ന്യൂഡല്‍ഹി: ഇന്ത്യയിലും സിക വൈറസിന്റെ സാന്നിധ്യം സ്ഥിരീകരിച്ചു. ലോകാരോഗ്യ സംഘടനയാണ് ഇന്ത്യയില്‍ മൂന്ന് പേരില്‍ സിക വൈറസ് ബാധ ഉള്ളതായി സ്ഥിരീകരണം നടത്തിയത്. അഹമ്മദാബാദില്‍ നിന്നുള്ള ഒരു ഗര്‍ഭിണി ഉള്‍പ്പെടെയുള്ളവരിലാണ് സിക വൈറസ് കണ്ടെത്തിയത്.

ബാപ്പു നഗര്‍, അഹമ്മദാബാദ് ജില്ല, ഗുജറാത്ത് എന്നിവിടങ്ങളില്‍ നിന്നുള്ള മൂന്ന് പേരിലാണ് സിക വൈറസ് കണ്ടെത്തിയതെന്ന് ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തെ ഉദ്ദരിച്ച് ലോകാരോഗ്യസംഘടനയുടെ വൈബ്സൈറ്റില്‍ വ്യക്തമാക്കുന്നു. മൂന്ന് ലബോറട്ടറികളില്‍ നടത്തിയ പരിശോധനാഫലങ്ങളിലാണ് സിക വൈറസ് കണ്ടെത്തിയത്.

അഹമ്മദാബാദിലേയും ഗുജറാത്തിലേയും ലാബുകളില്‍ നടത്തിയ ആര്‍ടി-പിസിആര്‍ ടെസ്റ്റുകളിലൂടെയാണ് വൈറസ് സ്ഥിരീകരിച്ചത്. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയില്‍ നടത്തിയ പരിശോധനകളിലാണ് കൂടുതല്‍ സ്ഥിരീകരണം ഉണ്ടായതെന്നും റിപ്പോര്‍ട്ടുണ്ട്.

സിക പനി ഏറ്റവും പ്രശ്‌നം സൃഷ്ടിക്കുന്നത് ഗര്‍ഭിണികളിലാണ്. അവരില്‍ ഗര്‍ഭസ്ഥശിശുക്കളുടെ തല അസാമാന്യമായ രീതിയില്‍ ചുരുങ്ങുകയും കുട്ടികളില്‍ നാഡീവ്യവസ്ഥയ്ക്ക് തകരാറ് സംഭവിക്കുകയും ജനിതകവൈകല്യങ്ങളുണ്ടാവുകയും ചെയ്യുന്നു. ശിശുക്കള്‍ ഗര്‍ഭസ്ഥാവസ്ഥയിലിരിക്കുമ്പോള്‍ തലവീക്കം സംഭവിക്കുകയും തലച്ചോറിന്റെ വളര്‍ച്ച മുരടിക്കുകയും ജനിക്കുമ്പോള്‍ നവജാതശിശുക്കളുടെ തലയോട്ടിക്ക് അസാധാരണമായി വലിപ്പക്കുറവ് ഉണ്ടാവുകയും ചെയ്യുന്നു.

സിക പനി ബാധിച്ച അമ്മമാര്‍ പ്രസവിയ്ക്കുന്ന കുഞ്ഞുങ്ങളുടെ തലയ്ക്ക് മിക്കവാറും 32 സെന്റീമീറ്ററില്‍ താഴെ ചുറ്റളവേ കാണൂ. ഇത്തരം കുഞ്ഞുങ്ങളുടെ തലച്ചോറിന്റെ പ്രവര്‍ത്തനം തകരാറിലുമായിരിക്കും. ബ്രസീലില്‍ പൊട്ടിപ്പുറപ്പെട്ട സിക വൈറസ് ഇന്ത്യയിലും സ്ഥിരീകരിച്ചത് ആശങ്കയുളവാക്കുന്നതാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook