിയമസഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പാണ്. മിക്കവാറും ഈ വർഷം ഡിസംബറിലായിരിക്കും ഇത് നടക്കുക. ഇവിടെ എ ഐ എ ഡി എം കെയുടെ എ കെ ബോസിന്റെ നിര്യാണത്തെ തുടർന്നാണ് ഈ മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് വേണ്ടി വരുന്നത്. എ ഐ എ ഡി എം കെയുടെ സിറ്റിങ് സീറ്റ് എന്നതിനേക്കാളേറെ, അഴഗിരിക്ക് സ്വാധീനമുളള മേഖലയിലാണ് ഈ മണ്ഡലം വരുന്നത് എന്നതാണ് സ്റ്റാലിന് കൂടുതൽവെല്ലുവിളി ഉയർത്തുന്നത്.