ന്യൂഡൽഹി: കൊറോണ വെെറസ് ബാധയെ (കോവിഡ് 19) ആഗോള മഹാമാരിയായി പ്രഖ്യാപിച്ച് ലോകാരോഗ്യസംഘടന (ഡബ്ല്യുഎച്ച്ഒ). 121 രാജ്യങ്ങളിലാണ് കോവിഡ്-19 ഇതുവരെ സ്ഥിരീകരിച്ചിരിക്കുന്നത്. കൊറോണ വെെറസ് ബാധയുടെ വ്യാപനം നിയന്ത്രണവിധേയമാകാത്ത സാഹചര്യത്തിലാണ് ലോകാരോഗ്യസംഘടന ഇതിനെ മഹാമാരിയായി പ്രഖ്യാപിച്ചത്. കൊറോണയെ നിയന്ത്രണവിധേയമാക്കാൻ സാധിക്കാത്തതിൽ ആശങ്കയുണ്ടെന്ന് ലോകാരാേഗ്യസംഘടന പറയുന്നു.

അത്യന്തം ആശങ്കാവഹമായ സാഹചര്യമാണ് ലോകത്തെന്നും അതീവ ജാഗ്രത പുലർത്തണമെന്നും ലോകാര്യോഗ്യസംഘടന വിലയിരുത്തി. ലോകം മുഴുവൻ വ്യാപിക്കുന്ന വെെറസ് ബാധയെയാണ് മഹാമാരികളുടെ ഗണത്തിൽ ഉൾപ്പെടുത്തുന്നത്. വൈറസ് വ്യാപനം തടയുന്നതിന് ഒരോ രാജ്യവും കര്‍ശന നിലപാട് സ്വീകരിക്കണമെന്നും ലോകാരോഗ്യസംഘടന പറയുന്നു.

Read Also: രജിത് കുമാർ ഇനി ബിഗ് ബോസ് വീട്ടിലില്ലേ? പെട്ടി പാക്ക് ചെയ്‌തു മറ്റ് മത്സരാർഥികൾ

ലോകമെമ്പാടുമായി 1,24,916 പേർക്കാണ് ഇതുവരെ കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. വെെറസ് ബാധമൂലം 4,585 പേർ മരിച്ചു. 52,281 പേർ ഇപ്പോഴും ചികിത്സയിലാണ്. ചെെനയിലാണ് ഏറ്റവും കൂടുതൽ ആളുകൾ മരിച്ചത്. 3,158 പേരാണ് ചെെനയിൽ മാത്രം മരിച്ചത്. 80,790 പേർക്കാണ് ചെെനയിൽ കൊറോണ ബാധിച്ചത്. ഇറ്റലിയിൽ 827 പേരും ഇറാനിൽ 354 പേരും മരിച്ചു. ഇന്ത്യയിൽ 62 പേർക്കാണ് കൊറോണ സ്ഥിരീകരിച്ചത്. മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്‌തിട്ടില്ല.

കൊറോണ വെെറസ് ബാധ ഭീതി പടർത്തുന്ന സാഹചര്യത്തിൽ അടിയന്തര പ്രതിരോധ നടപടിയെന്നോണം കുവെെറ്റ് രാജ്യത്ത് പൊതു അവധി പ്രഖ്യാപിച്ചു. മാർച്ച് 12 മുതൽ മാർച്ച് 26 വരെയാണ് പൊതു അവധി പ്രഖ്യാപിച്ചിരിക്കുന്നത്. റെസ്റ്റോറന്റുകളും മാളുകളും അടഞ്ഞു കിടക്കും. പൊതു സ്ഥലങ്ങളിൽ പോകുന്നതിനു ജനങ്ങൾക്ക് വിലക്കുണ്ട്. എല്ലാ രാജ്യങ്ങളിൽ നിന്നുമുള്ള വിമാന സർവീസുകൾ കുവെെറ്റ് നിർത്തലാക്കിയിട്ടുണ്ട്. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ രാജ്യത്ത് വിമാന സർവീസുകൾ ഉണ്ടാകില്ല. കൊമേഴ്‌സ്യൽ സർവീസുകളാണ് റദ്ദാക്കിയിരിക്കുന്നത്. കുവെെറ്റിൽ നിന്നും കുവെെറ്റിലേക്കും ഉള്ള സർവീസുകൾ റദ്ദാക്കിയിട്ടുണ്ട്. കാർഗോ സർവീസുകൾ പതിവുപോലെ ഉണ്ടാകും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook