ലണ്ടന്‍: മങ്കിപോക്സിനെ ആഗോള പകര്‍ച്ചവ്യാധിയായി പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന (ഡബ്ല്യു എച്ച് ഒ). എഴുപതിധികം രാജ്യങ്ങളിൽ രോഗം സ്ഥിരീകരിച്ച സാഹചര്യത്തിലാണു പ്രഖ്യാപനം.
എഴുപതിധികം രാജ്യങ്ങളിൽ മങ്കിപോക്സ് പടര്‍ന്നുപിടിക്കുന്ന അസാധാരണമായ സാഹചര്യം ആഗോള അടിയന്തരാവസ്ഥ എന്ന മാനദണ്ഡത്തിന് അര്ഹമാകുന്നതായി ഡബ്ല്യു എച്ച് ഒ വ്യക്തമാക്കി.
ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിക്കുക എന്നതിനര്‍ത്ഥം മങ്കിപോക്സ് പൊട്ടിപ്പുറപ്പെടുന്നത് അസാധാരണ സംഭവമാണ് എന്നും അത് കൂടുതല്‍ രാജ്യങ്ങളിലേക്ക് വ്യാപിക്കാനിടയുള്ളതും പ്രതിരോധിക്കാന്‍ ഏകോപിതമായ ആഗോള പ്രതികരണം ആവശ്യമാണെന്നതുമാണ്. പ്രഖ്യാപനം അപൂര്‍വ രോഗത്തെ പ്രതിരോധിക്കുന്നതില്‍ കൂടുതല്‍ നിക്ഷേപം നടത്താനും വാക്സിനുകള്‍ക്കായുള്ള ശ്രമം സജീവമാക്കാനും ഉപകരിക്കും.
ലോകമെമ്പാടും മങ്കിപോക്സ് പൊട്ടിപ്പുറപ്പെടുന്നത് ആഗോള അടിയന്തരാവസ്ഥയായി കണക്കാക്കിയിട്ടില്ലെന്നാണു കഴിഞ്ഞ മാസം ലോകാരോഗ്യ സംഘടനയുടെ വിദഗ്ധ സമിതി പറഞ്ഞത്. എന്നാല്‍ സ്ഥിതിഗതികള്‍ വീണ്ടും വിലയിരുത്താന്‍ പാനല്‍ ഈ ആഴ്ച യോഗം ചേര്‍ന്നിരുന്നു. തുടര്‍ന്നാണു പ്രഖ്യാപനമുണ്ടായത്.
പതിറ്റാണ്ടുകളായി മധ്യ, പടിഞ്ഞാറന്‍ ആഫ്രിക്കയുടെ ചില ഭാഗങ്ങളില്‍ മങ്കിപോക്സ് സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് ആഗോളതലത്തില്‍ വ്യാപിക്കുന്നത്. യൂറോപ്പ് വടക്കേ അമേരിക്ക ഉള്‍പ്പെടെയുള്ള ഇടങ്ങളില്‍ ഡസന്‍ കണക്കിനു കേസുകള്‍ മേയ് വരെ മങ്കിപോക്സ് ആളുകള്‍ക്കിടയില്‍ ഇത്ര വ്യാപകമായി പടരുമെന്ന് ആരോഗ്യസംവിധാനങ്ങള്‍ക്ക് അറിവുണ്ടായിരുന്നില്ല.
കോവിഡ് മഹാമാരി, 2014-ലെ പശ്ചിമാഫ്രിക്കന്‍ എബോള പൊട്ടിപ്പുറപ്പെടല്‍, 2016-ല്‍ ലാറ്റിനമേരിക്കയില്‍ പൊട്ടിപ്പുറപ്പെട്ട സിക വൈറസ്, പോളിയോ നിര്‍മാര്‍ജനം ചെയ്യാനുള്ള ശ്രമങ്ങള്‍ തുടങ്ങിയ പൊതുജനാരോഗ്യ പ്രതിസന്ധികള്‍ക്കു ഡബ്ല്യു എച്ച് ഒ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. ഇത്തരമൊരു ഒരു പൊട്ടിപ്പുറപ്പെടലിലേക്കു കൂടുതല്‍ ആഗോള വിഭവങ്ങളും ശ്രദ്ധയും ആകര്‍ഷിക്കുന്നതിനുള്ള അഭ്യര്‍ത്ഥനയാണ് അടിയന്തരവസ്ഥാ പ്രഖ്യാപനം.
മുന്‍കാല പ്രഖ്യാപനങ്ങള്‍ സമ്മിശ്ര സ്വാധീനമാണു ചെലുത്തിയത്. പ്രവര്‍ത്തിക്കാന്‍ രാജ്യങ്ങളെ പ്രേരിപ്പിക്കുന്ന കാര്യത്തില്‍ ഡബ്ല്യു എച്ച് ഒയ്ക്കു വലിയ ശക്തിയില്ല.
യുഎസ് സെന്റേഴ്സ് ഫോര്‍ ഡിസീസ് കണ്ട്രോള് ആന്‍ഡ് പ്രിവന്‍ഷന്റെ കണക്കനുസരിച്ച്, മേയ് മുതല്‍ 74 രാജ്യങ്ങളിലായി പതിനാറായിരത്തിലധികം മങ്കിപോക്സ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ഇതുവരെ ആഫ്രിക്കയില്‍ മാത്രമാണു മങ്കിപോക്സ് മരണങ്ങള് റിപ്പോര്‍ട്ട് ചെയ്തത്. വൈറസിന്റെ കൂടുതല്‍ അപകടകരമായ കൈവകഭേദമാണ്് അവിടെ വ്യാപിക്കുന്നത്. പ്രത്യേകിച്ച് നൈജീരിയയിലും കോംഗോയിലും. എലി പോലുള്ള വന്യജീവികളില്നിന്നാണു ആഫ്രിക്കയില്‍ ആളുകളിലേക്കു പ്രധാനമായും മങ്കിപോക്സ് പടരുന്നത്. അതേസമയം, യൂറോപ്പിലും വടക്കേ അമേരിക്കയിലും ഉള്‍പ്പെടെ മൃഗങ്ങളുമായി ബന്ധമില്ലാത്തവരിലും ആഫ്രിക്കയിലേക്കുള്ള സമീപകാലത്ത് യാത്ര ചെയ്യാത്തവര്‍ക്കിടയിലും മങ്കിപോക്സ് പടരുകയാണ്.
ആഫ്രിക്കയ്ക്കു പുറത്തുള്ള മങ്കിപോക്സ് കേസുകളില്‍ 99 ശതമാനവം പുരുഷന്മാരിലാണെന്നും അതില്‍ 98 ശതമാനവും സ്വവര്‍ഗ ലൈംഗികതക്കാരിലുമാണെന്നാണ് ലോകാരോഗ്യ സംഘടനയുടെ പ്രധാന മങ്കിപോക്സ് വിദഗ്ധന്‍ ഡോ. റോസമണ്ട് ലൂയിസ് അടുത്തിടെ പറഞ്ഞത്. യൂറോപ്പിലും വടക്കേ അമേരിക്കയിലും മങ്കിപോക്സ് പൊട്ടിപ്പുറപ്പെട്ടതു ബെല്‍ജിയത്തിലെയും സ്പെയിനിലെയും രണ്ട് റേവുകളിലെ ലൈംഗിക ബന്ധത്തിലൂടെയാണെന്നാണു വിദഗ്ധര്‍ സംശയിക്കുന്നത്.
കേരളത്തിൽ ഇതുവരെ മൂന്നു പേർക്കാണു മങ്കിപോക്സ് സ്ഥിരീകരിച്ചത്. കൊല്ലം, കണ്ണൂർ, മലപ്പുറം സ്വദേശികൾക്കാണു രോഗം സ്ഥിരീകരിച്ചത്. മൂവരും യു എ ഇയിൽനിന്ന് എത്തിയവരാണ്.