ന്യൂഡല്‍ഹി: ഇന്ത്യയിൽ നിർമ്മിച്ച ചുമ സിറപ്പിനെതിരെ വീണ്ടും മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ). മാർഷൽ ദ്വീപുകളിലും മൈക്രോനേഷ്യയിലും വിൽക്കുന്ന ചുമ സിറപ്പ് ഗുണനിലവാരമില്ലെന്നാണ് സംഘടനയുടെ കണ്ടെത്തല്‍. കഴിഞ്ഞ ഏഴ് മാസത്തിനുള്ളില്‍ ഡബ്ല്യുഎച്ച്ഒയുടെ മുന്നറിയിപ്പ് ലഭിക്കുന്ന മൂന്നാമത്തെ ഇന്ത്യന്‍ നിര്‍മ്മിത ചുമ സിറപ്പാണിത്. നേരത്തെ ഗാംബിയ, ഉസ്ബെക്കിസ്ഥാന്‍ എന്നിവിടങ്ങളില്‍ വില്‍ക്കുന്ന ചുമ സിറപ്പാണ് ഗുണനിലവാരം ഇല്ലെന്ന് കണ്ടെത്തിയത്.
ചുമയ്ക്കും കഫക്കെട്ടിനും ഉപയോഗിക്കുന്ന ഗൈഫെനെസിൻ എന്ന സിറപ്പിൽ “ഉയര്‍ന്ന അളവില്‍ ഡൈതലീൻ ഗ്ലൈക്കോളും എഥിലീൻ ഗ്ലൈക്കോളും” അടങ്ങിയതായി ഓസ്‌ട്രേലിയയിലെ തെറപ്പ്യൂട്ടിക് ഗുഡ്‌സ് അഡ്മിനിസ്‌ട്രേഷന്റെ ഗുണനിലവാര നിയന്ത്രണ ലാബുകൾ കണ്ടെത്തിയതായി മുന്നറിയിപ്പില്‍ പറയുന്നു. ഗാംബിയയിൽ 70 കുട്ടികളും ഉസ്ബെക്കിസ്ഥാനിൽ 18 കുട്ടികളും വൃക്ക തകരാറിനെ തുടർന്ന് മരിച്ച സംഭവവുമായി ബന്ധപ്പെട്ട് സിറപ്പുകളിൽ കണ്ടെത്തിയതും ഇവയായിരുന്നു.
ഇത്തരം സിറപ്പുകള്‍ ഉപയോഗിക്കരുതെന്നും മുന്നറിയിപ്പില്‍ പറയുന്നു. മരുന്നുകളുടെ നിരീക്ഷണം കൂടുതല്‍ ശക്തമാക്കാനും ഉത്തരവാദിത്തപ്പെട്ട വകുപ്പുകള്‍ക്ക് നിര്‍ദേശവും നല്‍കിയിട്ടുണ്ട്. സിറപ്പുകളിൽ ഉപയോഗിക്കുന്ന അസംസ്‌കൃത വസ്തുക്കളായ പ്രൊപിലീൻ ഗ്ലൈക്കോൾ, സോർബിറ്റോൾ, ഗ്ലിസറിൻ/ഗ്ലിസറോൾ തുടങ്ങിയവ കൃത്യമായി പരിശോധിക്കാനും നിർമ്മാതാക്കള്‍ക്ക് നിര്‍ദേശമുണ്ട്.
ഇത്തരം പദാര്‍ത്ഥങ്ങള്‍ ശരീര വേദന, ഛര്‍ദ്ദി, തലവേദന, മൂത്രമൊഴിക്കുന്നതില്‍ തടസം, വൃക്ക സംബന്ധമായ രോഗങ്ങള്‍ എന്നിവയ്ക്ക് കാരണമാകുമെന്നാണ് വിലയിരുത്തല്‍. 2023 ഒക്ടോബര്‍ വരെ ഉപയോഗിക്കാന്‍ കഴിയുന്ന ഒരു ബാച്ച് മരുന്നുകളാണ് ഗുണനിലവാരം ഇല്ലെന്ന് കണ്ടെത്തിയത്. ഇത് സംബന്ധിച്ച് ഡബ്ല്യുഎച്ച്ഒയ്ക്ക് റിപ്പോര്‍ട്ട് ലഭിക്കുന്നത് ഏപ്രില്‍ ആറിനാണ്.
പഞ്ചാബ് ആസ്ഥാനമായുള്ള ക്യുപി ഫാർമചെം ലിമിറ്റഡ് നിർമ്മിക്കുകയും ഹരിയാന ആസ്ഥാനമായുള്ള ട്രില്ലിയം ഫാർമ വിപണനം ചെയ്യുകയും ചെയ്യുന്ന ചുമ സിറപ്പാണിത്. നിർമ്മാതാക്കളോ വിപണനക്കാരോ ഈ ഉൽപ്പന്നങ്ങളുടെ സുരക്ഷയെയും ഗുണനിലവാരത്തെയും കുറിച്ച് ലോകാരോഗ്യ സംഘടനയ്ക്ക് ഗ്യാരണ്ടി നൽകിയിട്ടില്ലെന്നും ഡബ്ല്യുഎച്ച്ഒയുടെ മുന്നറിയിപ്പില്‍ പറയുന്നു.