ന്യൂഡല്‍ഹി: ബി.സി 47 ല്‍ നടത്തിയ മധ്യ പൂര്‍വേഷ്യന്‍ തേരോട്ടത്തില്‍ പോണ്ടസ്സിലെ ഫര്‍ണ്ണാണ്ടസ് രാജാവിനെ കീഴടക്കിയപ്പോള്‍ റോമന്‍ ജനറല്‍ ആയിരുന്ന ജൂലിയസ് സീസര്‍ പറഞ്ഞ വാചകമാണ്, ”ഞാന്‍ വന്നു, ഞാന്‍ കണ്ടു, ഞാന്‍ കീഴടക്കി” എന്നത്. വിവാദ വ്യവസായി വിജയ് മല്യ ധനമന്ത്രി അറുണ്‍ ജെയ്റ്റ്ലിയുമായി കൂടിക്കാഴ്ച്ച നടത്തിയ ശേഷമാണ് രാജ്യം വിട്ടതെന്ന വാര്‍ത്ത ഇന്നലെയാണ് പുറത്തുവന്നത്. മല്യ തന്നെയാണ് ബ്രിട്ടനില്‍ വെച്ച് ഇക്കാര്യം വെളിപ്പെടുത്തിയത്. ഈ സാഹചര്യത്തില്‍ സീസറുടെ വാക്കുകള്‍ കടമെടുത്ത് ചെറിയ മാറ്റം വരുത്തി കേന്ദ്രത്തെ പരിഹസിക്കുകയാണ് കോണ്‍ഗ്രസ്. ‘ഞാന്‍ വന്നു (പാര്‍ലമെന്റിലേക്ക്), ഞാന്‍ കണ്ടു (അരുണ്‍ ജെയ്റ്റ്ലിയെ), ഞാന്‍ പറന്നു (ലണ്ടനിലേക്ക്)’ എന്നാണ് കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തത്.
Set Jait & Go. #ArunJaitleyStepDown pic.twitter.com/gmDnkVzvZH
— Congress (@INCIndia) September 13, 2018
രാജ്യം വിടും മുമ്പ് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയെ താന്‍ കണ്ടിരുന്നെന്ന വിവാദ വ്യവസായി വിജയ് മല്യയുടെ വെളിപ്പെടുത്തലില്‍ കേന്ദ്രത്തെ രൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തിയിട്ടുണ്ട്. രാജ്യം വിടും മുമ്പ് ജെയ്റ്റ്ലിയെ കണ്ട മല്യയ്ക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചതില്‍ ഗൂഢാലോചനയുണ്ടെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പറഞ്ഞു. വിമാനത്താവളങ്ങളിലെ ലുക്കൗട്ട് നോട്ടീസ് ദുര്‍ബലമാക്കിയത് ഇതിന് തെളിവാണെന്ന് രാഹുല്‍ പറഞ്ഞു. ധനമന്ത്രി രാജിവയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മല്യ രാജ്യം വിടുന്നതിന്റെ രണ്ട് ദിവസം മുമ്പ് ജെയ്റ്റ്ലിയുമായി കൂടിക്കാഴ്ച നടത്തിയതിന് ഒരു കോണ്‍ഗ്രസ് എംപി ദൃക്സാക്ഷിയാണെന്നും രാഹുല്‍ പറഞ്ഞു. ‘അരുണ്‍ ജെയ്റ്റ്ലി കള്ളം പറയുകയാണ്. ഇരുവരും ചര്‍ച്ച നടത്തുന്നത് കോണ്‍ഗ്രസ് നേതാവ് പി.എല്‍.പൂനിയ കണ്ടതാണ്. ഇരുവരും മുഖാമുഖം ഇരുന്ന് നടത്തിയ കൂടിക്കാഴ്ച 15-20 മിനിറ്റോളം നീണ്ടുനിന്നു. ഒരു കുറ്റവാളിയുമായി ഗൂഢാലോചന നടത്തിയത് എന്തിനെന്ന് ധനമന്ത്രി രാജ്യത്തോട് വിശദീകരിക്കണം. എന്താണ് ചര്‍ച്ച ചെയ്തതെന്നും അദ്ദേഹം വെളിപ്പെടുത്തണം’, രാഹുല്‍ ആവശ്യപ്പെട്ടു.
പിന്നീട് രാഹുല്‍ പി.എല്‍.പൂനിയയ്ക്ക് മൈക്ക് കൈമാറി. പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ വച്ച് 2016 മാര്‍ച്ചില്‍ ഇരുവരും കൂടിക്കാഴ്ച നടത്തുന്നത് കണ്ടതായി പൂനിയ പറഞ്ഞു. ‘പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ ഞാനും ഉണ്ടായിരുന്നു. ഒരു മൂലയ്ക്ക് നിന്ന് സംസാരിക്കുന്ന ഇരുവരേയയും ഞാന്‍ കണ്ടു. അഞ്ചോ എട്ടോ മിനിറ്റ് കഴിഞ്ഞ് ഇരുവരും ഒരു ബെഞ്ചില്‍ ഇരുന്ന് സംസാരിച്ചു. അന്ന് ആദ്യമായി ജെയ്റ്റ്ലിയെ കാണാന്‍ വേണ്ടി മാത്രമാണ് അദ്ദേഹം പാര്‍ലമെന്റിലെത്തിയത്. ഞാന്‍ വെല്ലുവിളിക്കുകയാണ്. ഞാന്‍ പറഞ്ഞത് തെറ്റാണോ എന്ന് സിസിടിവി ദൃശ്യങ്ങളില്‍ നിങ്ങള്‍ക്ക് പരിശോധിക്കാം. ഞാന്‍ പറഞ്ഞത് തെറ്റാണെന്ന് തെളിയിച്ചാല്‍ രാജി വയ്ക്കാന്‍ തയ്യാറാണ്’, പൂനിയ വ്യക്തമാക്കി. ജെയ്റ്റ്ലിയുമായി കൂടിക്കാഴ്ച നടത്തിയെന്ന വിജയ് മല്യയുടെ പ്രസ്താവന രാജ്യത്ത് ആളിക്കത്തുന്നതിനിടയിലാണ് കോണ്‍ഗ്രസ് വിമര്‍ശനവുമായി രംഗത്തെത്തിയത്.
ജെയ്റ്റ്ലിയുമായി യാദൃച്ഛികമായാണ് കൂടിക്കാഴ്ച നടത്തിയതെന്ന് വിജയ് മല്യ വ്യക്തമാക്കിയിട്ടുണ്ട്. മുന്‍കൂട്ടി അനുമതി വാങ്ങിയില്ല. ജെയ്റ്റ്ലിയുമായി കൂടിക്കാഴ്ചയ്ക്ക് അനുമതിയില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ജെയ്റ്റ്ലിയെ കണ്ടപ്പോൾ ലണ്ടനിലേക്കു പോകുന്ന കാര്യം സൂചിപ്പിച്ചിരുന്നു. ബാങ്കുകളുമായുള്ള ഇടപാട് പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളും അദ്ദേഹത്തെ ബോധിപ്പിച്ചിരുന്നുവെന്നും മല്യ കൂട്ടിച്ചേർത്തു.
എന്നാൽ മല്യ പറയുന്നത് കളവാണെന്നും ഇത്തരമൊരു കൂടിക്കാഴ്ച നടന്നിട്ടില്ലെന്നും ജെയ്റ്റ്ലി അറിയിച്ചു. മല്യക്ക് കൂടികാഴ്ചയ്ക്ക് സമയം നൽകിയിട്ടില്ലെന്നും അദ്ദേഹത്തെ കണ്ടിട്ടില്ലെന്നും ജെയ്റ്റ്ലി കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. 9,000 കോടിയുടെ വായ്പാ തട്ടിപ്പ് നടത്തി രാജ്യം വിട്ട മല്യയുടെ പ്രസ്താവനയ്ക്കെതിരെ കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമിയും രംഗത്തെത്തിയിരുന്നു.