ഗുജറാത്ത് മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് വിജയ് രൂപാണി രാജി സമർപ്പിച്ച് ഒരു ദിവസത്തിന് ശേഷം സംസ്ഥാനത്തെ പുതിയ മുഖ്യമന്ത്രിയായി ഭൂപേന്ദ്ര പട്ടേലിനെ ബിജെപി തിരഞ്ഞെടുത്തിരിക്കുകയാണ്. രൂപാണിയുടെ രാജിയോട് കഴിഞ്ഞ രണ്ട് മാസത്തിനിടെ രാജി വെച്ച ബിജെപി മുഖ്യമന്ത്രിമാരുടെ എണ്ണം മൂന്നായി ഉയർന്നിരുന്നു. ഉത്തരാഘണ്ഡ് മുഖ്യമന്ത്രിയായിരുന്ന തിരത് സിംഗ് റാവത്ത്, കർണാടക മുഖ്യമന്ത്രിയായിരുന്ന ബിഎസ് യെദ്യൂരപ്പ എന്നിവരായിരുന്നു മറ്റുള്ളവർ.
ശനിയാഴ്ചയാണ് വിജയ് രൂപാണി ഗുജറാത്ത് മുഖ്യമന്ത്രിസ്ഥാനം രാജിവച്ചത്. ഞായറാഴ്ച ഗാന്ധിനഗറിൽ ചേർന്ന ബിജെപി നിയമസഭാ കക്ഷി യോഗത്തിലാണ് ഭൂപേന്ദ്ര പട്ടേലിനെ രൂപാണിയുടെ പിൻഗാമിയായി തിരഞ്ഞെടുത്തത്.
Read More: ഭൂപേന്ദ്ര പട്ടേൽ ഗുജറാത്ത് മുഖ്യമന്ത്രിയാവും
ഘട്ട്ലോഡിയ നിയസഭാ മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയാണ് 59 വയസ്സുകാരനായ പട്ടേൽ. ആദ്യമായി ഇത്തവണ നിയമസഭയിലെത്തിയ അദ്ദേഹം അഹമ്മദാബാദിലെ മേംനഗർ മുനിസിപ്പാലിറ്റിയുടെ പ്രസിഡന്റായും അഹമ്മദാബാദ് മുനിസിപ്പൽ കോർപ്പറേഷൻ, അഹമ്മദാബാദ് നഗര വികസന അതോറിറ്റി എന്നിവയുടെ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്.
2017 ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ ഗട്ട്ലോഡിയ മണ്ഡലത്തിൽ നിന്ന് അദ്ദേഹം വിജയിച്ചു. കോൺഗ്രസ് സ്ഥാനാർത്ഥി ശശികാന്ത് പട്ടേലിനെ ഒരു ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് പരാജയപ്പെടുത്തിയത്. 2017 ലെ ഗുജറാത്ത് തിരഞ്ഞെടുപ്പിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷമായിരുന്നു അത്.
ഗുജറാത്ത് മുൻ മുഖ്യമന്ത്രി ആനന്ദിബെൻ പട്ടേലിന്റെ അടുത്തയാളായി അദ്ദേഹത്തെ കണക്കാക്കുന്നു. 2012 ലെ തിരഞ്ഞെടുപ്പിൽ വിജയിച്ച ആനന്ദി ബെൻ പട്ടേൽ സംസ്ഥാന ഗവർണറായി നിയമിക്കപ്പെടുന്നതിന് മുമ്പ് മുഖ്യമന്ത്രിസ്ഥാനം രാജിവച്ചിരുന്നു.
പട്ടേൽ സമുദായത്തിലെ കദ്വ ഉപജാതിയിൽപ്പെട്ട പട്ടേൽ സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ നേടിയിട്ടുണ്ട്. പുതിയ നിയമസഭാ കക്ഷി നേതാവായി പട്ടേലിനെ തിരഞ്ഞെടുത്തതോടെ, രൂപാനിയുടെ പിൻഗാമിയായി ആര് ഗുജറാത്ത് മുഖ്യമന്ത്രിയാകുമെന്ന അഭ്യൂഹങ്ങൾ അവസാനിച്ചു.