‘300 ബാഗുകളുമായി’ ആരെങ്കിലും മീറ്റിങ്ങിന് പോകുമോ?; മദ്യ വ്യവസായിയുടെ അഭിഭാഷകനെതിരെ എന്‍ഫോഴ്സ്മെന്റ്

രഹസ്യമായല്ല തന്റെ കക്ഷി രാജ്യം വിട്ടതെന്ന് മല്യയുടെ അഭിഭാഷകനായ അമിത് ദേശായി

മുംബൈ: വിവാദ വ്യവസായി വിജയ് മല്യ രാജ്യം വിട്ടതല്ലെന്ന് പറഞ്ഞ മല്യയുടെ അഭിഭാഷകന്റെ വാദം തളളി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. 2016 മാര്‍ച്ചില്‍ ജനീവയില്‍ ഒരു യോഗത്തിനായാണ് മല്യ പോയതെന്നായിരുന്നു മുംബൈയിലെ പ്രത്യേക കോടതിയില്‍ മല്യയുടെ അഭിഭാഷകന്‍ വാദിച്ചത്. എന്നാല്‍ ‘300 ബാഗുകളുമായി’ ആരെങ്കിലും യോഗത്തിന് പോകുമോയെന്ന് എന്‍ഫോഴ്സ്മെന്റ് കോടതിയില്‍ ചോദിച്ചു.

എന്‍ഫോഴ്സമെന്റ് പറഞ്ഞത് പോലെ രഹസ്യമായല്ല തന്റെ കക്ഷി രാജ്യം വിട്ടതെന്ന് മല്യയുടെ അഭിഭാഷകനായ അമിത് ദേശായി കോടതിയില്‍ പറഞ്ഞു. ‘അങ്ങനെ രഹസ്യമായ ഒരു യാത്ര നടന്നിട്ടില്ല. മുന്‍കൂട്ടി നിശ്ചയിച്ച ഒരു യോഗത്തില്‍ പങ്കെടുക്കാനായാണ് അദ്ദേഹം സ്വിറ്റ്സര്‍ലാന്റിലേക്ക് പോയത്,’ ദേശായി പറഞ്ഞു.
എന്നാല്‍ എന്‍ഫോഴ്സമെന്റ് കൗണ്‍സല്‍ ഡിഎന്‍ സിങ് ദേശായിയുടെ വാദം ഖണ്ഡിച്ചു. ‘യോഗത്തില്‍ പങ്കെടുക്കാനായണ് മല്യ പോയതെന്ന് തെളിയിക്കുന്ന ഒന്നും തന്നെയില്ല. 300 ബാഗുകളും കാര്‍ഗോയുമായി ആരാണ് യോഗത്തില്‍ പങ്കെടുക്കാന്‍ പോവുക,’ സിങ് ചോദിച്ചു.

രാജ്യത്തെ വിവിധ ബാങ്കുകളിൽ വായ്പയെടുത്ത് മുങ്ങി ബ്രിട്ടനിൽ കഴിയുന്ന മല്യയെ ഇന്ത്യയിൽ എത്തിക്കുമ്പോൾ പാർപ്പിക്കുന്നത് ആർതർ റോഡ് ജയിലിലെ കസബിന്റെ തടവറയിൽ ആണ്. മുംബൈ ഭീകരാക്രമണക്കേസിലെ പ്രതിയായ അജ്മൽ കസബിനെ പാർപ്പിച്ച ബാരക്ക് 12 എന്ന ഇരുനില കോംപ്ലക്സിന്റെ താഴത്തെ നിലയിലാകും മല്യയെയും തടവിൽ പാർപ്പിക്കുക. അത്യാധുനിക സൗകര്യങ്ങളുള്ള ജയിലിൽ മുഴുവൻ സമയവും സി.സി.ടി.വി സൗകര്യത്തിലായിരിക്കും.

തീപിടിത്തവും ബോംബാക്രമണവും ചെറുക്കുന്നതിനുള്ള എല്ലാവിധ സൗകര്യങ്ങളും ഈ തടവറയിലുണ്ട്. കസബിനെ പാർപ്പിക്കുന്ന സമയത്താണ് ഇത്തരത്തിലുള്ള ആധുനിക സൗകര്യങ്ങൾ ജയിലിൽ ഏർപ്പെടുത്തിയത്. ബാരക്കിനോട് ചേർന്നുള്ള പ്രത്യേക ഡിസ്‌പെൻസറിയിൽ മൂന്ന് ഡോക്ടർമാരുടെ സേവനം ലഭ്യമാണ്. കൂടാതെ സെല്ലിനോട് ചേർന്ന് യൂറോപ്യൻ ക്ലോസറ്റ് ഉള്ള ശുചിമുറിയും അലക്കാനുള്ള സൗകര്യവുമുണ്ട്. ജയിലിലെ മറ്റ് ശുചിമുറികളെല്ലാം ഇന്ത്യൻ ശൈലിയിലാണ് നിർമ്മിച്ചിരിക്കുന്നത്.

ഒൻപതിനായിരം കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പിന് കേസുകൾ നേരിടുന്ന വിവാദ വ്യവസായി വിജയ് മല്യയെ ഇന്ത്യയ്ക്ക് കൈമാറാൻ ലണ്ടനിലെ വെസ്റ്റ് മിൻസ്റ്റർ കോടതി രണ്ട് ദിവസം മുമ്പായിരുന്ന ഉത്തരവിട്ടത്. കിംഗ്ഫിഷർ ബിയർ, വിമാന കമ്പനികളുടെ ഉടമയായിരുന്ന മല്യ 2016 മാർച്ചിലാണ് ഇന്ത്യ വിട്ടത്. എന്നാൽ ഇന്ത്യ വിട്ട് വന്നതല്ലെന്നും വായ്പാ തുക തിരിച്ചടയ്ക്കാമെന്നും മല്യ കോടതിയെ അറിയിച്ചിരുന്നു. ചതി, ഗൂഢാലോചന, കള്ളപ്പണം വെളുപ്പിക്കൽ എന്നീ കുറ്റകൃത്യങ്ങളിൽ മല്യയ്ക്കെതിരെ ഇന്ത്യൻ അന്വേഷണ ഏജൻസിക്ക് പ്രഥമദൃഷ്ട്യാ തെളിവ് ലഭിച്ചതായി ജഡ്ജി ഉത്തരവിൽ ചൂണ്ടിക്കാട്ടി. 1993 ലെ ഇന്ത്യ-ബ്രിട്ടൺ കുറ്റവാളികളെ വിട്ടുകിട്ടൽ ഉടമ്പടി പ്രകാരമാണ് മല്യയെ കൈമാറുന്നത്.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Who goes for a meeting with 300 bags ed asks mallya as liquor baron claims he never fled country

The moderation of comments is automated and not cleared manually by malayalam.indianexpress.com