ന്യൂയോർക്ക്: ഏകദേശം മൂന്നാഴ്ച മുൻപാണ് അമേരിക്കന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രസിഡന്റ് രാം നാഥ് കോവിന്ദ്, പ്രധാനമന്ത്രിയുടെ ഓഫീസ് (പി‌എം‌ഒ) എന്നിവരെ ട്വിറ്ററിൽ ഫോളോ ചെയ്ത് തുടങ്ങിയത്. എന്നാലിപ്പോള്‍ മോദിയുടേതുൾപ്പെടെ എല്ലാ ഹാൻഡിലുകളും വൈറ്റ് ഹൗസ് അൺഫോളോ ചെയ്തു.

ഏപ്രിൽ 10 നാണ് വൈറ്റ് ഹൗസ് പ്രധാനമന്ത്രി മോദിയുടെ വ്യക്തിഗത ട്വിറ്റർ ഹാൻഡിൽ, ഓഫീസ് (പി‌എം‌ഒ), പ്രസിഡന്റ് രാം നാഥ് കോവിന്ദ് എന്നിവ ഫോളോ ചെയ്യാൻ തുടങ്ങിയത്. ഇതോടെ പ്രധാനമന്ത്രി മോദിയും പ്രസിഡന്റ് കോവിന്ദും ട്വിറ്ററിൽ വൈറ്റ് ഹൗസ് ഫോളോ ചെയ്യുന്ന ഏക ലോക നേതാക്കളായി.

Read More: കോവിഡ് വ്യാപനം എല്ലാ വർഷവും നടന്നേക്കാമെന്ന് ചൈനീസ് ശാസ്ത്രജ്ഞർ

നേരത്തെ കോവിഡ് ചികിത്സയ്ക്കായുള്ള ഹൈഡ്രോക്‌സിക്ലോറോക്വിന്‍ ഗുളികകള്‍ നല്‍കണമെന്ന ട്രംപിന്റെ ആവശ്യം പരിഗണിച്ച് ഇന്ത്യ കയറ്റുമതി നിയന്ത്രണത്തില്‍ ഇളവ് കൊണ്ടുവന്നതിന് പിന്നാലെയാണ് വൈറ്റ് ഹൗസ് മോദിയെ ഫോളോ ചെയ്യുന്നുവെന്ന വാര്‍ത്തകള്‍ വന്നത്.

ഏപ്രില്‍ 12 നാണ് മോദിയെ വൈറ്റ് ഹൗസ് ഫോളോ ചെയ്യുന്നുവെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. എന്നാൽ ഇപ്പോള്‍ വൈറ്റ് ഹൗസ് ഫോളോ ചെയ്യുന്നവരുടെ എണ്ണം 19ല്‍ നിന്ന് 13 ആയി കുറഞ്ഞിട്ടുണ്ട്. ഇന്ത്യയിലെ അമേരിക്കന്‍ എംബസിയേയും, അമേരിക്കയിലെ ഇന്ത്യന്‍ എംബസിയെയും വൈറ്റ് ഹൗസ് ഫോളോ ചെയ്തിരുന്നു. ഈ അക്കൗണ്ടുകളെയും ഇപ്പോള്‍ അണ്‍ഫോളോ ചെയ്തിരിക്കുന്നതായാണ് കാണുന്നത്.

മോദിയെ വൈറ്റ് ഹൗസ് ഫോളോ ചെയ്യാൻ തുടങ്ങിയപ്പോൾ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും മോദിയും തമ്മില്‍ വളരുന്ന സൗഹൃദത്തിന്റെ സൂചനയായാണ് പലരും ഇതിനെ കണ്ടത്. എന്നാൽ അതിനിപ്പോൾ തിരിച്ചടിയേറ്റിരിക്കുകയാണ്.

കഴിഞ്ഞ ദിവസം രാജ്യാന്തര മതസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട് അമേരിക്കന്‍ കമ്മീഷന്‍ ഇന്ത്യയ്‌ക്കെതിരെ റിപ്പോര്‍ട്ട് പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെ ചൊവ്വാഴ്ച രാത്രിയോടെയാണ് ഇന്ത്യയുമായി ബന്ധപ്പെട്ട എല്ലാ ട്വിറ്റര്‍ അക്കൗണ്ടുകളെയും വൈറ്റ് ഹൗസ് അണ്‍ഫോളോ ചെയ്തത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook