/indian-express-malayalam/media/media_files/uploads/2022/10/Cough-syrup.jpg)
പ്രതീകാത്മക ചിത്രം
ന്യൂഡല്‍ഹി: ഗാംബിയയില്‍ 66 കുട്ടികളുടെ മരണത്തില്‍ ആരോപണവിധേയമായ ഹരിയാനയിലെ സോനിപത്ത് ആസ്ഥാനമായുള്ള കമ്പനിയുടെ നാല് ചുമ സിറപ്പുകളുടെ സാമ്പിളുകള്‍ പരിശോധനയ്ക്കയച്ച് ഹരിയാന സര്‍ക്കാര്‍. സാമ്പിളുകള്‍ കൊല്‍ക്കത്തയിലെ സെന്‍ട്രല്‍ ഡ്രഗ്സ് ലബോറട്ടറി(സി ഡി എല്‍)യിലേക്ക് അയച്ചതായി സംസ്ഥാന ആരോഗ്യ മന്ത്രി അനില്‍ വിജ് അറിയിച്ചു.
ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ (ഡി സി ജി എ), ഹരിയാന ഫുഡ് ആന്‍ഡ് ഡ്രഗ്സ് അഡ്മിനിസ്ട്രേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് എന്നിവയുടെ ഒരു സംഘം സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്കായി കൊല്‍ക്കത്ത സി ഡി എല്ലിലേക്ക് അയച്ചു,''വിജ് പറഞ്ഞു.
പശ്ചിമാഫ്രിക്കന്‍ രാജ്യമായ ഗാംബിയയില്‍ 66 കുട്ടികള്‍ മരിച്ച സാഹചര്യത്തില്‍ പനി, ജലദോഷം ചുമ എന്നിവയ്‌ക്കെതിരെ സോനിപത്ത് ആസ്ഥാനമായുള്ള മെയ്ഡന്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് നിര്‍മിച്ച നാല് സിറപ്പുകള്‍ക്കെതിരെ ലോകാരോഗ്യ സംഘടന(ഡബ്ല്യു എച്ച് ഒ) ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിരുന്നു. വിഷമയമായ രാസവസ്തുക്കള്‍ കലര്‍ന്നതും ഗുണനിലവാരമില്ലാത്തതുമായ ഈ സിറപ്പുകളായിരിക്കാം കുട്ടികളുടെ മരണത്തിനു കാരണമെന്നാണു ജാഗ്രതാ നിര്‍ദേശത്തില്‍ പറയുന്നത്.
പ്രോമെതസൈന്‍ ഓറല്‍ സൊല്യൂഷന്‍, കോഫെക്സ്മാലിന്‍ ബേബി കഫ് സിറപ്പ്, മാകോഫ് ബേബി കഫ് സിറപ്പ്, മാഗ്രിപ്പ് എന്‍ കോള്‍ഡ് സിറപ്പ് എന്നീ സിറപ്പുകള്‍ക്കെതിരെയാണു ഡബ്ല്യു എച്ച് ഒ മുന്നറിയിപ്പ് നല്‍കിയത്. നാല് മരുന്നുകളിലും അസ്വീകാര്യമായ അളവില്‍ ഡൈത്തിലീന്‍ ഗ്ലൈക്കോളിന്റെയും എഥിലീന്‍ ഗ്ലൈക്കോളിന്റെയും സാന്നിധ്യം സാമ്പിളുകളുടെ ലബോറട്ടറി വിശകലനം സ്ഥിരീകരിച്ചതായി മുന്നറിയിപ്പില്‍ പറയുന്നു.
ഡൈത്തിലീന്‍ ഗ്ലൈക്കോളും എഥിലീന്‍ ഗ്ലൈക്കോളും കഴിക്കുമ്പോള്‍ മനുഷ്യശരീരത്തില്‍ വിഷാംശമുണ്ടാക്കുന്നു. ഇതു വയറുവേദന, ഛര്‍ദ്ദി, വയറിളക്കം, മൂത്രമൊഴിക്കാനുള്ള കഴിവില്ലായ്മ, തലവേദന, മാനസികാവസ്ഥയിലെ മാറ്റം, മരണത്തിലേക്കു നയിച്ചേക്കാവുന്ന ഗുരുതരമായ വൃക്ക തകരാറുകള്‍ എന്നിവയ്ക്കു കാരണമായേക്കാം.
ഈ മരുന്നുകള്‍ ഉപയോഗിക്കരുതെന്നു നിര്‍ദേശം നല്‍കിയ ഡബ്ല്യു എച്ച് ഒ, വിഷയത്തില്‍ മരുന്ന് നിര്‍മാണ കമ്പനിയുമായും ഡി സി ജി എയുമായും ബന്ധപ്പെട്ടു കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്ന് അറിയിച്ചിരുന്നു. സംഭവത്തില്‍ ഡി സി ജി ഐ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കേന്ദ്ര ഫാര്‍മസ്യൂട്ടിക്കല്‍സ് വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ഹരിയാന ആരോഗ്യ വകുപ്പിന്റെ ചുമതലയുള്ള അഡീഷണല്‍ ചീഫ് സെക്രട്ടറിയുമായി സംസാരിച്ചതായി അനില്‍ വിജ് പറഞ്ഞു.
''കമ്പനി നിര്‍മിക്കുന്ന ചുമ സിറപ്പുകള്‍ കയറ്റുമതിക്ക് അനുമതി ലഭിച്ചവയാണ്. ഇതു രാജ്യത്ത് വില്‍പ്പനയ്ക്കു ലഭ്യമല്ല. സി ഡി എല്‍ റിപ്പോര്‍ട്ട് വരുന്ന മുറയ്ക്കു നടപടി സംബന്ധിച്ച് തീരുമാനമെടുക്കും. ഗാംബിയയില്‍ സംഭവിച്ച മരണങ്ങള്‍ ഈ മരുന്നുകള്‍ കൊണ്ടാണോ അതോ മറ്റെന്തെങ്കിലും കാരണത്താലാണോയെന്നതില്‍ റിപ്പോര്‍ട്ട് വന്നശേഷം നമുക്ക് എന്തെങ്കിലും നിഗമനത്തിലെത്താം,''അനില്‍ വിജ് പറഞ്ഞു.
വിഷയം കേന്ദ്രസര്‍ക്കാര്‍ പരിശോധിച്ചുവരികയാണെന്ന് മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍ വാര്‍ത്താ സമ്മേളനത്തില്‍ ഒരു ചോദ്യത്തിനു മറുപടിയായി പറഞ്ഞു.
അതേസമയം, മരുന്ന് നിര്‍മാണ കമ്പനി ഇതുവരെയും വിഷയത്തില്‍ പ്രതികരണം നടത്തിയിട്ടില്ല. എന്നാല്‍, കമ്പനി 30 വര്‍ഷത്തിലേറെയായി മരുന്നുകള്‍ നിര്‍മിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്നുണ്ടെന്ന് മെയ്ഡന്‍ ഫാര്‍മസ്യൂട്ടിക്കല്‍ ലിമിറ്റഡ് വെബ്സൈറ്റില്‍ പറയുന്നു. വിശ്വസനീയവും ഉയര്‍ന്ന നിലവാരമുള്ളതുമായ ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്ന കമ്പനിയ്ക്ക് ഐ എസ് ഒ 9001:2000, ഡബ്ല്യു എച്ച് ഒ ജിഎംപി സര്‍ട്ടിഫിക്കറ്റ് പലഭിച്ചിട്ടുണ്ടെന്നും വെബ്സൈറ്റില്‍ പറയുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.