ന്യൂഡല്‍ഹി: ബോളിവുഡ് നടി സോനം കപൂറും ആനന്ദ് അഹൂജയും തമ്മിലുളള വിവാഹത്തിന് പിറകെയാണ് നമ്മള്‍. ഇതേ സമയത്താണ് ഡല്‍ഹിയിലെ മൃഗശാലയില്‍ രണ്ട് കടുവകള്‍ ‘താലികെട്ടിയത്’. മഞ്ഞ വരയുളള ബംഗാള്‍ കടുവയേയും വെളളക്കടുവയേയും തമ്മില്‍ ഇണ ചേര്‍ത്ത് ആരോഗ്യമുളള മിശ്ര ഇനത്തെ ഉണ്ടാക്കാനാണ് ശ്രമമെന്ന് മൃഗശാലാ അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.
മൂന്ന് വയസുളള ബംഗാളി കടുവയായ കരണിനേയും, മൂന്ന് വയസ് പ്രായമുളള വെളളക്കടുവയായ നിര്‍ഭയയേും കഴിഞ്ഞ ദിവസമാണ് ഒരേ കൂട്ടിലേക്ക് മാറ്റിയത്. ഇരുവരും തമ്മില്‍ ഒരു പ്രത്യേക കെമിസ്ട്രി ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് നടപടിയെന്നാണ് റിപ്പോര്‍ട്ടുകള്‍. രണ്ട് ദിവസം മുമ്പാണ് ഇരുവരേയും മൃഗശാലാ അധികൃതര്‍ പരസ്‌പരം പരിചയപ്പെടുത്തിയത്. ഇരു കടുവകളും പരസ്‌പരം പോരടിക്കുമോ എന്ന് നോക്കാനായിരുന്നു ശ്രമം. എന്നാല്‍ ഇരുവരും സ്നേഹത്തോടെയാണ് പെരുമാറിയതെന്ന് അധികൃതര്‍ വ്യക്തമാക്കി. മൂന്ന് പതിറ്റാണ്ടിനിടെ ഇത് ആദ്യമായാണ് രണ്ട് ഇനത്തിലുളള കടുവകളെ ഡല്‍ഹി മൃഗശാലയില്‍ ഇണ ചേര്‍ക്കുന്നത്.
രണ്ട് ദിവസം ഒരേ കൂട്ടിലടച്ചപ്പോള്‍ 15 തവണയാണ് ഇരു കടുവകളും ഇണ ചേര്‍ന്നതെന്ന് ഡല്‍ഹി മൃഗശാലയിലെ ഡോക്ടര്‍ രേണു സിങ് പറഞ്ഞു. തങ്ങളുടെ പരീക്ഷണം വിജയിച്ചതായും കൂടുതല്‍ കരുതല്‍ ഇവയുടെ കാര്യത്തില്‍ നല്‍കുമെന്നും ഡോക്ടര്‍ വ്യക്തമാക്കി. എന്നാല്‍ ഇവയെ അടുത്ത് തന്നെ രണ്ട് കൂടുകളിലേക്ക് മാറ്റി താമസിപ്പിക്കും.