ജനീവ: ചൈനയിലെ വുഹാനിൽ നിന്ന് ഉത്ഭവിച്ച കൊറോണ വൈറസ് വ്യാപകമായി പടരുന്ന സാഹചര്യത്തിൽ ലോകാരോഗ്യ സംഘടന(ഡബ്ല്യൂഎച്ച്ഒ) ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. വ്യാഴാഴ്ച മാത്രം ഒരു ഡസനിലധികം രാജ്യങ്ങളിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഈ സാഹചര്യത്തിലാണ് ലോകാരോഗ്യ സംഘടന നടപടി കൈക്കൊണ്ടത്.

മറ്റ് രാജ്യങ്ങളെ കൂടി ബാധിക്കുന്ന അസാധാരണ സംഭവങ്ങൾ ഉണ്ടാകുന്ന സാഹചര്യത്തിലാണ് ലോകാരോഗ്യ സംഘടന ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത്. നേരത്തേ എബോള വൈറസ് പടർന്നു പിടിച്ച സാഹചര്യത്തിലായിരുന്നു ഇത്. ചൈനയ്ക്കു പുറത്തേയ്ക്കും വൈറസ് ബാധ വ്യാപിക്കുന്ന പശ്ചാത്തലത്തിലാണ് നടപടിയെന്ന് ലോകാരോഗ്യ സംഘടന തലവന്‍ ടഡ്രോസ് അദാനം ഗബ്രിയേസസ് ജനീവയില്‍ പറഞ്ഞു.

Read More: കൊറോണ ബാധിച്ച മലയാളി വിദ്യാർഥിനിയുടെ ആരോഗ്യനില മെച്ചപ്പെട്ടു

ചൈനയിലെ അവസ്ഥ എന്ത് എന്നതിനേക്കാള്‍ മറ്റു രാജ്യങ്ങളിലേയ്ക്ക് വൈറസ് ബാധ പടരുന്നു എന്ന വസ്തുതയാണ് പ്രധാനമെന്ന് അദ്ദേഹം പറഞ്ഞു. വൈറസ് ബാധ നിയന്ത്രിക്കാന്‍ ചൈന ആവശ്യമായ നടപടികള്‍ കൈക്കൊണ്ടുവരുന്നുണ്ട്. എന്നാല്‍, ദുര്‍ബലമായ ആരോഗ്യ സംവിധാനങ്ങള്‍ നിലനില്‍ക്കുന്ന രാജ്യങ്ങളിലേയ്ക്ക് വൈറസ് പടരുന്നത് സ്ഥിതി കൂടുതല്‍ സങ്കീര്‍ണമാക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഡിസംബർ അവസാനത്തോടെയാണ് കൊറോണ വൈറസ് ബാധയെ കുറിച്ച് ചൈന ലോകാരോഗ്യ സംഘടനയെ അറിയിക്കുന്നത്. ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട് പ്രകാരം ലോകത്തൊട്ടാകെ 7818 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. ഇതിൽ 7736 കേസുകളും ചൈനയിൽ തന്നെയാണ്. വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 213 ആയി എന്ന് റിപ്പോർട്ടുകളുണ്ടെങ്കിലും ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം മരണ സംഖ്യ 170 ആണ്. ചൈനയ്ക്ക് പുറത്ത് മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

മറ്റ് പതിനെട്ട് രാജ്യങ്ങളിൽ കൂടി കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ചൈനയിലെ ആളുകൾക്കിടയിൽ വൈറസ് പടരുന്നതിന് കാര്യമായ തെളിവുകളുണ്ടെന്നും അമേരിക്ക, ഫ്രാൻസ്, ജപ്പാൻ, ജർമ്മനി, കാനഡ, വിയറ്റ്നാം എന്നിവയുൾപ്പെടെ മറ്റു രാജ്യങ്ങളിലും നിരവധി സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും വിദഗ്ദ്ധർ പറയുന്നു.

Read More: കൊറോണയെ നേരിടാം ഒറ്റക്കെട്ടായി; ശ്രദ്ധിക്കണം ഈ ലക്ഷണങ്ങൾ

വൈറസ് ബാധിച്ച ഒരു രോഗിയുമായി സമ്പർക്കം പുലർത്തിയതിനെ തുടർന്ന് ഫ്രാൻസിലെ ഒരു ഡോക്ടർക്ക് രോഗം വന്നതായി റിപ്പോർട്ട് ഉണ്ട്. ഡോക്ടർ ഇപ്പോൾ ഒരു പാരീസ് ആശുപത്രിയിലെ ഐസലേഷൻ വാർഡിൽ ചികിത്സയിലാണ്. രോഗികളിൽ നിന്ന് ആരോഗ്യ പ്രവർത്തകരിലേക്ക് വൈറസുകൾ പടരുന്നത് ഇത് മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് പടരുന്ന വൈറസാണെന്നതിന്റെ ഏറ്റവും വലിയ തെളിവാണെന്നും അതുകൊണ്ടു തന്നെ സാഹചര്യം തീർത്തും കഠിനമാണെന്നും ആരോഗ്യ വിദഗ്ദർ പറയുന്നു.

ഇന്ത്യ, ഫിൻലാൻഡ്, ഫിലിപ്പീൻസ് എന്നീ രാജ്യങ്ങളിലാണ് പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇന്ത്യയിലെ ആദ്യ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത് കേരളത്തിലാണ്. ചൈനയിൽ നിന്നെത്തിയ മലയാളി വിദ്യാർഥിനി തൃശൂരിലെ ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. വിദ്യാർഥിനിയുടെ നില മെച്ചപ്പെട്ട് വരുന്നതായി ആരോഗ്യവകുപ്പ് അറിയിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook