ന്യൂഡെല്‍ഹി: ഇടതുപക്ഷം ഇന്ത്യാ- ചൈന യുദ്ധത്തില്‍ ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടതിനെ ആഘോഷിച്ചവരാണെന്നുമുള്ള കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജുവിന്റെ പരാമര്‍ശത്തിനെതിരെ സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. മഹാത്മാ ഗാന്ധി കൊല്ലപ്പെട്ടപ്പോള്‍ ആരാണ് ആഘോഷിച്ചത് എന്നായിരുന്നു യെച്ചൂരിയുടെ ചോദ്യം. ഗുര്‍മെഹര്‍ കൗറിനെ മുന്‍നിര്‍ത്തി വിവാദങ്ങള്‍ ഉണ്ടാക്കുകയാണ് ഇടതുപക്ഷം ചെയ്യുന്നതെന്ന് പറഞ്ഞായിരുന്നു കിരണ്‍ റിജ്ജു നേരത്തേ രംഗത്ത് വന്നത്.

ഗാന്ധി കൊല്ലപ്പെട്ടപ്പോള്‍ ആർ.എസ്.എസുകാര്‍ മധുരപലഹാരം നല്‍കി ആഘോഷിച്ചത്​ അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന സര്‍ദാര്‍ വല്ലഭായി പട്ടേല്‍ ആർ.എസ്.എസ് തലവൻ ഗോള്‍വള്‍ക്കറിനോട് പറഞ്ഞത്​ ചൂണ്ടിക്കാട്ടിയായിരുന്നു യെച്ചൂരി ട്വീറ്റ് ചെയ്തത്.

നിയമം നടപ്പിലാക്കുമെന്ന് ഭരണഘടന തൊട്ട് സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയവര്‍ ഗുർമെഹറിനെ ഭീഷണിപ്പെടുത്തുന്നവരെ പിന്തുണക്കുകയാണെന്നും യെച്ചൂരി പറഞ്ഞു. സംഘപരിവാര്‍ ആക്രമണത്തെ ചെറുുത്ത് നില്‍ക്കുന്ന ഗുര്‍മെഹര്‍ പിതാവിനെ പോലെ ധീരയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പിതാവിനെപ്പോലെ ഗു​ർമെഹറും ധീരയാണ്​ എന്ന സൂചനയാണെന്നും യെച്ചൂരി ട്വീറ്റ്​ ചെയ്​തു. സംഘപരിവാറിനുള്ള ആയുധം ആക്രമണം മാത്രമാണ്. സംവാദം കൊണ്ട തോല്‍പ്പിക്കാനാവാത്തവരെ അവര്‍ ആക്രമിച്ച് തോല്‍പ്പിക്കാന്‍ ശ്രമിക്കുന്നു. സ്വന്തം നിലപാടുകള്‍ ആര്‍ക്കും പാടില്ലെന്ന തരത്തിലാണ് സംഘപരിവാറിന്റെ അതിക്രമമെന്നു യെച്ചൂരി കൂട്ടിച്ചേര്‍ത്തു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ